കുടുംബനാഥൻ തെരഞ്ഞെടുപ്പിനെ നേരിടുന്പോൾ രാഷ്ട്രീയത്തിൽ സജീവമല്ലെങ്കിലും ഭാര്യയ്ക്കും മക്കൾക്കും വെറുതെയിരിക്കാനാവില്ല. പരസ്യമായും അല്ലാതെയും അവരും പ്രചാരണത്തിൽ പങ്കാളികളാകുന്നു. സ്ഥാനാർഥിയുടെ തിരക്കും ടെൻഷനും അവരും അനുഭവിക്കുന്നു. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ കുടുംബങ്ങളുടെ തെരഞ്ഞെടുപ്പുകാല വിശേഷങ്ങൾ.
തിരക്കിലലിഞ്ഞ് അന്നയും
ഹൈബി ഈഡനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ മുതൽ ഭാര്യ അന്നയും തിരക്കിലായി. പോസ്റ്റർ ഡിസൈനിംഗിലായിരുന്നു ആദ്യശ്രദ്ധ. സ്ഥിരം കണ്ടുകൊണ്ടിരിക്കുന്ന രീതിയിൽനിന്നു വ്യത്യസ്തമായി ഹൈബിയെ ജനത്തിനു മുന്നിൽ അവതരിപ്പിക്കണമെന്ന ചിന്തയിൽ പോസ്റ്ററുകൾ തയാറാക്കി. ഇതിനായി ഡ്രസ് നിശ്ചയിക്കുന്നതിൽ വരെ അന്നയുടെ ഇടപെടലുണ്ടായി.
എറണാകുളത്തു യുവത്വത്തിന്റെ പോരാട്ടമാണ്. വോട്ടർമാരിലും യുവാക്കൾ ഏറെ. അതുകൊണ്ടുതന്നെ സ്ഥിരമായുള്ള വെള്ള ഡ്രസിനു പുറമെ കളർ ഡ്രസും വേണമെന്നു അന്ന നിർബന്ധം പിടിച്ചു. ഫോട്ടോയ്ക്കു പോസ് ചെയ്ത രീതിയിലും മാറ്റം വരുത്തി. പോസ്റ്റർ ഡിസൈനിംഗിനായി രാത്രി വൈകും വരെ ചെലവഴിച്ചു. പ്രചാരണരംഗത്തും അന്ന സജീവമാണ്. രാവിലെ ഏഴിന് ഇറങ്ങുന്ന ഇവർ തിരിച്ചു വീട്ടിലെത്തുന്പോൾ രാത്രിയാകും. ജനങ്ങളുടെ സന്തോഷം കാണുന്പോൾ വീട്ടിലിരിക്കാൻ കഴിയുന്നില്ലെന്ന് അന്ന പറയുന്നു.
ഹൈബിയുടെ ജീവിതത്തിലേക്കു കടന്നുവന്നശേഷം രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. ആദ്യത്തെ മത്സരത്തിൽ എറണാകുളം മണ്ഡലത്തിൽനിന്നു ജയിച്ച് എംഎൽഎയായി. പ്രചാരണദിനങ്ങളിൽ ഭർത്താവിന്റെ ഡ്രസ്, ഭക്ഷണം എന്നീ കാര്യങ്ങളിൽ അന്ന ശ്രദ്ധാലുവാണ്. എറണാകുളം നിയമസഭാ മണ്ഡലത്തിലെ ആളുകളെ പരിചിതമാണെങ്കിലും മറ്റു നിയമസഭ മണ്ഡലങ്ങളിലെ ആളുകളെ അത്ര പരിചയമില്ല. അതുകൊണ്ടു പരമാവധി വോട്ടർമാരെ നേരിൽ കാണാൻ അന്ന ശ്രമിക്കുന്നു.
ഓരോ സ്ഥലത്തുമുള്ള പ്രവർത്തകരെ കൂട്ടിയാണു വോട്ട് അഭ്യർഥന. ബഹളങ്ങളില്ലാതെ വീടുകളും കോണ്വന്റുകളും കോളജുകളും കോളനികളും സ്ഥാപനങ്ങളും കയറിയിറങ്ങുന്നു. ഓരോ സ്ഥലങ്ങളിലും ഹൈബിയുടെ പിതാവ് ഈഡന്റെ (അദ്ദേഹം എറണാകുളത്തു രണ്ടുതവണ എംപിയായിരുന്നു) സുഹൃത്തുക്കളും പരിചയക്കാരും സഹായിക്കുന്നുണ്ടെന്ന് അന്ന പറഞ്ഞു.
രാത്രി എത്ര വൈകി കിടന്നാലും പുലർച്ചെ 5.30നു ഹൈബി റെഡിയാകും. 6.30നു തന്നെ പര്യടനം ആരംഭിക്കും. ഇറങ്ങുന്നതിനു മുന്പു വാഹനത്തിൽ ഒരുദിവസത്തേക്ക് ആവശ്യമായ ഡ്രസുകളും ഫ്രൂട്ട്സും അന്ന വാഹനത്തിൽ എടുത്തുവയ്ക്കും. പഴങ്ങളും പച്ചക്കറികളും നുറുക്കി ബോക്സുകളിലാക്കിയാണു വയ്ക്കുക. കുടിക്കാൻ കരിക്കിൻ വെള്ളവും വാഹനത്തിൽ ഉണ്ടാകും. ഭർത്താവിന്റെ തിരക്കുമായി അന്നയും പൊരുത്തപ്പെട്ടിരിക്കുന്നു. ഹൈബിയുടെ മകൾ ക്ലാരയും ചില സ്ഥലങ്ങളിൽ അച്ഛനും അമ്മയ്ക്കുമൊപ്പം പ്രചാരണത്തിനു പോകുന്നുണ്ട്.
ഡോ. വാണിയുടെ സങ്കടം
ഭർത്താവ് മത്സരിക്കുന്പോൾ ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നതാണ് ഒരു വോട്ടെങ്കിലും വീടുകയറി ഉറപ്പിക്കണമെന്ന്. എന്നാൽ സർക്കാർ ജോലിക്കാരിയായതിനാൽ പ്രചാരണത്തിനിറങ്ങാൻ എൽഡിഎഫ് സ്ഥാനാർഥി പി. രാജീവിന്റെ ഭാര്യ ഡോ. വാണി കേസരിക്കു സാധിക്കില്ല. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ പ്രഫസറായ ഡോ. വാണിക്ക് അതിന്റെ ഒരു സങ്കടമുണ്ട്. എന്നിരുന്നാലും പ്രചാരണത്തിരക്കിൽനിന്നു വാണി ഒഴിഞ്ഞു നിൽക്കുന്നില്ല. ഭർത്താവിന്റെ വിജയത്തിനു വേണ്ടി തന്നാൽ കഴിയാവുന്നതെല്ലാം അവർ ചെയ്യുന്നു.
പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായില്ലെങ്കിലും നേരിട്ടു പ്രവർത്തിക്കുന്ന പ്രതീതിയാണു ദിവസവും ലഭിക്കുന്നതെന്നു ഡോ. വാണി കേസരി പറയുന്നു. രാവിലെ മുതൽ വൈകുവോളം നടക്കുന്ന ഓരോ പരിപാടികളും വീട്ടിലെത്തിയാൽ വിവരിക്കുകയെന്നതു രാജീവിന്റെ സ്വഭാവമാണ്. എവിടെയൊക്ക പോയി, ആരെയൊക്കെ കണ്ടു, എന്തെല്ലാം സംഭവിച്ചു തുടങ്ങി ഓരോന്നും അക്കമിട്ടു നിരത്തും.
വിവാഹശേഷം ആദ്യമായിട്ടാണു ഭർത്താവിന്റെ തെരഞ്ഞെടുപ്പു മത്സരം. അതിന്റേതായ കൗതുകം കുട്ടികൾക്കെന്നപോലെ എനിക്കുമുണ്ട്. പരസ്യമായി വോട്ട് അഭ്യർഥിച്ച് ഇറങ്ങാനായില്ലെങ്കിലും മാനസികമായ എല്ലാ പിന്തുണയും മക്കളായ ഹൃദ്യയും ഹരിതയും താനും നൽകുന്നുണ്ടെന്നു വാണി പറഞ്ഞു. കുട്ടികളെയും പ്രായമായവരെയും ഏറെ ഇഷ്ടപ്പെടുന്ന രാജീവിനു മിക്കദിവസങ്ങളിലും സംസാരിക്കാനുണ്ടാകുന്നത് അന്നു കണ്ട കുട്ടികളുടെ കളിചിരികളും ചെന്നെത്തിയ ഇടങ്ങളിൽ പ്രായമായവർ നൽകിയ സ്നേഹ സ്വീകരണങ്ങളെയും കുറിച്ചാണ്.
സ്വീകരണവേളകളിൽൽ ലഭിക്കുന്ന ചെറിയ സമ്മാനപ്പൊതികൾ പോലും സൂക്ഷിച്ചുവച്ചു വീട്ടിൽ കൊണ്ടുവരും. ഇതൊക്കെ ജനങ്ങൾക്കു തന്നോടുള്ള സ്നേഹമാണെന്നാണു രാജീവ് പറയുന്നത്. അവധിക്കാല ക്ലാസിൽ പങ്കെടുക്കാൻ പോയതിനെത്തുടർന്ന് അച്ഛന്റെ പ്രചാരണ പരിപാടികളിൽ തുടക്കത്തിൽ മക്കളായ ഹൃദ്യയ്ക്കും ഹരിതയ്ക്കും പങ്കെടുക്കാനായിരുന്നില്ല. കലാശക്കൊട്ടിന് ഇവർ രംഗത്തുണ്ടാകും.
വിശ്രമമില്ലാതെ ഷീലയും
വ്യക്തിഗത വോട്ടുകൾ പരമാവധി അക്കൗണ്ടിലേക്ക് ഉറപ്പിക്കണം. അതിനായി ഫ്ളാറ്റുകളിലും റസിഡന്റ്സ് മേഖലകളിലും ഒറ്റയ്ക്കും കൂട്ടമായും വോട്ടഭ്യർഥിക്കലിന്റെ തിരക്കിലാണ് എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനം. സുഹൃത്തുക്കളും പാർട്ടിപ്രവർത്തകരുമായ സ്ത്രീകൾ ഒപ്പമുണ്ട്. വെയിലും ചൂടുമൊന്നും ഷീല കണ്ണന്താനത്തിന്റെ പ്രചാരണത്തെ ക്ഷീണിപ്പിക്കുന്നില്ല. ഉച്ചയ്ക്കുപോലും വിശ്രമമില്ലാതെയാണ് വോട്ടഭ്യർഥന.
രാവിലെ ഏഴിനു തന്നെ സ്ഥാനാർഥിക്കൊപ്പം പ്രചാരണ രംഗത്തിറങ്ങും. ചൂടിനെ പ്രതിരോധിക്കാനും ക്ഷീണം അകറ്റാനും വെള്ളവും കൊത്തിനുറുക്കിയ പഴങ്ങളുമൊക്കെ വാഹനത്തിൽ കരുതിയിട്ടുണ്ടാകും. ഭർത്താവിന്റേത് നാടിളക്കിയുള്ള പ്രചാരണമാണെങ്കിലും ഭാര്യ ഷീലയുടേത് വ്യക്തികളെ നേരിൽ കണ്ടുള്ള നിശബ്ദമായ വോട്ടഭ്യർഥനയാണ്. റസിഡന്റ്സ് അസോസിയേഷൻ മീറ്റിംഗുകളും വനിതാക്കൂട്ടായ്മകളും കുടുംബയോഗങ്ങളും കോണ്വന്റുകളും പള്ളികളുമൊക്കെയാണ് ഷീല കണ്ണന്താനത്തിന്റെ പ്രചാരണ മേഖലകൾ.
മിക്കപ്പോഴും രാത്രി ഏറെ വൈകിയാകും ഇരുവരും പ്രചാരണ പരിപാടികൾ അവസാനിപ്പിച്ച് വീട്ടിലേക്കു വരിക. വീട്ടിലെത്തിയാൽ ചൂടുവെള്ളത്തിൽ കുളി. പിന്നെ ഭക്ഷണം. ഇതിനിടെ അന്നത്തെ പ്രചാരണ പ്രവർത്തനങ്ങളുടെ അവലോകനം. മികവുകളും പോരായ്മകളും ചർച്ചചെയ്യും. പാളിച്ചയുണ്ടായതായി തോന്നിയാൽ അത് എങ്ങനെ പരിഹരിക്കാമെന്നതാകും തുടർന്നുള്ള ചർച്ച.
അങ്ങനെ സംസാരിച്ച് ഉറങ്ങാൻ കിടക്കുന്പോൾ മിക്കപ്പോഴും അർധരാത്രി ഒന്നുരണ്ടുമണിയൊക്കെയാകും. നാലു മണിക്കൂർ മാത്രമേ പരമാവധി ഉറക്കമുള്ളു. രാവിലെ അഞ്ചിന് എഴുന്നേൽക്കും. അന്നത്തെ പ്രചാരണത്തിന്റെ ബ്രീഫിംഗ് ഉണ്ടാകും. ഏഴോടെ ഇരുവരും വ്യത്യസ്ത വഴികളിലായി പ്രചാരണ രംഗത്തേക്ക് ഇറങ്ങും.