മൊബൈല്‍ പ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗമാകുകയെന്ന ലക്ഷ്യത്തോടെ ഒരു രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ ഓഫറുമായി ചൈനീസ് കമ്പനി ഷവോമി. ഏപ്രില്‍ ആറിന് ഓണ്‍ലൈനില്‍ കമ്പനി നടത്തുന്ന ഫ്ളാഷ് സെയിലിലാണ് വന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു രൂപയ്ക്ക് മി ബാന്‍ഡ് 2ഉം 10,000 എംഎഎച്ച് പവര്‍ ബാങ്കും ഷവോമി വില്‍പ്പനയ്ക്ക് വെക്കുന്നുണ്ട്. ഷവോമിയുടെ മി സ്റ്റോര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ഫ്ളാഷ് സെയിലില്‍ ഒരു രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാന്‍ കഴിയൂ.
ഏപ്രില്‍ പത്തിന് രാവിലെ പത്തിനാണ് ഫ്ളാഷ് സെയിലിന്റെ ആരംഭം. 20 റെഡ്മി നോട്ട് 4 ആണ് കമ്പനി ഒരു രൂപയ്ക്ക് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മി ബാന്‍ഡ് 2ന്റേയും(40 എണ്ണം) 10,000എംഎഎച്ച് പവര്‍ ബാങ്കിന്റേയും( 50 എണ്ണം) വില്‍പ്പന. സ്റ്റോക്ക് തീരും വരെയാണ് ഡിവൈസുകളുടെ ഫ്ളാഷ് സെയില്‍. ഓഫര്‍ ലഭിച്ച വിജയികളെ മി സ്റ്റോര്‍ ആപ്പിലൂടെ പ്രഖ്യാപിക്കും. ഏകദിന ഫാന്‍ ഫെസ്റ്റിവലില്‍ റെഡ്മി 4എ റോസ് ഗോള്‍ഡ് വാരിയന്റും റെഡ്മി നാലും യഥാക്രമം 5,999 രൂപയ്ക്കും 9,999 രൂപയ്ക്കും യൂസര്‍മാര്‍ക്ക് സ്വന്തമാക്കാം. ഇന്ത്യയില്‍ പത്ത് ലക്ഷം റെഡ്മി നോട്ട് 4 ഇതിനകം വിറ്റഴിച്ചെന്നാണ് കമ്പനിയുടെ അവകാശവാദം. മാര്‍ച്ച് 31 മുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ക്കായുള്ള മുന്‍കൂര്‍ ബുക്കിങ് ഷവോമി സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്.
ഏപ്രില്‍ ആറിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ മുന്‍കൂര്‍ ബുക്കിങ്ങിന് അവസരമുണ്ട്. റെഡ്മി 4എ റോസ് ഗോള്‍ഡ് കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഷവോമി റെഡ്മി 3എസ് പ്രൈം ഏപ്രില്‍ ആറിന് വാങ്ങുന്നവര്‍ക്ക് ഫോണിന്റെ സോഫ്റ്റ് കേസ് നൂറു രൂപ കുറവില്‍ ലഭിക്കും. ഷവോമി കുടുംബത്തില്‍ നിന്നുള്ള എയര്‍ പൂരിഫൈയര്‍, ഇയര്‍ഫോണ്‍സ്, വിആര്‍ പ്ലേ, മി ബാന്‍ഡ് തുടങ്ങിയ ഡിവൈസുകള്‍ക്ക് 500 രൂപ മുതല്‍ ഡിസ്‌ക്കൗണ്ടും കമ്പനി പ്രഖ്യാപിച്ചു. പുതിയ ഓഫറില്‍ 12,498 രൂപയുടെ മി എയര്‍ പൂരിഫൈയര്‍ രണ്ട് 10,998 രൂപയ്ക്ക് യൂസര്‍മാര്‍ക്ക് ലഭിക്കും. ഏപ്രില്‍ ആറിന് എസ്ബിഐയുടെ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന കുറഞ്ഞത് 5000 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് അഞ്ച് ശതമാനം കാഷ്ബാക്കും ഷവോമി ഓഫര്‍ ചെയ്യുന്നു. 500 രൂപ മാത്രമായിരിക്കും ഏറ്റവും ഉയര്‍ന്ന കാഷ്ബാക്ക് തുക.