ന്യൂഡൽഹി: ഡൽഹി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഷീല ദീക്ഷിത് എത്തിയേക്കുമെന്ന് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തെ എതിർക്കില്ലെന്ന പ്രസ്താവനയാണ് അജയ് മാക്കനു പിൻഗാമിയായി ഷീല എത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നിൽ.
ഡൽഹിയിലെ കോൺഗ്രസ് കുത്തക തകർത്ത എഎപിയുമായി കൂട്ടുചേരാൻ ഷീല ഇതുവരെ തയാറായിരുന്നില്ല. സഖ്യത്തിനെതിരെ കടുത്ത വിയോജിപ്പാണ് അവർ പുലർത്തിവന്നത്. എന്നാൽ കഴിഞ്ഞ ദിവസം പാർട്ടി തീരുമാനിച്ചാൽ എഎപിയുമായുള്ള സഖ്യം അംഗീകരിക്കുമെന്ന് ഷീല പറഞ്ഞു. പാർട്ടി തീരുമാനിച്ചാൽ, ഹൈക്കമാൻഡ്, രാഹുൽ ഗാന്ധി അവരെല്ലാം തീരുമാനിച്ചാൽ എല്ലാവരും അംഗീകരിച്ചേ മതിയാകൂ- അവർ പറഞ്ഞു. ഷീലയുടെ നിലപാട് മാറ്റവും ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത നേതാവായിരുന്നു അജയ് മാക്കനെന്നതും ശ്രദ്ധേയമാണ്.
ആരോഗ്യ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ ദിവസമാണ് അജയ് മാക്കൻ ഡൽഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. രണ്ട് തവണ എംപിയും മുൻ കേന്ദ്രമ ന്ത്രിയുമായ അജയ് മാക്കൻ, 2015ലാണ് ഡിപിസിസി അധ്യക്ഷനാകുന്നത്. അരവിന്ദർ സിംഗ് ലവ്ലിയെ മാറ്റിയിട്ടായിരുന്നു നിയമനം. 2017 മേയിൽ നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു തിരിച്ചടിയേറ്റതിനെ തുടർന്ന് മാക്കൻ രാജിവയ്ക്കാൻ ഒരുങ്ങിയെങ്കിലും ഉപാധ്യക്ഷനായിരുന്ന രാ ഹുൽ ഗാന്ധി അതു തള്ളിയിരുന്നു.