ബെയ്ജിംഗ്: ആഗോള വ്യാപാരയുദ്ധ സാധ്യതകൾ കുറയ്ക്കുന്ന നിലപാടുമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. ചൈനയിലെ വാഹനനിർമാണ മേഖലയിൽ വിദേശ കന്പനികൾക്കു കൂടുതൽ പങ്കാളിത്തം അനുവദിക്കുമെന്നും വിദേശ ധനകാര്യസ്ഥാപനങ്ങൾക്കു ചൈനയിൽ പ്രവർത്തനാനുമതി നല്കുമെന്നും ഷി പറഞ്ഞു.
ഇറക്കുമതിച്ചുങ്കം കുറയ്ക്കുമെന്നും പ്രസ്താവിച്ചു. ഹൈനാനിൽ ബൊയാവോ ഫോറം ഫോർ ഏഷ്യ എന്ന ബിസിനസ് സമ്മേളനവേദിയിലായിരുന്നു ഷിയുടെ പ്രസംഗം. ഇതേത്തുടർന്ന് ഏഷ്യൻ ഓഹരികൾ കുതിച്ചു. ചൈനയിലെ ഓഹരിസൂചികകൾ 1.7 ശതമാനം മുതൽ 1.9 ശതമാനം വരെ കയറി.
എന്നാൽ, ഷിയുടെ പ്രസംഗത്തിൽ പുതുതായി ഒന്നുമില്ലെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടി. 2013 മുതൽ ചൈനീസ് നേതാക്കൾ ഇതു പറയുന്നതാണ്. കഴിഞ്ഞ നവംബറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിലെത്തിയപ്പോഴും ഇതേ പ്രസ്താവനകൾ ഷിയും മറ്റും നടത്തിയതാണ്.
ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്കയും അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചൈനയും പിഴച്ചുങ്കം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഷി സമയബന്ധിതമായി എന്തെങ്കിലും പ്രഖ്യാപിക്കും എന്നു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ, മാറ്റങ്ങൾ എന്നാണു നടപ്പാകുക എന്നു ഷി പറഞ്ഞില്ല.
ചൈനയിൽ അമേരിക്കൻ ബാങ്കുകൾ, ഇൻഷ്വറൻസ് കന്പനികൾ എന്നിവയ്ക്കു പ്രവേശനമനുവദിക്കുക, അമേരിക്കൻ കാർ കന്പനികൾക്കു ഭൂരിപക്ഷ ഓഹരി പങ്കാളിത്തം അനുവദിക്കുക, സാങ്കേതികവിദ്യ കൈമാറുന്നതു നിർബന്ധമാക്കുന്ന ചൈനീസ് നിയമങ്ങൾ മാറ്റുക എന്നിവ അമേരിക്ക ഈയിടെ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളാണ്.
അമേരിക്കൻ ഭീഷണിക്കു വഴങ്ങി ഇതിനൊക്കെ സമയപരിധിവയ്ക്കാൻ തയാറല്ലെന്നാണു ചൈനീസ് പക്ഷം. എങ്കിലും ധാരണയ്ക്കു പഴുതുണ്ടെന്നു ഷിയുടെ പ്രസംഗം വ്യക്തമാക്കി.
അമേരിക്ക വാഹനങ്ങൾക്കു രണ്ടര ശതമാനം ചുങ്കം ചുമത്തുന്പോൾ ചൈന 25 ശതമാനം ചുങ്കം ഈടാക്കുന്നുണ്ട്. ഇതു വലിയൊരു തർക്കവിഷയമാണ്.
ഇതിനിടെ ചൈനീസ് സ്റ്റീലിനും അലൂമിനിയത്തിനും അമേരിക്ക പിഴച്ചുങ്കം ഏർപ്പെടുത്തിയതിനെതിരേ ചൈന ലോകവ്യാപാര സംഘടന (ഡബ്ല്യുടിഒ) യിൽ പരാതി നല്കി. പിഴച്ചുങ്കം രാജ്യാന്തരനിയമങ്ങൾക്കും ഡബ്ല്യുടിഒ ചട്ടങ്ങൾക്കും എതിരാണെന്നു ചൈന വാദിക്കുന്നു.