കോഴിക്കോട്: സമൂഹത്തിൽ സ് ത്രീ സുരക്ഷിതത്വം ചർച്ചചെയ്യപെടുന്പോൾ കോഴിക്കോട് കോർപറേഷന് സ്ത്രീ സുരക്ഷയ് ക്കായി ഷി ലോഡ്ജ് നിർമിക്കുന്നു. ഔദ്യോഗികാവശ്യത്തിനും മറ്റുമായി നിരവധി സ്ത്രീകളാണ് ദിനം പ്രതി നഗരത്തിലെത്തുന്നത്. എന്നാൽ ഇവർക്ക് സുരക്ഷിതമായി താമസിക്കുന്നതിലുള്ള സംവിധാനങ്ങളുടെ അപര്യാപ്തത ഒരു പ്രധാന പ്രശ്നമായി ഇപ്പോഴും അവശേഷിക്കുകയാണ്.
ഈ അവസരത്തിൽ സ്ത്രീ സുരക്ഷയെ മുൻ നിർത്തി കോർപറേഷന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷന് സമീപം ഷി ലോഡ്ജ് ആരംഭിക്കുന്നത്. ഇതിനാവശ്യമായ സ്ഥലപരിശോധനകൾ പൂർത്തിയായി. ഷി ലോഡ്ജിന്റെ പൂർണ നയന്ത്രണം വനികതകൾക്കായിരിക്കും. ലോഡ്ജിന്റെ പ്രാരംഭ പ്രവർത്തനത്തിനായി 50 ലക്ഷം രൂപ കോർപറേഷൻ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ടൗൺ പോലീസ് സ്റ്റേഷന് സമീപത്ത് ഉണ്ടായിരുന്ന ടൗൺ എൽപി സ്കൂളിന്റെ 28 സെന്റ് സ്ഥലത്താണ് ലോഡ്ജ് നിർമ്മിക്കുന്നത്. സ്കൂളിന്റെ പെളിഞ്ഞ കെട്ടിടത്തിന്റെ അവശേഷിപ്പുകൾ ഇപ്പോഴും ഇവിടെയുണ്ട്.
കെട്ടിടത്തിന്റെ കല്ലുകളും മരങ്ങളും ലേലം ചെയ്യാനാണ് കോർപറേഷൻ തീരുമാനം. ലേല നടപടികൾക്ക് ശേഷം ലോഡ്ജിന്റെ പ്ലാൻ തയ്യാറാക്കണം. എന്നാൽ മാത്രമേ പദ്ധതിയുടെ കാലയളവ് നിശ്ചയിക്കാൻ സാധിക്കുകയുള്ളൂ. ഒരു വർഷത്തിനകം പദ്ധതി പൂർത്തീകരിക്കാനാണ് കോർപറേഷൻ തീരുമാനം. രണ്ട്, മൂന്ന് നിലകൾ സ്ത്രീകൾക്ക് ഉപകാരപ്രദമാക്കുന്ന രീതിയിൽ കെട്ടിട നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡെപ്യൂട്ടി മേയർ മീര ദർശക് ദീപികയോട് പറഞ്ഞു.
സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാനായി നടപ്പിലാക്കുന്ന പദ്ധതി ആയതിനാൽ തന്നെ ആണ് റെയിൽവേ സ്റ്റേഷനും ടൗൺപോലീസ് സ്റ്റേഷനും സമീപത്തുള്ള സ്ഥലം തെരഞ്ഞെടുത്തത്. ഏതു സമയത്തും ഓട്ടോ ലഭ്യമാക്കുന്നതും ഇവടെ എത്തുന്നവർക്ക് അനുഗ്രഹമാകും. താമസക്കാർക്ക് ഭക്ഷണവും ലോഡ്ജിൽ ലഭ്യമാക്കും. നഗരമധ്യത്തിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമാണിതെന്നും ഇവർ അഭിപ്രായപ്പെട്ടു.
2005ൽ കോർപറേഷൻ മാങ്കാവിൽ വിഭാവനം ചെയ്ത വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാനും കോർപറേഷൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിരവധി നിയമ സാങ്കേതിക കുരുക്കിൽ പെട്ട് മുടങ്ങിക്കിടക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റൽ റിവൈസ് എസ്റ്റിമേറ്റ് ചെയ്ത് ഈ വർഷം തന്നെ നിർമാണ പ്രവർത്തനം ആരംഭിക്കുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.