കോട്ടയം: പൊൻകുന്നം ചിറക്കടവ് സ്വദേശിനിയായ നഴ്സ് ഇംഗ്ലണ്ടിൽ മരിച്ച സംഭവത്തിലെ ദുരൂഹത മറ നീക്കി പുറത്തുവരുമെന്ന പ്രതീക്ഷയിൽ ബന്ധുക്കൾ.അവിടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്. ഇംഗ്ലണ്ടിലെ റെഡിച്ചിൽ കുടുംബ സഹിതം താമസിച്ചിരുന്ന ഷീജ കൃഷ്ണനെ (43) ആണ് തിങ്കളാഴ്ച രാത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് ബൈജു ശാരീരികമായ ഉപദ്രവിച്ചിരുന്നതായും ആത്മഹത്യചെയ്യുന്നതു സംബന്ധിച്ചും ഷീജ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള വിവരങ്ങൾക്കായി ഷീജയുടെ മൊബൈൽ ഫോണ് പൊലീസ് കസ്റ്റഡിയിലെടുത്തു.
മരണത്തിനു പിന്നിൽ ഭർത്താവിന്റെ പീഡനമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഷീജയ്ക്കു പനിയുണ്ടായിരുന്നതായും ഇതേ തുടർന്നു ഹൃദയാഘാതം അനുഭവപ്പെട്ടതായും ഭർത്താവിന്റെ സുഹൃത്തുക്കളാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്.
ഭർത്താവുമായി സ്വരച്ചേർച്ചയിലായിരുന്നില്ലെന്നും മുന്പ് ഷീജയെ മർദിച്ചിരുന്നതായും പലതവണ വിവാഹ മോചനത്തിനു ഷീജ ശ്രമിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. വർഷങ്ങളായി ഷീജയും കുടുംബവും ഇംഗ്ലണ്ടിലാണ്.
ഡൽഹിയിലെ ഹോളി ഫാമിലി നഴ്സിംഗ് കോളജിൽ പഠനം നടത്തി എസ്കോർട്ട് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഷീജയ്ക്കു ഇംഗ്ലണ്ടിൽ സർക്കാർ ജോലി ലഭിച്ചത്. തുടർന്നു അവിടേക്കു കുടുംബമായി പോവുകയായിരുന്നു.
ഇടയ്ക്കു ജോലി നഷ്ടമായതിനെത്തുടർന്നു ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു.
ചിറക്കടവ് ഓലിക്കൽ കൃഷ്ണൻകുട്ടിയുടെയും ശ്യാമളയുടെയും മകളാണ് ഷീജ. പാലാ അമനകര സ്വദേശിയായ ബൈജുവാണ് ഇവരുടെ ഭർത്താവ്. ഇയാൾ ഇലക്ട്രിക്കൽ ജോലികളാണ് ചെയ്തിരുന്നത്. ആയുഷും ധനുഷും മക്കളാണ്.