ചാരുംമൂട്: ജൈവ പച്ചക്കറി കൃഷിയിൽ വിപ്ലവം രചിച്ച് നൂറനാട് സ്വദേശിനിയായ വീട്ടമ്മ . നൂറനാട് എരുമക്കുഴി ദീപാ ഭവനത്തിൽ ഷീബാ നായർ (46) ആണ് സ്വന്തം സ്ഥലത്തും പാട്ടത്തിന് എടുത്ത ഒന്നര ഏക്കറിലും ജൈവ പച്ചക്കറി കൃഷിയിലൂടെ ഇപ്പോൾ നൂറുമേനി വിളവെടുക്കുന്നത്.
ആദ്യം സ്വന്തമായിട്ടുള്ള മുപ്പത് സെന്റ് പുരയിടത്തിലായിലുന്നു കൃഷി പിന്നീട് ജൈവ പച്ചക്കറിയ്ക്ക് ആവശ്യക്കാരായി ഗ്രാമവാസികൾ സമീപിക്കാൻ തുടങ്ങിയതോടെ എരുമക്കുഴി സ്വദേശി എംജി.രാധാകൃഷ്ണനുണ്ണിത്താൻ എന്ന ആളുടെ ഒന്നര ഏക്കർ ഭൂമി കൂടി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു.
ഒരു വീട്ടിലെ പാചകത്തിനാവശ്യമുള്ള മുഴുവൻ പച്ചക്കറി കളും കൃഷി ചെയ്ത് വിപണനം നടത്തുക എന്നതാണ് ലക്ഷ്യമെന്ന് ഷീബ നായർ പറയുന്നു.
വീട്ടിലെ ആവശ്യത്തിനുള്ള എല്ലായിനം പച്ചക്കറികളും സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നതിനാൽ കഴിഞ്ഞ കുറെ നാളുകളായി പുറത്തുനിന്ന് ഇവർ വീട്ടിലേക്ക് പച്ചക്കറികൾ ഒന്നും വാങ്ങുന്നില്ല. വീട്ടമ്മയ്ക്ക് പാലമേൽ കൃഷിഭവനും കൃഷി ഓഫീസർ പി.രാജശ്രീയും എല്ലാ സഹകരണവും നൽകി വരുന്നുണ്ട് .
തികച്ചും ജൈവ കൃഷി രീതിയാണ് അവലംബിച്ചിരിക്കുന്നത് . ചാണകം, കടലപ്പിണ്ണാക്ക് , വേപ്പുപൊടി എന്നിവ യാണ് പ്രധാനമായും വള മായി ഉപയോഗിക്കുന്നത് .
അയൽക്കാരും ഹാപ്പിയാണ്!
കീടരോഗ പ്രതിരോധത്തിനായി വേപ്പിൻ പിണ്ണാക്കും വേപ്പെണ്ണയും വെളുത്തുള്ളി കഷായവും ഉപയോഗിക്കുന്നു. പച്ചക്കറി കൃഷിയുടെ യഥാർത്ഥ പ്രയോജനം ഉണ്ടായത് ലോക്ക് ഡൗൺ കാലതാണ്.
ഒരിക്കലും വീട്ടിലെ കറികൾക്ക് ക്ഷാമമുണ്ടായില്ല. അയൽവാസികൾക്കും ബന്ധുക്കൾക്കും പച്ചക്കറികൾ നല്ല രീതിയിൽ നൽകുകയും ചെയ്തു. ലോക്ക് ഡൗൺ കാലത്ത് കൃഷി കൂടുതൽ പരിപോഷിപ്പിക്കുകയും ചെയ്തു.
പാവൽ, പടവലം, അച്ചിങ്ങ പയർ, , വഴുതന, വെണ്ടയ്ക്ക, കാബേജ്, ചീര, തക്കാളി, ഉള്ളി, കറിവേപ്പില, മത്തങ്ങ, കോവയ്ക്ക, ചേന, ചേമ്പ്, ഏത്തവാഴ, ഇഞ്ചി, മഞ്ഞൾ, കാന്താരി, കുമ്പളങ്ങ തുടങ്ങിയ നിരവധി പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
വീട്ടമ്മയ്ക്ക് പ്രചോദനമായി ഭർത്താവ് ഉത്തമൻ നായരും എം.ടെക് വിദ്യാർത്ഥിനിയായ മകൾ ദീപയും കൃഷി കാര്യങ്ങളിൽ സഹായത്തിന് ഒപ്പ മുണ്ട് .പാലമേൽ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗമായ ഷീബാ നായർ തെങ്ങുകയറ്റവും, ട്രാക്ടർ പരിശീലനവും, നടീൽ യന്ത്രങ്ങളുടെ പ്രവർത്തന ഓപ്പറേറ്റിംങ്ങും സ്വന്തമാക്കി കഴിവ് നേടിയ വീട്ടമ്മയാണ്.