പയ്യന്നൂര്‍: ഹോട്ടലില്‍ ഷവർമയുണ്ടാക്കാനായി അരിഞ്ഞുവച്ച ഇറച്ചി പൂച്ചകൾ തിന്നുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതിനെത്തുടര്‍ന്ന് സ്ഥാപനം നഗരസഭാധികൃതല് അടപ്പിച്ചു.
ഷവര്‍മയുണ്ടാക്കാനായി ഇറച്ചി അരിഞ്ഞുവച്ചിരുന്ന തട്ടിലാണു രണ്ടു പൂച്ചകള്‍ കയറിയത്. പാചകക്കാരന് പുറത്തുപോയ തക്കം നോക്കി അകത്തുകയറിയ പൂച്ചകള്‍ ഷവര്‍മ തട്ടില്‍ കയറി ഇറച്ചി തിന്നുകയായിരുന്നു.
പൂച്ചകളെ കണ്ടതോടെ പാചകക്കാരനെത്തി ഇവയെ ഓടിച്ചുവിട്ടു. ഇതിനിടെ ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകർത്തി. ഈ ദൃശ്യങ്ങളുള്‍പ്പെടെ ചാനല്‍ വാര്‍ത്തയാകുകയും സോഷ്യല്‍ മീഡിയകളില്‍ പൂച്ചകളുടെ കട്ടുതിന്നല് വൈറലാകുകയും ചെയ്തു.
ഇതോടെ നഗരസഭാ അധികൃതരെത്തി കെ.പി.സി. അബ്ദുള്‍ റഹ്മാന് എന്ന ലൈസന്‍സിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റ് അടപ്പിക്കുകയായിരുന്നു.
ഭക്ഷണപദാര്‍ഥങ്ങള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്തതിനാണ് സ്ഥാപനം അടപ്പിച്ചതെന്നും നിലവിലുള്ള അപാകതകള്‍ പരിഹരിച്ചു മാത്രമേ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
അതേസമയം പൂച്ച കയറിയതിനു പിന്നാലെ ഷവര്മകള് നശിപ്പിച്ചതായാണു സ്ഥാപനമുടമ നല്കുന്ന വിശദീകരണം.