സ്വന്തം ലേഖകന്‍
കോഴിക്കോട്: കോവിഡ് മഹാമാരിക്കിടെ വീണ്ടും ഭക്ഷ്യവിഷബാധയുമായി ഷവര്‍മ. കോഴിക്കോട് മെഡിക്കല്‍കോളജിലെ എട്ട് നഴ്സുമാരാണ് കഴിഞ്ഞ ദിവസം ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റത്. തുടര്‍ന്ന് ഷവര്‍മ വില്പന നടത്തുന്ന സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചത്.
മെഡിക്കല്‍കോളജിന് സമീപത്തെ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് കണ്ടത്.വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നത്. പാചകം ചെയ്യുന്ന സ്ഥലത്ത് പഴുതാരവരെയുണ്ടായിരുന്നതായും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മറ്റു ഭക്ഷ്യവസ്തുക്കളുടേയും ഭക്ഷണം പാകം ചെയ്യാനായി സൂക്ഷിച്ച വസ്തുക്കളുടേയും സാമ്പികളുകള്‍ ശേഖരിച്ചതായും വിദഗ്ധ പരിശോധനക്കായി ഇവ റീജണല്‍ കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചതായും ഭക്ഷ്യസുരക്ഷാ വിഭാഗം അസി.കമ്മീഷണര്‍ എം.ടി.ബേബിച്ചന് പറഞ്ഞു.
വൃത്തിഹീനമായ സാഹചര്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടിയിരിക്കുകയാണ് . അതേസമയം ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പരിശോധനാ ഫലം ലഭിച്ചാല്‍ ഹോട്ടലുടമക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചത്.
ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസര്മവരായ ഡോ. വിഷ്ണു എസ് ഷാജി, ഡോ.ജോസഫ് കുര്യാക്കോസ്, ലസിക എന്നവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ഭക്ഷ്യവിഷബാധയുടെ പേരിലാണ് പലപ്പോഴും ഷവര്‍മ വിവാദങ്ങളില്‍ ഇടംനേടുന്നത്.
2017 ല്‍ ഷവര്‍മ വില്പന നടത്തുന്ന ജില്ലയിലെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഇറച്ചിയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച ഇറച്ചിയും കണ്ടെത്തിയിരുന്നു.
അക്കാലത്ത് ഷവര്‍മ കഴിച്ച പലര്‍ക്കും ഭക്ഷ്യവിഷബാധയും ഏറ്റിരുന്നു. പരാതികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ 2017 ജനുവരി 20 മുതല്‍ ജില്ലയില്‍ ഷവര്‍മ നിരോധിക്കുകയും ചെയ്തിരുന്നു.2012 ല്‍ തിരുവനന്തപുരത്ത് നിന്ന് ഷവര്‍മ വാങ്ങികഴിച്ച യുവാവ് ബെംഗളൂരുവില്‍ മരിച്ചതിന് ശേഷം വീണ്ടും ഷവര്‍മ നോട്ടപ്പുള്ളിയായി.
അന്ന് സംസ്ഥാനമൊട്ടാകെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു. അപ്പോഴും പഴകിയ ഇറച്ചി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്ന 650 കിലോ കോഴി ഇറച്ചി പിടികൂടുകയും ചെയ്തിരുന്നു.
ദില്ലിയില്‍ നിന്നും പാര്‍സലായി കോഴിക്കോട്ടേക്ക് എത്തിച്ച ഇറച്ചി നാല് ദിവസത്തിലേറെ പഴക്കുമുള്ളതായിരുന്നു.നഗരത്തിലെ ഹോട്ടലുകളില്‍ ഷവര്‍മ അടക്കമുള്ള ആഹാര സാധനങ്ങളുണ്ടാക്കാനായി എത്തിച്ചതായിരുന്നു ഇറച്ചി.
എന്നാല്‍ പിന്നീട് ഷവര്‍മ സംബന്ധിച്ചുള്ള പരാതികള്‍ കുറയുകയും പരിശോധന നിര്‍ത്തുകയുമായിരുന്നു. ഇപ്പോള്‍ വീണ്ടും ഷവര്‍മ കഴിഞ്ഞ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഷവര്‍മ ‘വേട്ട’ക്കിറങ്ങുന്നത്.