കന്നുകാലികൾക്ക് നൽകാനോ കൃഷിയാവശ്യങ്ങൾക്കും വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാനോ വെള്ളമില്ലാതിരുന്ന ഒരു ഗ്രാമത്തെ കഠിനപ്രയത്നത്തിലൂടെ ജലസമൃദ്ധിയിലെത്തിച്ച ശ്യാംലാൽ എന്നയാളുടെ കഥയാണ് സാജാ പഹദിലെ ഓരോ കുട്ടികൾക്കും അമ്മമാർ പറഞ്ഞു നൽകുന്നത്.
ഇത് കഥമാത്രമല്ല, 27 വർഷത്തെ പ്രയത്നത്തിലൂടെ തന്റെ ലക്ഷ്യം സാധ്യമാക്കിയ ശ്യാംലാലിനെ തേടിയെത്തുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളുൾപ്പടെ നിരവധി പ്രമുഖരമാണ്. ഒരു തുള്ളി വെള്ളത്തിനു വേണ്ടിയുള്ള ഗ്രാമവാസികളുടെ കഷ്ടപ്പാട് കണ്ടിട്ടാണ് പതിനഞ്ചാം വയസിൽ ശ്യാംലാൽ ആരും ചെയ്യാൻ തയാറാകാത്ത ലക്ഷ്യം സാധൂകരിക്കുവാനായി ഇറങ്ങിത്തിരിച്ചത്.
മഴവെള്ളം സംഭരിച്ച് ഗ്രാമത്തിലേക്ക് വെള്ളം എത്തിക്കാനായി ഗ്രാമത്തിനു സമീപമുള്ള ഒരു കാട്ടിൽ ഒരു വലിയ കുളം നിർമിക്കുക എന്ന തന്റെ ആശയം മറ്റുള്ളവരുമായി പങ്കുവെച്ചപ്പോൾ പരിഹാസം മാത്രമായിരുന്നു ശ്യാംലാലിന് മറുപടിയായി ലഭിച്ചത്. പക്ഷെ അതൊന്നും കണ്ട് തന്റെ സ്വപ്നവും ലക്ഷ്യവും പാതിവഴിയിൽ ഉപേക്ഷിക്കാൻ ശ്യാം ലാൽ തയ്യാറായില്ല.
അങ്ങനെ മണ്വെട്ടിയുമായി ശ്യാം കുളം കുത്താൻ ഇറങ്ങി. അപ്പോഴെല്ലാം എല്ലാവരും അവനെ പരിഹസിച്ചു. ചിലരെല്ലാം ശ്യാമിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ നീണ്ട 27 വർഷങ്ങൾക്കു ശേഷം പരിഹസിച്ചവരെല്ലാം ഒരു ഹീറോ പരിവേഷമാണ് 42 കാരനായ ശ്യാമിനു എല്ലാവരും നൽകിയിരിക്കുന്നത്. കാരണം വർഷങ്ങൾക്ക് മുന്പ് ശ്യാം ആരംഭിച്ച കുളം ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്.
ഒരു ഏക്കർ ചുറ്റളവിൽ നിർമിച്ച കുളത്തിന് പതിനഞ്ച് അടി താഴ്ചയുമുണ്ട്. ഗാമവസികളുടെയോ ഭരണകൂടത്തിന്റെയോ സഹായമില്ലാതെയാണ് താൻ കുളം നിർമിച്ചത് എന്ന് അഭിമാനത്തോടെയാണ് ശ്യാം പറയുന്നത്. ഈ കുളമാണ് ഗ്രാമവാസികൾ എല്ലാവരും വെള്ളത്തിനായി ആശ്രയിക്കുന്നത്. ശ്യാം ലാലിന്റെ കഠിനപ്രയത്നത്തെക്കുറിച്ച് അറിഞ്ഞ സ്ഥലം എംഎൽഎ ഇവിടം സന്ദർശിക്കുകയും പാരിതോഷികമായി ശ്യാമിന് 10,000 രൂപ നൽകുകയും ചെയ്തു. കൂടാതെ ജില്ലാ കളക്ടർ ശ്യാമിന് പിന്തുണയും നൽകി.
മാത്രമല്ല, സംഭവം ഇന്ത്യയിൽ മുഴുവൻ പ്രചരിക്കാൻ തുടങ്ങിയതോടെ നിരവധിയാളുകളാണ് ശ്യാമിനെ കാണുവാനും പിന്തുണ നൽകുവാനുമായി ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
22 വർഷത്തെ പ്രയത്നത്തിലൂടെ ഒരു മല തന്നെ തുരന്ന് വഴിയുണ്ടാക്കിയ ദശരഥ് മാഞ്ജിയുടെ കഥ ഏറെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഏവർക്കും പ്രചോദനമായി ശ്യാമിന്റെ പ്രയത്നത്തിന്റെ കഥയെത്തുന്നത്.