കോട്ടയം: ജീവനെടുത്ത് കുഴിമന്തിയും ഷവര്‍മയും. അതിമാരക രോഗങ്ങൾ വരുത്തിവയ്ക്കുന്നതിനൊപ്പം അകാലമരണത്തിലേക്കും നയിക്കുകയാണ് ഈ പുത്തൻ രൂചിക്കൂട്ടുകള്‍. ഷവര്‍മയില്‍ പലപ്പോഴായി പല ജീവനുകള്‍ പൊലിഞ്ഞു.
ഒരു പ്രഹസന പരിശോധനയും അടച്ചുപൂട്ടലും പിഴചുമത്തലുമൊക്കെ നടക്കുമെന്നല്ലാതെ ശാശ്വത നടപടിയൊന്നുമില്ല. ലൈസന്‍സില്ലാതെ വഴിനീളെ പെരുകുന്ന ഷവര്‍മ, കുഴിമന്തി, തട്ടുകടകള്‍ക്കെതിരേ ആരോഗ്യവകുപ്പ് പുലര്‍ത്തുന്ന ഗുരുതരമായ അനാസ്ഥയാണ് ദുരന്തം ആവര്‍ത്തിക്കാന്‍ കാരണം.
കോഴിഫാമുകളിലെ ഇറച്ചി അവശിഷ്ടം, മാംസളമല്ലാത്ത ഭാഗങ്ങള്‍, വളര്ച്ചയെത്തിയശേഷവും വിറ്റഴിക്കാനാവാതെ വരുന്ന കോഴികള്‍, രോഗങ്ങള്‍ ബാധിച്ചു ചത്തൊടുങ്ങുന്നവ, ഹോട്ടലുകളില്‍ മിച്ചംവരുന്നതും പഴകിയതുമായ കോഴിയിറച്ചി എന്നിവയൊക്കെയാണ് ഷവര്‍മയായി വില്പന.
ആവർത്തിക്കുന്ന ദുരന്തങ്ങൾ
കഴിഞ്ഞ 18നു കാക്കനാട് മാവേലിപുരത്തെ ലേ ഹയാത്ത് ഹോട്ടലില്‍നിന്ന് ഷവര്‍മ വാങ്ങി കഴിച്ച കോട്ടയം പാലാ ചെമ്പിളാവ് സ്വദേശി രാഹുല്‍ ഡി. നായര്‍ മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സായ രശ്മി രാജ് കഴിഞ്ഞ ഡിസംബര്‍ 29നു കോട്ടയം സംക്രാന്തി പരഡൈസ് മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് അല്‍ഫാം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു.
കാക്കനാട്ടെ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന രാഹുല്‍ ഓണ്‍ലൈനായി വാങ്ങിയാണ് ഷവര്‍മ കഴിച്ചത്. തുടര്‍ന്ന് ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെത്തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ യുവാവ് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാകുകയായിരുന്നു.
പിന്നീട് ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് തൃക്കാക്കര നഗരസഭാ ആരോഗ്യവിഭാഗം സ്ഥലത്തെത്തി ഹോട്ടല്‍ പൂട്ടിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗവും ഹോട്ടലിലെത്തി സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.
ഇതിനിടെ യുവാവിന്റെ ബന്ധുക്കള്‍ ഹോട്ടലിനെതിരേ തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിക്കാരുടെ മൊഴിയെടുത്ത പോലീസ് ഹോട്ടലുടമയ്ക്കെതിരേ കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. ഇതിനിടെ ഇന്നലെ ഉച്ചയോടെയാണു രാഹുല്‍ മരണപ്പെടുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്
ശരിയായ രീതിയില്‍ വേവിക്കാത്തതോ, പഴകിയതോയായ ചിക്കന്‍ വിഭവങ്ങള്‍ ദുരന്തത്തിനു കാരണമായെന്ന നിഗമനത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കുന്നത്. ഓര്‍ഡറുകള്‍ കൂടുമ്പോള്‍ പൂര്‍ണമായി വേവുന്നതിനു മുമ്പായി പാഴ്സല്‍ ഉള്‍പ്പെടെ നല്‍കുന്നത് അപകടം ക്ഷണിച്ചുവരുത്തും. വാങ്ങിയ പാഴ്സല്‍ സമയം കഴിഞ്ഞു കഴിച്ചാലും അപകടത്തിനു കാരണമാകാം.
വില ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ നേരത്തെ വാങ്ങി സൂക്ഷിച്ച ചിക്കനാണോ അപകടത്തിലേക്കു നയിച്ചതെന്നും വകുപ്പ് പരിശോധിക്കുന്നുണ്ട്. അല്‍ഫാമിനും കുഴിമന്തിക്കും ഒപ്പം ഉപയോഗിക്കുന്ന മയണൈസ് പഴകിയാലും അപകടമുണ്ടാകും.
മുട്ടയും എണ്ണയും വെളുത്തുള്ളിയും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം നിശ്ചിത സമയത്തല് കൂടുതല്‍ ഫ്രിഡ്ജിനു പുറത്തിരുന്നാല്‍ അണുബാധയ്ക്കു കാരണമാകും. ശുചിത്വത്തിന്റെ അഭാവം, ജോലിക്കാരുടെ ആരോഗ്യം തുടങ്ങിയവയും പരിശോധിക്കേണ്ടതുണ്ട്.
കശാപ്പുശാലയില്‍ ചത്തതും കെട്ടതും
കോട്ടയം: ലൈസന്‍സുള്ള അറവുശാലകളുടെ പത്തിരട്ടിയാണ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത്. തുശ്ചമായ തുക മുടക്കിയാല്‍ തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് ലൈസന്‍സ് ലഭിക്കും.
മാനദണ്ഡങ്ങള്‍ പാലിച്ചുള്ള അറവുശാലകള്‍ ഒരിടത്തുമില്ലെന്നിരിക്കെ ഇറച്ചി എന്ന പേരില്‍ ചത്തതിനെയും രോഗം വന്നവയെയും വിറ്റഴിക്കുന്നു. ഇവയെ വാങ്ങാനും വില്‍ക്കാനും ഇടനിലക്കാരും കശാപ്പുകാരുമുണ്ട്.
ആടുമാടുകളുടെ ഉദരഭാഗവും ഭക്ഷ്യയോഗ്യമല്ലാത്ത എല്ലും ഇതര ഭാഗങ്ങളുമൊക്കെ തുശ്ചവിലക്ക് വാങ്ങുന്ന തട്ടുകടകളും ഹോട്ടലുകളുമുണ്ട്. ആഴ്ചകള്‍ പഴകിയ മാംസം വില്‍ക്കുന്ന കോള്‍ഡ് സ്റ്റോറേജുകള്‍ പലതാണ്. ആരോഗ്യവകുപ്പ് ഇത്തരമൊരു പരിശോധനനടത്തിയിട്ട് ഏറെക്കാലമായി.