ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ എത്തുന്ന സ്ത്രീകൾക്കായി ഷീ ലോഡ്ജ് ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതിയിൽ സ്ത്രീ സുരക്ഷയ്ക്ക് നൽകുന്ന പ്രഥമ പരിഗണനയായാണു ഇരിങ്ങാലക്കുടയിൽ ഷീ ലോഡ്ജ് നിർമിക്കുന്നത്.
പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത മേരി തോമസിന്റെ ആദ്യത്തെ പ്രഖ്യാപനങ്ങളിൽ ഒന്നായാണു ഇരിങ്ങാലക്കുടയിൽ ഷീ ലോഡ്ജ് നിർമിക്കുന്നതായി അറിയിച്ചത്. ചരിത്രപ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രദർശനത്തിനും മറ്റുമായി എത്തുന്ന നിരവധി സ്ത്രീകളാണു ഇരിങ്ങാലക്കുടയിൽ തനിച്ച് തങ്ങാൻ ഇടമില്ലാതെ വിഷമിക്കുന്നത്.
ബസ് സ്റ്റാൻഡിനു വടക്കുഭാഗത്തായി ജില്ലാ പഞ്ചായത്തിനു അനുവദിച്ചുകിട്ടിയ ഒരേക്കർ സ്ഥലത്താണു ഷീ ലോഡ്ജ് നിർമിക്കുന്നത്. മൂന്നു നിലകളിലായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിൽ താഴത്തെ നിലയിൽ കുടുംബശ്രീ പ്രവർത്തകർക്കുള്ള ഷോംപ്പിംഗ് കോംപ്ലക്സും ഇപ്പോൾ അവിടെ പ്രവർത്തിക്കുന്ന ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂഷനും സ്ഥലം മാറ്റിവെക്കുന്നുണ്ട്. രണ്ട്, മൂന്ന് നിലകളിലായാണു ഷീ ലോഡ്ജ് പ്രവർത്തിക്കുക.