പൊൻകുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചിൽ നഴ്സായ ചിറക്കടവ് ഓലിക്കൽ ഷീജ കൃഷ്ണ (43)ന്റെ മരണത്തിന് പിന്നിൽ ഭർതൃപീഡനമെന്ന് ബന്ധുക്കൾ ആരോപിച്ചു.
തിങ്കളാഴ്ച രാത്രിയാണ് ഷീജ താമസസ്ഥലത്ത് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഓലിക്കൽ കൃഷ്ണൻ കുട്ടിയുടെയും ശ്യാമളയുടെയും മകളാണ്.
പാലാ അമനകര സ്വദേശി ബൈജുവാണ് ഭർത്താവ്. ഇവരൊന്നിച്ച് ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു.
ഭർത്താവിന്റെ സുഹൃത്തുക്കൾ ആദ്യം അറിയിച്ചത് പനിയെതുടർന്ന് ഹൃദയാഘാതത്താൽ മരിച്ചുവെന്നാണ്.
എന്നാൽ, പിന്നീട് ഷീജയുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് അറിഞ്ഞത്.
മരണത്തിന് തൊട്ടുമുന്പുള്ള ദിവസങ്ങളിൽ അടുത്ത സുഹൃത്തുക്കളോട് ഷീജ തന്റെ കുടുംബപ്രശ്നങ്ങൾ സംസാരിച്ചിരുന്നതിന് തെളിവായി ശബ്ദസന്ദേശങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചു.
ആറുലക്ഷം ഇന്ത്യൻ രൂപ ശമ്പളമുണ്ടായിട്ടും തനിക്ക് ജീവിതത്തിൽ സ്വസ്ഥതയില്ലെന്നും ജീവനൊടുക്കുമെന്നും സൂചിപ്പിച്ചിരുന്നു.
മരണം നടക്കുന്ന ദിവസം മക്കളിൽ ഒരാൾക്ക് പനിയായതിനാൽ ഭർത്താവ് ജോലി സ്ഥലത്തുനിന്നെത്തി ആശുപത്രിയിൽ കൊണ്ടുപോയെന്നും തിരികെയെത്തി വീടിന് മുന്പിൽ മകനെ ഇറക്കിവിട്ട് മടങ്ങിയെന്നുമാണ് പോലീസിന് ഭർത്താവ് നൽകിയ മൊഴി.
വീടിനുള്ളിൽ കയറിയ മകൻ ഷീജയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും മകൻ അറിയിച്ചതനുസരിച്ച് മടങ്ങിയെത്തുകയായിരുന്നുവെന്നും ഇയാൾ മൊഴിനൽകി.
ബന്ധുക്കൾ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി വി. മുരളീധരനും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്.
ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട് ഇതിനുളള നടപടി സ്വീകരിക്കുമെന്ന് വി. മുരളീധരൻ അറിയിച്ചിട്ടുണ്ട്.
എന്നാൽ, അവിടുത്തെ നിയമപ്രകാരം ഭർത്താവിന്റെ കൂടി സമ്മതമുണ്ടെങ്കിലേ മൃതദേഹം അവിടെനിന്ന് കൊണ്ടുപോരാനാകൂ എന്ന് പ്രദേശത്തുള്ള മലയാളികൾ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
മരണത്തിന് പിന്നിൽ ഭർതൃപീഡനമെന്ന പരാതിയുള്ളതിനാൽ അക്കാര്യം ഹൈക്കമ്മീഷന് ബോധ്യപ്പെട്ട് ഇടപെടൽ നടത്തിയാലേ മൃതദേഹം വിട്ടുകിട്ടൂ എന്നാണ് സൂചന.