പത്തനംതിട്ട: മന്ത്രിസഭയുടെ രണ്ടാംവാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോഗത്തിന്റെ പേരിൽ പത്തനംതിട്ട നഗരത്തിലെ ഷീ ഓട്ടോതൊഴിലാളികൾ മൂന്നാഴ്ചയിലേറെയായി പട്ടിണിയിലാണ്. കഴിഞ്ഞ മേയ് 22നായിരുന്നു പത്തനംതിട്ടയിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് എൽഡിഎഫ് പൊതുയോഗം നടത്തിയത്.
വനിതകൾ ഓടിക്കുന്ന ഓട്ടോറിക്ഷകൾക്കായി അനുവദിച്ചിരിക്കുന്ന സ്റ്റാൻഡ് കൈയേറിയാണ് യോഗത്തിനു പന്തൽ നിർമിച്ചത്. പന്തൽ നിർമാണത്തിനുവേണ്ടി യോഗത്തിന്റെ മൂന്നുദിവസം മുന്പേ ഇവരെ ഇവിടെ നിന്ന് ഇറക്കിയതാണ്. പിന്നീട് ഇന്നലെ വരെയും തിരികെ കയറാൻ പറ്റിയിട്ടില്ലെന്ന് വനിതാ ഓട്ടോറിക്ഷ തൊഴിലാളികൾ. മൂന്നാഴ്ച കഴിഞ്ഞിട്ടും പന്തൽ അഴിച്ചിട്ടില്ലെന്നതു തന്നെ പ്രധാന കാരണം.
പന്തലിനു കീഴിൽ സ്റ്റാൻഡ് സാധ്യമല്ല. പുറത്തെ പാർക്കിംഗും പന്തലിന്റെ തൂണുകളും കാരണം യാത്രയ്ക്കു തടസമാകുന്നു.സ്റ്റാൻഡ് ഇല്ലാതായതോടെ വനിതാ ഓട്ടോറിക്ഷ തൊഴിലാളികൾ ഓട്ടം നിർത്തിവച്ചിരിക്കുകയാണ്. ഏഴ് വനിതകളാണ് ഓട്ടോറിക്ഷകളുമായി നഗരത്തിലുള്ളത്. ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് ഇവർക്ക് സ്റ്റാൻഡ് അനുവദിച്ചു തന്നത്.
പുരുഷ ഓട്ടോറിക്ഷ ഡ്രൈവർമാർ വനിതകളെ തങ്ങളുടെ സ്റ്റാൻഡിൽ കയറ്റാതായതോടെയാണ് വനിതകൾക്കു മാത്രമായി സ്റ്റാൻഡെന്ന ആവശ്യമുണ്ടായത്. ഇതിനുള്ള ശ്രമം തുടങ്ങിയപ്പോഴും എതിർപ്പുകളുണ്ടായി. പിന്നീട് വനിതാ കമ്മീഷനിൽ തൊഴിലാളികൾ നൽകിയ അപേക്ഷ പ്രകാരം കമ്മീഷൻ അംഗം ഷാഹിദ കമാൽ നേരിട്ടെത്തി സ്റ്റാൻഡ് വേർതിരിച്ചു നൽകാൻ നഗരസഭയ്ക്കു നിർദേശം നൽകി. ഓപ്പണ്സ്റ്റേജിനു താഴെയുള്ള സ്ഥലമാണ് അനുവദിച്ചത്.
എന്നാൽ പൊതുയോഗങ്ങൾ ഇവിടെ നടക്കുന്പോൾ സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷകൾ പുറത്താകും. മിക്കദിവസങ്ങളിലും സ്റ്റാൻഡിൽ കിടക്കാനാകാത്ത സ്ഥിതിയാണ്. വായ്പയെടുത്തും മറ്റും ഓട്ടോറിക്ഷകൾ സ്വന്തമാക്കിയവരാണ് വനിതകൾ. ഇവരുടെ ജീവിതമാർഗവും ഇതാണ്.
ഓട്ടം കുറഞ്ഞതോടെ പല കുടുംബങ്ങളും പട്ടിണിയിലായി. സ്കൂൾ അധ്യയനവർഷം കൂടി ആരംഭിച്ച സമയമായതിനാൽ ജീവിതബുദ്ധിമുട്ടുകളുമായി ഇവർ അധികൃതരെ സമീപിച്ചെങ്കിലും രാഷ്ട്രീയനിറം പറഞ്ഞ് പലരും കൈമലർത്തി.