കൂത്തുപറമ്പ്: കണ്ണവം ആലപ്പറമ്പിലെ ആർ എസ് എസ് പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ റിമാന്‍ഡിൽ കഴിയുന്ന അഞ്ചു പ്രതികൾക്കെതിരെയുള്ള കേസ് കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തുടർ വിചാരണ നടപടികൾക്കായി തലശേരി സെഷൻസ് കോടതിയിലേക്കു മാറ്റി.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മുഹമ്മദ് ഷഹീം, പി.വി.മുഹമ്മദ്, എ.എച്ച്.സലീം, സമീർ, ഫൈസൽ എന്നീ പ്രതികൾക്കെതിരെയുള്ള കേസാണ് ഇന്നു രാവിലെ സെഷൻസ് കോടതിയിലേക്കു മാറ്റിയത്. കേസന്വേഷണം നടത്തിയ പേരാവൂർ സി.ഐ.എ.കുട്ടികൃഷ്ണൻ കഴിഞ്ഞ മാസം 13ന് ഈ കേസിൽ കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ചുമതലയുള്ള കണ്ണൂർ ജുഡീഷ്യൽ മജിസ്ടേട്ട് കോടതി (ഒന്ന് ) യിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേസിൽ ഗൂഢാലോചന കുറ്റത്തിലുൾപ്പെടുന്ന പ്രതികൾ ഇനിയും പിടിയിലാകാനുണ്ട്. അതിനാൽ കേസിൽ അന്വേഷണം തുടരുന്നുണ്ട്. ഗൂഢാലോചനാ കുറ്റം ഉൾപ്പെടുന്ന പ്രതികൾക്കെതിരെയുള്ള കുറ്റപത്രം പിന്നീട് സമർപ്പിക്കും. കേസിൽ ആയിരം പേജുള്ള കുറ്റപത്രമാണു പോലീസ് കോടതിയിൽ സമർപ്പിച്ചത്.
120 ഓളം പേർ സാക്ഷികളായുണ്ട്. കേസിൽ 20 ദൃക്സാക്ഷികൾ ഉണ്ടെന്നുള്ള പ്രത്യേകതയുമുണ്ട്.കേസിൽ കസ്റ്റഡിയിലെടുത്ത 30 ഇനം തൊണ്ടിമുതലുകളുടെ രാസപരിശോധനാ ഫലം ഒരു മാസത്തിനകെ പോലീസിനു ലഭിച്ചിരുന്നു. കഴിഞ്ഞ ജനുവരി 19ന് കോളയാട് കൊമ്മേരിയിൽ വച്ചായിരുന്നു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്.