ഷവർമയുടെ കാര്യം അങ്ങ് ഈജിപ്തിലും അത്ര പന്തിയല്ലെന്നു തോന്നുന്നു. ഷവർമ വാങ്ങി നൽകാത്തതിന്റെ പേരിൽ യുവതി വിവാഹമോചനത്തിനു കുടുംബക്കോടതിയെ സമീപിച്ച സംഭവമാണ് ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാവിഷയം. ഈജിപ്തിലെ സനാരിയിലാണ് സംഭവം.
വിവാഹം കഴിഞ്ഞു കേവലം 40 ദിവസം പിന്നിട്ട ദന്പതികളാണ് ഷവർമയെച്ചൊല്ലി കലഹത്തിലായത്. വിവാഹത്തിനുശേഷം പുറത്തു പോയപ്പോഴാണ് ഇഷ്ടഭക്ഷണമായ ഷവർമ ആവശ്യപ്പെട്ടതെന്നും എന്നാൽ, അതു കഴിക്കാൻ കൊള്ളില്ലെന്നായിരുന്നു ഭർത്താവിന്റെ മറുപടിയെന്നും യുവതി കോടതിയിൽ പറഞ്ഞു.
ഷവർമക്കു പകരം സാൻഡ്വിച്ച് ആയാലും മതിയെന്നു പറഞ്ഞിട്ടും ഭർത്താവ് കൂട്ടാക്കിയില്ലെന്നും യുവതി കണ്ണീരോടെ അറിയിച്ചു. ഈ സംഭവം തനിക്ക് എതിർകക്ഷിയുമായുള്ള ദാന്പത്യത്തിൽ താത്പര്യം നഷ്ടപ്പെടുത്തിയെന്നും വിവാഹമോചനം നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.
എന്നാൽ, ആരോഗ്യത്തിനു ഹാനികരമായതിനാലാണ് താൻ ഭാര്യക്കു ഷവർമ വാങ്ങിക്കൊടുക്കാതിരുന്നതെന്നാണ് ഭർത്താവിന്റെ ഭാഷ്യം.എന്തായാലും കൗണ്‍സലിംഗിനും മറ്റുമായി കൂടുതൽ സമയം അനുവദിച്ചിരിക്കുകയാണു കോടതി.