മാവേലിക്കര: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ കോളജ് വിദ്യാര്‍ഥിനിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ രണ്ടാം വര്‍ഷ പി.ജി.വിദ്യാര്‍ഥിനി തഴക്കര കോയിക്കല്‍ വീട്ടില്‍ റെജിയുടെ മകള്‍ അജീന റെജി (21) യാണ് ആശുപത്രിയില്‍ കഴിയുന്നത്.
തിങ്കളാഴ്ച വൈകിട്ടാണ് റെജി മാവേലിക്കര നഗരത്തിലെ ബേക്കറിയില്‍ നിന്ന് ഷവര്‍മ പാഴ്സല്‍ വാങ്ങി വീട്ടില്കൊണ്ടുപോയത്.
ഷവര്‍മ കഴിച്ച അജീന അരമണിക്കൂറിനകം തന്നെ ഛര്‍ദ്ദി തുടങ്ങി. ചൊവ്വാഴ്ച അവശത കൂടിയതിനെ തുടര്‍ന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. കസേരയിലിരുത്തി ഡോക്ടര്‍ പരിശോധിക്കവേ അജീന കുഴഞ്ഞുവീണു.
അജീനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പിന് പരാതി നല്‍കിയതായി റെജി പറഞ്ഞു.