കണ്ണൂർ: ഷവർമ കഴിച്ച കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്കു ഭക്ഷ്യവിഷബാധയേറ്റു. കണ്ണൂർ പയ്യന്നൂരിലാണു സംഭവം. മാടക്കാൽ സ്വദേശി സുകുമാരന്റെ കുടുംബാംഗങ്ങൾക്കാണു ഭക്ഷ്യവിഷബാധയേറ്റത്.
പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ഡ്രീം ഡെസേർട്ട് എന്ന കടയിൽനിന്നു സുകുമാരൻ ഷവർമയും കുബ്ബൂസും പാഴ്സലായി വാങ്ങിയിരുന്നു. വീട്ടിലെത്തി ഷവർമ കഴിച്ച ശേഷം കുടുംബാംഗങ്ങൾക്കു തലചുറ്റലും ഛർദ്ദിയും അനുഭവപ്പെട്ടു. ഇതോടെ അഞ്ചു പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പരിശോധനയിൽ ഭക്ഷ്യ വിഷബാധയാണെന്നു വ്യക്തമായി. ഡോക്ടറുടെ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സുകുമാരൻ ഹെൽത്ത് ഇൻസ്പെക്ടർക്കു പരാതി നൽകിയത്. പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കടയിൽ പരിശോധന നടത്തി. ഹോട്ടൽ പൂട്ടിച്ചു. പതിനായിരം രൂപ പിഴയും ചുമത്തി. ഭക്ഷണശാലയുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
സംഭവത്തിനു ശേഷം ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽനിന്നു പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. പയ്യന്നൂർ നഗരസഭാ പരിധിയിൽ ഷവർമ താൽക്കാലികമായി നിരോധിച്ചു.