കൊച്ചി: എറണാകുളം ഡിസിസി ഓഫീസിനു മുന്നിൽ ശവപ്പെട്ടിവച്ച സംഭവത്തിൽ കൂടുതൽ യുവ നേതാക്കൾ കുടുങ്ങും. സംഭവത്തിൽ മൂന്നുപേർക്കു കൂടി പങ്കുള്ളതായും ഇവരെ ഉടൻ പിടികൂടുമെന്നും സെൻട്രൽ പോലീസ് വ്യക്തമാക്കി.
കേസിൽ കോതമംഗലം നഗരസഭാ കൗണ്സിലറും കെഎസ്യു സംസ്ഥാന സെക്രട്ടറിയുമായ തങ്കളം തൃക്കാരിയൂർ തലയാട്ടുതോട്ടത്തിൽ അനൂപ് ഇട്ടൻ (28), കെഎസ്യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആലുവ മുട്ടം വെള്ളോർകോടത്ത് അബ്ദുൾ സാബീർ (29), കോണ്ഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റിയംഗം എൻഎഡി കളപ്പുരയ്ക്കൽ കെ.എം. മുജീബ് (42) എന്നിവരാണ് ഇന്നലെ പിടിയിലായത്.
സിസിടിവി പരിശോധയിലാണു നേതാക്കൾ കുടുങ്ങിയത്. സംഭവത്തിനു പിന്നിൽ കെ. സുധാകരൻ പക്ഷക്കാരായ യുവജന നേതാക്കളാണെന്ന് ഇവർ ശവപ്പെട്ടി വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു.
കെ.എസ്. ബ്രിഗേഡ് എന്നറിയപ്പെട്ടുന്ന സംഘത്തിലെ അംഗങ്ങളാണിവർ. ഇവരെ ആറുവർഷത്തേക്കു പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു ഡിസിസി പ്രസിഡന്റ് സസ്പെൻഡ് ചെയ്തു.
ഐ ഗ്രൂപ്പിൽനിന്ന് അടുത്തയിടെ ഒഴിവാക്കപ്പെട്ടതിനെതുടർന്നു സുധാകര വിഭാഗത്തിൽ പ്രവർത്തിച്ചുവന്നിരുന്നവരാണു പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയുടേയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടേയും ഫോട്ടോകൾ പതിപ്പിച്ച് റീത്തുകൾ വച്ച് ആദരാഞ്ജലികൾ രേഖപ്പെടുത്തിയ ശവപ്പെട്ടി ഡിസിസി ഓഫീസിനു മുന്നിൽ കണ്ടത്.
ഞങ്ങൾ പ്രവർത്തകരുടെ മനസിൽ ഇവർ മരിച്ചുവെന്ന് ഓഫീസിന്റെ ചില്ലിൽ പോസ്റ്ററും ഒട്ടിച്ചിരുന്നു. പച്ചാളം ലൂർദ് ആശുപത്രിക്കു സമീപമുള്ള കടയിൽനിന്നാണ് ഇവർ ശവപ്പെട്ടി വാങ്ങിയത്. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയശേഷം പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.