ചെറുതോണി: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി. മുരിക്കാശേരിപാറസിറ്റി മുഞ്ഞനാനി ജീവന്‍റെ ഭാര്യ ഷെബിന്‍(28) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. പെരുന്പാവൂര്‍ സ്വദേശി പൂവത്തുംകുഴിയില്‍ തന്പി ഏലിക്കുട്ടി ദന്പതികളുടെ മൂത്തമകളാണു ഷെബിന്‍. ഷെബിന്‍ സലാലയില്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് ഒരു വര്‍ഷമേ ആയുള്ളൂ. ഭര്‍ത്താവിനൊപ്പം ഫ്‌ളാറ്റെടുത്തു താമസിക്കുകയായിരുന്നു.
ജീവന്‍ ഹോട്ടല്‍ മാനേജ്‌മെന്‍റ് കോഴ്‌സ് പാസായി കഴിഞ്ഞ ആറു വര്‍ഷമായി സലാലയില്‍ ജോലി ചെയ്തു വരികയാണ്. സംഭവത്തെക്കുറിച്ച് ജീവന്‍റെ സുഹൃത്തുക്കള്‍ വീട്ടുകാര്‍ക്ക് നല്‍കിയ വിവരം ഇങ്ങനെ: വ്യാഴാഴ്ച രാവിലെ എട്ടോടെ ജീവന്‍ ജോലിക്കായി ഹോട്ടലിലേക്കു പോയി. ഷെബിന് ഉച്ചകഴിഞ്ഞായിരുന്നു ഡ്യൂട്ടി. ജീവന്‍ ജോലി സ്ഥലത്തെത്തി കുറച്ചുകഴിഞ്ഞപ്പോള്‍ ഷെബിന്‍ ഫോണില്‍ വിളിച്ച് കതകില്‍ ആരോ മുട്ടി വിളിക്കുന്നതായി പറഞ്ഞു.
കതക് തുറക്കേണ്ടെന്നും താന്‍ ഉടനെത്താമെന്നും ജീവന്‍ മറുപടി നല്‍കി. ഏതാനും മണിക്കൂര്‍ കഴിഞ്ഞു ജീവന്‍ വീട്ടിലെത്തുന്‌പോള്‍ ദേഹമാസകലം കുത്തേറ്റു രക്തത്തില്‍ കുളിച്ചു മരിച്ചു കിടക്കുന്ന ഭാര്യയെയാണു കണ്ടത്. ജീവന്‍റെ നിലവിളി കേട്ടാണു സമീപ ഫ്‌ളാറ്റുകളിലുള്ളവര്‍ പോലും സംഭവം അറിയുന്നത്. ജീവനും സുഹൃത്തുക്കളുമാണു വിവരം പോലീസിനെ അറിയിച്ചത്. ജീവനെ പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ജീവനെയും ഫ്‌ളാറ്റില്‍ താമസിക്കുന്നവരെയും പോലീസ് ചോദ്യംചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇദ്ദേഹം ജോലിചെയ്യുന്ന ഹോട്ടലിന്‍റെ ഉടമയെ മാത്രമെ ജീവനുമായി സംസാരിക്കാന്‍ പോലീസ് അനുവദിക്കുന്നുള്ളൂ.
സലാലയിലുള്ള ജീവന്‍റെ സുഹൃത്തുക്കളാണ് വീട്ടുകാരെ വിവരം അറിയിച്ചത്. അവര്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ മാത്രമേ ഷെബിന്‍റെയും ജീവന്‍റെയും വീട്ടുകാര്‍ക്ക് അറിയൂ. ഇവര്‍ ജീവനുമായി ഫോണിലൂടെ ബന്ധപ്പെടാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ഫോണ്‍ റിംഗ് ചെയ്യുന്നതല്ലാതെ ആരും എടുത്തില്ല.
ജിവന്‍ പോലീസ് കസ്റ്റഡിയിലായതിനാലാവാം ഫോണ്‍ എടുക്കാത്തതെന്നു ബന്ധുക്കള്‍ കരുതുന്നു. നെടുങ്കണ്ടം സ്വദേശിയായ ഷെബിന്‍റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുന്പ് മക്കളുടെ പഠനസൗകര്യത്തിനായിട്ടാണു പെരുന്പാവൂരിലേക്കു താമസം മാറിയത്. ഷെബിന് രണ്ട് അനിയത്തിമാരാണ് ഉള്ളത്. സ്‌നേഹമോളും ആതിരമോളും.