കോട്ടയം: പാലായിൽ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ യുവജന ജനപക്ഷം നേതാവും പി.സി. ജോർജ് എംഎൽഎയുടെ മകനും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോർജിനു പാലായിൽ ഇന്നു സ്വീകരണം.
ജനപക്ഷം പാലാ നിയോജക മണ്ഡലം കമ്മറ്റിയാണ് ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട ഷോണ്‍ ജോർജിനു സ്വീകരണം ഒരുക്കിയിരിക്കുന്നത്.
വൈകുന്നേരം അഞ്ചിന് പാലാ വ്യാപാര ഭവനിൽ ചേരുന്ന സ്വീകരണ സമ്മേളനം പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജനപക്ഷം നിയോജക മണ്ഡലം പ്രസിഡന്റ് സജി തെക്കേൽ അധ്യക്ഷത വഹിക്കും.
പാലാ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന തലനാട്, മൂന്നിലവ്, മേലുകാവ്, തലപ്പലം പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനായ പൂഞ്ഞാർ ഡിവിഷനെയാണ് ഷോണ്‍ ജോർജ് പ്രതിനിധീകരിക്കുന്നത്.
ഇടതു-വലതു-ബിജെപി മുന്നണി സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് ഷോണ്‍ ജോർജ് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിൽ ഘടകക്ഷിയാക്കണമെന്ന് ജനപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗത്തിൽ ആവശ്യം ചർച്ചയ്ക്കു വന്നില്ല.
പൂഞ്ഞാറിനു പുറമേ കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളാണ് ജനപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. പാലായിൽ ഷോണ്‍ ജോർജ് മത്സരിക്കണമെന്ന് ജനപക്ഷം പാർട്ടിയിലും ആവശ്യം ശക്തമാണ്.
കാഞ്ഞിരപ്പള്ളിയിലും പാലായിലും ഷോണ്‍ ജോർജിനെ പരിഗണിക്കുന്നുണ്ട്. ഇതിനിടയിൽ പി.സി. ജോർജ് കാഞ്ഞിരപ്പള്ളിയിലേക്ക് മാറുമെന്നും പൂഞ്ഞാറിൽ ഷോണ്‍ ജോർജ് മത്സരിക്കുമെന്നും സംസാരമുണ്ടായിരുന്നു.
യുഡിഎഫ് തീരുമാനം പ്രഖ്യാപിക്കാത്തതിനെത്തുടർന്ന് ജനപക്ഷം സ്വതന്ത്ര നിലപാടുമായി മുന്നോട്ടു പോകുകയാണ്.
പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ നിയോജക മണ്ഡലങ്ങളിൽ മണ്ഡലം കമ്മറ്റികൾ ചേർന്ന് ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും കണ്‍വീനർമാരെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.