കണ്ണൂർ: രാജ്യാന്തര കന്പനിയുടെ ഷട്ടിൽ കോക്ക് വ്യാജമായി നിർമിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയിൽ. പയ്യന്നൂർ വെള്ളൂർ സ്വദേശികളായ വിപിൻ കുമാർ (30), ശരത് ബാബു (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ജപ്പാൻ ആസ്ഥാനമായ യോനെക്സ് കന്പനിയുടെ വ്യാജ ഷട്ടിൽ കോക്ക് നിർമിച്ച് സ്പോർട്സ് കടകളിലും മറ്റും വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കടയുടമകളെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ ഉത്പന്നത്തിന്റെ വ്യാജസാധനങ്ങൾ ചിലർ വിതരണം ചെയ്യുന്നുണ്ടെന്ന് യോനെക്സ് കന്പനി അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ആവശ്യക്കാരെന്ന വ്യാജേന പോലീസ് വ്യാജ ഉത്പന്നവിതരണക്കാരെ ബന്ധപ്പെടുകയും പിടികൂടുകയുമായിരുന്നു.
ആറ് ഷട്ടിൽ കോക്കുകൾ ഉൾപ്പെടുന്ന യഥാർഥ ബ്രാൻഡിന്റെ ഒരു ട്യൂബിന് 700 രൂപയോളമാണ് വില. എന്നാൽ 310 രൂപ മാത്രം നിർമാണച്ചെലവ് വരുന്ന വ്യാജ ഉത്പന്നം ഒറിജനലാണെന്നു വിശ്വസിപ്പിച്ചാണ് ഇവർ സ്പോർടസ് കടകളിൽ വില്പന നടത്തിവന്നത്. ഇവരിൽനിന്ന് 120 കെയ്സ് വ്യാജ ഷട്ടിലുകളും പിടികൂടി.