വൈപ്പിന്‍: കടല്‍കൊള്ളക്കാരുടെ ആക്രമണത്തിനിരയായി ആഫ്രിക്കയിലെ ഗാബോണ്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന എംവി ടാമ്പന്‍ എന്ന ചരക്കുകപ്പലിൽ വൈപ്പിൻ സ്വദേശി ഷായൽ സേവ്യർ (23) കുടുങ്ങിയത് വിവാഹത്തിനായി നാട്ടിലേക്കു മടങ്ങാനിരിക്കെ.
ഓച്ചന്തുരുത്ത് കാട്ടുകണ്ടത്തില്‍ സേവ്യറിന്റെ മകനായ ഷായല്‍ എട്ടുമാസം മുമ്പാണ് കപ്പലില്‍ ജോലിയില്‍ പ്രവേശിച്ചത്.
അടുത്തമാസം എട്ടിനാണ് വിവാഹം നിശ്ചയം തീരുമാനിച്ചിരുന്നത്. ഇതിനായി നാട്ടിലേക്കു വരാന്‍ ഒരുങ്ങുമ്പോഴാണ് കപ്പല്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തിനിരയായി ഗാബോണില്‍ കുടുങ്ങിയത്.
കപ്പല്‍ ആക്രമിച്ച കൊള്ളസംഘം ഒരു എന്‍ജിനീയറെ കടത്തിക്കൊണ്ട് പോകുകയും തടയാന്‍ ചെന്നവര്ക്കുനേരേ നിറയൊഴിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് എല്ലാവരും ഭയചകിതരാണെന്നും കടല്കൊളളക്കാരുടെ ആക്രമണം ഏതു നിമിഷവും ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് കപ്പലിലുളളവരെന്നും ഷായല്‍ കുടുംബാഗങ്ങളെ ഫോണില്‍ വിളിച്ചപ്പോൾ അറിയിച്ചിരുന്നു.
രണ്ടു തവണ മാത്രം…
ഷായല്‍ അടക്കം 17 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്. ഷായലിനെക്കൂടാതെ മറ്റൊരു മലയാളിയും ഇതിൽ ഉൾപ്പെടും.
എന്‍ജിനീയറെ തട്ടിക്കൊണ്ട് പോയ സാഹചര്യത്തില്‍ കേസ് നടപടികളില്‍പെട്ട് കപ്പല്‍ അവിടെനിന്നും പോരാന്‍ പറ്റാത്ത അവസ്ഥയിലാണെന്നാണ് വിവരം.
ഈ മാസം അഞ്ചിന് നടന്ന കടല്‍കൊള്ളക്കാരുടെ ആക്രമണത്തിനുശഷം രണ്ടുതവണ മാത്രമാണ് മകനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതെന്ന് ഷായലിന്റെ പിതാവ് സേവ്യര്‍ പറയുന്നു.
യുവാവിനെ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രിക്ക് അടിയന്തര സന്ദേശം അയക്കുകയും ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിട്ടുള്ളതായി വൈപ്പിൻ എംഎൽഎ കെ.എന്‍. ഉണ്ണിക്കൃഷ്ണന് അറിയിച്ചു.
കേന്ദ്ര ഇടപെടല്‍കൂടി അടിയന്തരമായി ഇക്കാര്യത്തില്‍ വേണ്ടതുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ഷായലിന്റെ കുടുംബാംഗങ്ങളെ ഇന്ന് അദേഹം വീട്ടിലെത്തി സന്ദർശിക്കും.