കൊല്ലം: ഭക്ഷണശാലയിൽ നിന്നും വാങ്ങിയ ഷവർമയിൽ പുഴവുനെ കണ്ടുവെന്നാരോപിച്ച് വാക്കേറ്റവും ബഹളവും. ഒടുവിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഭക്ഷണത്തിന്റെ സാന്പിൾ ശേഖരിച്ച് മടങ്ങി.
സംഭവത്തെത്തുടർന്ന് ഇരവിപുരം പോലീസും സ്ഥലത്തെത്തി . ഇന്നലെ രാത്രി ഏഴോടെയാണ് പള്ളിമുക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഭക്ഷണശാലയിൽ പ്രശ്നങ്ങളുടലെടുത്തത്. ഇരവിപുരം സ്വദേശി ഇവിടെ നിന്നും ഷവർമ പാഴ്സലായി വാങ്ങി. വീട്ടിലെത്തിയപ്പോഴാണ് ഇതിൽ പുഴുവിനെ കണ്ടത്. തുടർന്ന് തിരികെ ഭക്ഷണശാലയിലെത്തി ജീവനക്കാരനോട് കാര്യം പറഞ്ഞു. എന്നാൽ ജീവനക്കാരന്റെ ധിക്കാരപരമായ മറുപടിയാണ് ഉപഭോക്താവിനെ പ്രകോപിതനാക്കിയതെന്ന് പോലീസ് പറഞ്ഞു.
ഇതേതുടർന്നാണ് ഉപഭോക്താവും ജീവനക്കാരും തമ്മിൽ സംഘർഷാവസ്ഥയിലെത്തിയത്. പ്രശ്നം രൂക്ഷമായതോടെ നാട്ടുകാർ തടിച്ചുകൂടി. ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥരെ വരുത്തണമെന്നും കട അടച്ചുപൂട്ടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് പോലീസും ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. വിൽപനക്കായി വച്ചിരുന്ന ഷവർമ മാറ്റിയ ശേഷം കട തുറന്നുപ്രവർത്തിച്ചു.