തിരുവനന്തപുരം: ഷവർമ വിൽക്കുന്ന കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. ഷവര്‍മ മാനദണ്ഡങ്ങള്‍ കടയുടമകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനാണ് മിന്നൽ പരിശോധന നടത്തിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
സംസ്ഥാന വ്യാപകമായി 88 സ്ക്വാഡുകള്‍ 1287 ഷവര്‍മ വില്പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത 48 സ്ഥാപനങ്ങളിലെ ഷവര്‍മ വില്പന നിര്‍ത്തിവെക്കുന്നതിനു നിർദേശം കൊടുത്തെന്നും മന്ത്രി കൂട്ടിച്ചേർത്തു.
178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്കി. മയോണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങൾക്കെരെയും നടപടിയെടുത്തു.
ഷവർമ വിൽപന നടത്തുന്നവർ കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഭക്ഷണം പാചകം ചെയ്യുന്നവർ വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നേടുകയും വേണമെന്നും മന്ത്രി പറഞ്ഞു. നിയമ ലഘനം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.