കൊല്ലം: ദുരൂഹ സാഹചര്യത്തിൽ മകൾ മരിച്ച സംഭവത്തിൽ പോലീസ് നടത്തുന്ന അന്വേഷണം ഒട്ടും കാര്യക്ഷമമല്ലെന്ന് പിതാവും ബന്ധുക്കളും. പുനലൂർ വാളക്കോട് കണ്ണങ്കര വീട്ടിൽ ഷാജഹാന്റെ മകൾ ഷെജീറ ഭർത്താവിനോടൊപ്പം യാത്രചെയ്യവേ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ഭർത്താവ് കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ ഷിഹാബിനൊപ്പം ബൈക്ക് യാത്രക്കിടെ കണ്ണയ്ക്കാട് കടവിൽ ദുരൂഹസാഹചര്യത്തിൽ ഷെജീറ വെള്ളത്തിൽ വീഴുകയായിരുന്നു. ഗുരുതരാവസ്ഥയിൽ രണ്ടുദിവസം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. അബോധാവസ്ഥയിൽ ആയിരുന്നതിനാൽ ഷെജീറയുടെ മൊഴി എടുക്കാൻ കഴിഞ്ഞതുമില്ല.
ബന്ധുക്കൾ പോലീസിലും മറ്റ് ഉന്നതർക്കും പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ ഒട്ടും പുരോഗതി ഇല്ലെന്നാണ് പിതാവ് അടക്കമുള്ളവർ പറയുന്നത്. സംഭവം നടന്ന് നാലുവർഷം പിന്നിട്ടിട്ടും കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് ഇതുവരെയും കഴിയാത്തതിലും ദുരൂഹതയുണ്ട്.
2015 ജൂൺ 17-നാണ് ഷെജീറ ഭർത്താവിനൊപ്പം യാത്ര പോയത്. താലിമാല ഊരിവയ്പ്പിച്ചും മൊബൈൽ ഫോൺ എടുക്കാൻ അനുവദിക്കാതെയുമാണ് യുവതിയെ ഭർത്താവ് ഒപ്പം കൂട്ടിയത്. ചാറ്റൽ മഴ ഉണ്ടായിട്ടും കാർ എടുക്കാതെ ബൈക്കിൽ ഉച്ചകഴിഞ്ഞ് വീട്ടിൽ നിന്ന് കൊണ്ടുപോയതും സംശയാസ്പദമായ കാര്യമാണെന്ന് പിതാവ് പറഞ്ഞു.
ബൈക്കിൽ പെരുമൺ, പടിഞ്ഞാറേ കല്ലട എന്നിവിടങ്ങളിൽ കറങ്ങിയ ശേഷം വൈകുന്നേരത്തോടെ ഇവർ കല്ലുംമൂട്ടിൽ കടവിൽ എത്തുകയായിരുന്നു. സന്ധ്യകഴിഞ്ഞാൽ വളരെ വിജനമായ പ്രദേശം കൂടിയാണിത്. സാമൂഹിക വിരുദ്ധരുടെ കേന്ദ്രവുമാണ്.
പ്രദേശത്തെ അവസാനത്തെ ജംഗാർ സർവീസ് മറുകരയ്ക്ക് പോയ ശേഷം അബ്ദുൾ ഷിബാബ് ഭാര്യയെ തന്ത്രപൂർവം രാത്രി 7.30ന് സമീപത്തെ ബോട്ട് ജട്ടിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് എന്താണ് സംഭവിച്ചത് എന്നതിലാണ് ഇപ്പോഴും വ്യക്തതയില്ലാത്തത്.
ഷെജീറ വെള്ളത്തിൽ വീണ ശബ്ദം കേട്ട് പരിസരവാസിയായ ജോസ് ബഹളം വച്ചതനുസരിച്ച് നാട്ടുകാർ ഓടിയെത്തിയപ്പോൾ ഒരു ഭാവവ്യത്യാസവും ഇല്ലാതെ മൊബൈൽ ഫോണിൽ സംസാരിച്ച് നിൽക്കുന്ന ഷിഹാബിനെയാണ് കണ്ടത്.
വെള്ളത്തിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുകയോ വീണത് ഭാര്യയാണെന്ന് വെളിപ്പെടുത്താനോ ഇയാൾ കൂട്ടാക്കിയതുമില്ല. പിന്നീടുള്ള ഇയാളുടെ ഓരോ പെരുമാറ്റവും സംശയാസ്പദമായിരുന്നു എന്ന് നാട്ടുകാരും പറയുന്നു.
സമീപവാസികളായ പ്രസാദ്, അനി എന്നിവർ ചേർന്നാണ് ഷെജീറയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. അപ്പോൾ ചെറിയ അനക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രഥമ ശുശ്രൂഷ നൽകുന്നതിന് മറ്റുള്ളവർ പറഞ്ഞിട്ടും ഭർത്താവ് ചെവിക്കൊണ്ടില്ല. പിന്നീട് വാർഡ് മെന്പർ അടക്കമുള്ളവർ എത്തിയാണ് വാഹനം ഏർപ്പാടാക്കി ശാസ്താംകോട്ടയിലെ ആശുപത്രിയിൽ എത്തിച്ചത്. 19ന് മരണം സംഭവിച്ചു.
ബന്ധുക്കൾ പരാതി നൽകിയതനുസരിച്ച് ശാസ്താംകോട്ട പോലീസ് കേസെടുത്തെങ്കിലും അന്വേഷണം മാത്രം കാര്യമായി നടന്നില്ല. അന്വേഷണത്തിന് സിഐ കാര്യമായ നടപടികൾ എടുത്തില്ലെന്ന് ബന്ധുക്കൾ പറയുന്നു.ബന്ധുക്കൾ പോലീസ് സ്റ്റേഷൻ കയറിയിറങ്ങി നടന്നപ്പോഴും പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ വീട്ടിൽ പോയാണ് എസ്ഐ മൊഴിയെടുത്തത്. ഇതിൽ നിന്നുതന്നെ പോലീസിന്റെ താത്പര്യക്കുറവിന്റെ കാരണം വ്യക്തമാണ്.
ഇതേത്തുടർന്ന് ബന്ധുക്കൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി അടക്കമുള്ളവർക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് ഇപ്പോൾ കൊല്ലം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.കേസ് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ ചുമതല ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് സ്ഥലംമാറ്റമായി.
പുതിയ ഇൻസ്പെക്ടർ ചുമതല എടുത്തിട്ടുണ്ട്. കേസിലെ രണ്ട് സാക്ഷികൾ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഈ മൊഴി കേസിൽ നിർണായകമാകുമെന്നാണ് ഷെജീറയുടെ ബന്ധുക്കളുടെ പ്രതീക്ഷ.