ലിജിൻ കെ. ഈപ്പൻ
സാധാരണയായി നായികമാർ വിവാഹത്തോടെ സിനിമയിൽ നിന്നും മാറിനിൽക്കുന്പോൾ വിവാഹിതയായി, കുട്ടികളുമായതിനു ശേഷമാണ് ഷീലു സിനിമയിലേക്കെത്തുന്നത്. ചെറിയ കാലയളവിൽതന്നെ പ്രേക്ഷക ശ്രദ്ധ നേടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനായതാണ് ഈ കലാകാരിയുടെ വിജയം. മമ്മൂട്ടി ചിത്രം പുതിയ നിയമത്തിലെ ജീന ബായ് ഐപിഎസ് ഷീലുവിന്റെ ഏറെ ശക്തമായ കഥാപാത്രമായിരുന്നു. നായികയായും സഹതാരമായും മലയാളത്തിൽ മേൽവിലാസമൊരുക്കുന്ന ഷീലുവിന്റെ വിശേഷങ്ങളിലൂടെ… ഒപ്പം നിലപാടുകളിലൂടെ…
കുടുംബിനിയിൽ നിന്നും സിനിമാ അഭിനയത്തിലേക്കെത്തുന്നത് എങ്ങനെയാണ്?
ചെറുപ്പം മുതൽ തന്നെ നൃത്തം ജീവിതത്തിനൊപ്പമുണ്ടായിരുന്നു. ആ കാലയളവിലാണ് അഭിനയത്തിനോടും ആഗ്രഹമുണ്ടാകുന്നത്. പതിനാറു വയസുള്ളപ്പോൾ ഒരു മാഗസിനിൽ കവർ ചിത്രം വന്നിരുന്നു. അതു കണ്ടിട്ട് സിനിമയിൽ അഭിനയിക്കാൻ ഓഫർ വന്നിരുന്നു. പക്ഷേ, വീട്ടിൽ നിന്നും അതിനോടു താല്പര്യമില്ലായിരുന്നു. അന്നു മുതൽ മനസിൽ ആ ആഗ്രഹം ഉണ്ടായിരുന്നു. വിവാഹത്തിനു ശേഷം വീണ്ടും ആ ആഗ്രഹം മനസിലെത്തിയപ്പോൾ ഭ ർത്താവ് പിന്തുണ നൽകി. അങ്ങനെയാണ് 2013-ൽ വീപ്പിംഗ് ബോയി എന്ന സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. എങ്കിലും പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞു തുടങ്ങുന്നത് ഷീ ടാക്സിയിലൂടെയാണ്. തിയറ്ററിൽ വലിയ വിജയം നേടിയില്ലെങ്കിലും ടെലിവിഷനിലൂടെ ഫാമിലിക്കു പരിചിതമായ ചിത്രമായിരുന്നു അത്. അതുകൊണ്ടു തന്നെ ഇപ്പോഴും പലരും ഷീടാക്സിയിൽ അഭിനയിച്ചിരുന്ന കുട്ടിയല്ലേ എന്നാണ് ചോദിക്കുന്നത്.
ആദ്യ ചിത്രമായ വീപ്പിംഗ് ബോയിലൂടെ കാമറക്കു മുന്നിലേക്കെത്തിയപ്പോൾ ടെൻഷൻ ഉണ്ടായിരുന്നോ?
ആദ്യ ചിത്രത്തിലേക്കെത്തുന്പോഴും അഭിനയത്തിൽ എനിക്കു ടെൻഷൻ ഉണ്ടായിരുന്നില്ല. പിന്നെ കാമറക്കു മുന്പിൽ എങ്ങനെയാകണമെന്ന ചിന്ത ഉണ്ടായിരുന്നു. വീപ്പിംഗ് ബോയി ചെയ്യുന്പോഴൊക്കെ ഫ്രേമിൽ എങ്ങനെ മുവ്മെന്റ്സ് കൊടുക്കാമെന്ന കണ്ഫ്യൂഷനായിരുന്നു. ആദ്യത്തെ ഒന്നു രണ്ടു സിനിമകൾ ഇന്നു കാണുന്പോൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നാറുണ്ട്. വീപ്പിംഗ് ബോയി ചെയ്യുന്പോൾ ശ്രീനിവാസൻ ചേട്ടനൊപ്പമുള്ള കോന്പിനേഷനായിരുന്നു ആദ്യത്തേത്. ശ്രീനിയേട്ടനൊപ്പമുള്ള തുടക്കംതന്നെ ഒരു ഭാഗ്യമായിരുന്നു. ആ ചിത്രത്തിൽ ഡോ. റോസ് എന്നൊരു കഥാപാത്രമായിരുന്നു. അതിനു ശേഷം ചെയ്യുന്നത് മമ്മൂക്കയ്ക്കൊപ്പമുള്ള മംഗ്ലീഷാണ്.
ഇക്കാലയളവിൽ മമ്മൂക്ക ചിത്രങ്ങളിൽ സ്ഥിരമായി എത്തുന്നുണ്ടല്ലോ?
മംഗ്ലീഷിൽ അഭിനയിക്കുന്പോൾ മമ്മൂട്ടിക്കൊപ്പമെന്ന ഒരു പേടിയുണ്ടായിരുന്നു മനസിൽ. ചിത്രത്തിൽ മമ്മൂക്കയുമായുള്ള സീൻ ആദ്യം ശരിയാകാതെ വന്നപ്പോൾ അദ്ദേഹം വന്ന് അഭിനയിച്ചു കാണിച്ചൊക്കെ തന്നിരുന്നു. അതായിരുന്നു മമ്മൂക്കയോക്കൊപ്പമുള്ള ആദ്യ അനുഭവം. പിന്നീട് ഷീ ടാക്സി, കനൽ തുടങ്ങിയ കുറച്ചു സിനിമ ചെയ്തിരുന്നു. എക്സ്പീരിയൻസാകുന്പോഴാണ് നമുക്കു കൂടുതൽ മികച്ചതാക്കാൻ സാധിക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ നിയമം ഒരു ടെൻഷനുമില്ലാതെ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ സാധിച്ചു. ആ ചിത്രത്തിൽ ഐപിഎസ് കഥാപാത്രം ചെയ്യുന്നതായിരുന്നു ആകെയുള്ള ടെൻഷൻ. പക്ഷേ അതിനെ മികച്ചതാക്കി എന്നു പ്രേക്ഷകർ പറയുന്പോൾ സന്തോഷമാണ്.
ചിത്രത്തിൽ മമ്മൂക്ക, നയൻതാര എന്നിവരുണ്ടെങ്കിലും ടെൻഷൻ ഇല്ലാതെ എന്റെ കഥാപാത്രം മികച്ചതാക്കാൻ പറ്റിയതു മുൻ ചിത്രങ്ങളിലൂടെയുള്ള അഭിനയ പരിചയത്തിലൂടെയാണ്. പിന്നീടു മമ്മൂക്കയുടെ പുത്തൻ പണത്തിലും അഭിനയിച്ചിരുന്നു. പക്ഷേ, ഞങ്ങൾ തമ്മിൽ കോന്പിനേഷൻ സീൻസില്ല. അവിടെ രഞ്ജിത് സാറിന്റെ ഒരു ചിത്രം എന്നതായിരുന്നു വലിയ കാര്യം. ആ ചിത്രത്തിൽ കുറച്ചേറെ സീനുകളും കുറച്ചുകൂടി പ്രാധാന്യവും ഉണ്ടായിരുന്നു. പക്ഷേ, സിനിമയുടെ ഫൈനൽ എഡിറ്റിംഗിൽ അതു മാറിപ്പോയി. അതൊരു വിഷമം ഉണ്ടാക്കിയിരുന്നു. പിന്നെ അതൊക്കെ സിനിമയിൽ സർവ സാധാരണമാണല്ലോ…
ആടുപുലിയാട്ടത്തിലൂടെ നായിക നിരയിലേക്കെത്തുന്നത്?
ജയറാമേട്ടന്റെ നായികയായിരുന്നു ആ ചിത്രത്തിൽ. ഹൊറർ ചിത്രമായതുകൊണ്ടു തന്നെ അത്തരമൊരു ഫീലായിരുന്നനു ഷൂട്ടിംഗിന്. സിനിമയും നന്നായെന്നു പറയുന്പോൾ സന്തോഷം. കനലിനു ശേഷം അക്ഷര എന്റെ മകളായി അഭിനയിച്ച ചിത്രമായിരുന്നു അത്. കേരളത്തിനു വെളിയിൽ തെങ്കാശിയിലായിരുന്നു അതിന്റെ ഷൂട്ടിംഗും. ഏറെ പുതുമയാർന്ന അനുഭവമായിരുന്നു ആ ചിത്രം. ഓംപുരി, രമ്യ കൃഷ്ണൻ എന്നിവർക്കൊപ്പം അഭിനയിക്കാനും സാധിച്ചു. ഞാൻ സിനിമയിൽ വന്നിട്ട് കുറച്ചു വർഷങ്ങൾ മാത്രമായിട്ടുള്ളു. ചിത്രങ്ങളുടെ എണ്ണത്തിനേക്കാൽ മികച്ച ടീമിനൊപ്പം വർക്കു ചെയ്യാനുള്ള ഭാഗ്യം ഉണ്ടായി.
വിവാഹത്തിനു ശേഷം സിനിമയിലേക്കെത്തുന്നു. സൈഡ് ചെയ്യപ്പെട്ടേക്കുമെന്നന്ധഭയമുണ്ടായിരുന്നോ?
സിനിമ എന്റെ പാഷനാണ്. എങ്കിലും എന്റെ കുടുംബമാണ് ഏറെ പ്രാധാന്യം. അതിനു ശേഷം മാത്രമാണ് അഭിനയവും നൃത്തവുമൊക്കെ. ജീവിതത്തിനു മുകളിലേക്ക് അതിനു സ്ഥാനമില്ല. അതുകൊണ്ടു തന്നെ സൈഡ് റോളിലേക്കു ടൈപ്പ് ചെയ്യപ്പെടുമെന്നതോ, നമ്മൾ പ്രതീക്ഷിക്കുന്നത് നഷ്ടമാകുന്നതിലോ, എപ്പോഴും മികച്ച റിസൽട്ട് കിട്ടാത്തതോ എന്നെ ബാധിക്കില്ല. എന്നെ അതു ദുഃഖിപ്പിക്കുന്നില്ല. കാരണം സിനിമ നമ്മളെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. അതിൽ ഒരുപാട് ആൾക്കാരുടെ പ്രയത്നമുണ്ട്. പ്രയാസങ്ങളും വിഷമങ്ങളും ഉണ്ടാകുമെങ്കിലും അതിനെ എടുത്തു തലയിൽ വയ്ക്കില്ല. സിനിമയിൽ വേഷമുണ്ടെന്ന് അറിയിക്കുകയും ഷൂട്ടു തുടങ്ങുന്നതിനു രണ്ടു ദിവസം മുന്പ് ഇല്ലെന്നു വിളിച്ചു പറയുന്നതുമായ അനുഭവം ഉണ്ടായിട്ടുണ്ട്. ചില ഇവന്റ് പ്രോഗ്രാമുകളുടെ ഭാഗത്തു നിന്നുപോലും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന്റെ ഭാഗത്തു നിന്നു പോലും ഏറെ വിഷമിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇന്നു കണ്ടു വരുന്ന പ്രവണതയാണ് സെലിബ്രിറ്റികളുടെ വ്യക്തി ജീവിതത്തിൽ മാധ്യമങ്ങൾ അധികമായി ഇടപെടുന്നത്. ഇതിനെ എങ്ങനെ കാണുന്നു?
തീർത്തും നെഗറ്റീവായിട്ടാണ് ഞാനതിനെ കാണുന്നത്. എല്ലാ മനുഷ്യരുടേയും ജീവിതത്തിൽ പോസിറ്റീവും നെഗറ്റീവുമുണ്ട്. അത് ഏതു മേഖലയിലുള്ളവരാണെങ്കിലും. അതിൽ നെഗറ്റീവ് മാത്രം തേടിപ്പിടിച്ച് അതിനെ ഹൈലൈറ്റ് ചെയ്തു കൊല്ലാതെ കൊല്ലുന്ന പ്രവണത തെറ്റാണ്. അതു തെറ്റു ചെയ്തവരായാലും അല്ലാത്തവരായാലും. തെറ്റു ചെയ്തെങ്കിൽ അവരെ ശിക്ഷിക്കാൻ ഇവിടെ കോടതിയുണ്ട്. നെഗറ്റീവ് മാത്രം പൊക്കിപ്പിടിച്ചുള്ള ഇത്തരം പ്രവണത തെറ്റു തന്നെയാണ്. അതിനു ഒരു അതിരുണ്ട്. മാനസികമായിട്ട് ശിക്ഷിക്കുക എന്നതിനു നമുക്കു അധികാരമില്ല. ഒരു കാര്യം അറിയുന്പോൾ അന്വേഷിക്കാം, അതിനെപ്പറ്റി ചർച്ച ചെയ്യാം. പക്ഷേ അതു തേജോവധമാകുന്നതിനോട് ഒരു വ്യക്തിയെന്ന നലയിൽ എനിക്കു പക്ഷം ചേരാനാകില്ല.
പുതിയ സിനിമയുടെ വിശേഷങ്ങൾ എന്തൊക്കെയാണ്?
ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞ ചിത്രങ്ങളാണ് സോളോയും സദൃശ്യവാക്യങ്ങളും. ദുൽഖർ സൽമാന്റെ സഹോദരിയായിട്ടാണ് സോളോയിൽ അഭിനയിക്കുന്നത്. നാലു പാർട്ടായുള്ള ചിത്രത്തിൽ ഒന്നിലാണ് ദുൽഖറിനൊപ്പമെത്തുന്നത്. സദൃശ്യ വാക്യങ്ങൾ എനിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. എല്ലാത്തരം ഫീലിംഗ്സിലൂടെയും അഭിനയതലത്തിലൂടെയും സഞ്ചരിക്കുന്ന ഒരു കഥാപാത്രമാണതിൽ. മനോജ് കെ. ജയനാണ് നായകനാകുന്നത്. സിദ്ധിഖ്, കലാഭവൻ ഷാജോണ്, മേഘനാഥൻ, ബേബി മീനാക്ഷി, അഞ്ജലി നായർ, വിജയ് ബാബു എന്നിങ്ങനെ വലിയൊരു താരനിരയാണ് എത്തുന്നത്. പ്രശാന്ത് മാന്പുള്ളിയാണ് സംവിധാനം. അടുത്ത മാസം ചിത്രം തിയറ്ററിലെത്തുമെന്നു പ്രതീക്ഷിക്കുന്നു.
അഭിനയിക്കുന്ന കഥാപാത്രങ്ങൾക്കായി സ്വന്തമായാണോ ഡബ്ബ് ചെയ്യുന്നത്?
എന്റെ കഥാപാത്രത്തിനു ഞാൻ ആദ്യമായി ഡബ് ചെയ്യുന്നത് ആടുപുലിയാട്ടത്തിലാണ്. ഇപ്പോൾ സോളോ, സദൃശ്യവാക്യങ്ങൾ തുടങ്ങിയ ചിത്രങ്ങളിലും എന്റെ തന്നെ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇനി മുന്നോട്ടും അഭിനയിക്കുന്ന ചിത്രങ്ങളിൽ ഞാൻതന്നെ ഡബ്ബ് ചെയ്യണമെന്നു കരുതുന്നു.
കുടുംബത്തിന്റെ പിന്തുണ എത്രത്തോളമുണ്ട്?
ഹസ്ബൻഡ് ഏബ്രഹാം മാത്യു ബിസിനസ് ചെയ്യുന്നു. അതിനൊപ്പമാണ് പ്രൊഡക്ഷൻ കന്പനിയുള്ളത്. രണ്ടു കുട്ടികളാണ് ഞങ്ങൾക്ക്. മകൾ ചെൽസിയ ഏബ്രഹാം ആറാം ക്ലാസിൽ പഠിക്കുന്നു. മകൻ നീൽ ഏബ്രഹാം നാലാം ക്ലാസിലും. ഞങ്ങൾ ബോംബെയിലാണ് താമസിക്കുന്നത്.
സിനിമ അഭിനയത്തിന്റെ തുടക്കകാലം മുതൽ എനിക്കു വലിയ പിന്തുണയാണ് ഹസ്ബൻഡും കുട്ടികളും. അഭിനയത്തിനൊപ്പം നൃത്തം ഇപ്പോഴുമുണ്ട്. നൃത്തത്തിൽ മുംബൈ യൂണിവേഴ്സിറ്റിയിൽ ഇലമെന്ററി ഡിപ്ലോമ ചെയ്യുന്നുണ്ട്. അതു തുടർന്നു പഠിക്കണമെന്നും കരുതുന്നു.
സിനിമയിൽ ഇന്നു കേൾക്കുന്ന പ്രശ്നങ്ങളെ എങ്ങനെ കാണുന്നു?
എല്ലാവരുടേയും ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകും. പക്ഷേ, പബ്ലിക് ഫിഗറുകൾ ആയതിനാലാണ് മാധ്യമങ്ങളും മറ്റും സിനിമ താരങ്ങളുടെ ജീവിതത്തിലെ സംഭവങ്ങളെ വലിയ വാർത്തയാക്കുന്നത്. ഇതിനേക്കാൾ വലിയ സംഭവങ്ങൾ സിനിമയ്ക്കു പുറത്തു നടന്നാലും അതൊന്നു പലപ്പോഴും ശ്രദ്ധിക്കുന്നില്ല. എല്ലാ മേഖലയിലെന്ന പോലെ സിനിമയിലും പ്രശ്നങ്ങളുണ്ടാം. പക്ഷേ, അതിനോട് നമ്മൾ എങ്ങനെ നിന്നു കൊടുക്കുന്നു എന്നതാണ് പ്രാധാന്യം.
സിനിമാ മേഖലയിൽ ഇന്ന് ഉയർന്നു കേൾക്കുന്ന വാക്കാണ് പുരുഷ മേധാവിത്വം എന്നത്. അതിനോടുള്ള മനോഭാവമെന്താണ്?
അതു സിനിമയിൽ മാത്രമല്ല, കുടുംബ ജീവിതത്തിലും ഉള്ളതാണ്. ഭാര്യ ഭർത്താവിനെ അനുസരിക്കുന്നതും, മക്കൾ അച്ഛനെ അനുസരിക്കുന്നതൊക്കെ പുരുഷ മേധാവിത്വം തന്നെയാണ്. അതു ജീവിതത്തിൽ എപ്പോഴുമുള്ളതാണ് എനിക്കിഷ്ടം. ഫെമിനിസം എന്ന കണ്സെപ്റ്റിനോട് യോജിക്കാനാവില്ല. കാരണം ഒരു സമൂഹജീവി എന്ന നിലയിൽ സ്ത്രീയും പുരുഷനും തമ്മിൽ മാറ്റിനിർത്താനാവില്ല. രണ്ടുപേരും തുല്യരാണ്. എന്റെ അനുഭവത്തിൽ ഞാൻ വിവാഹ ശേഷം സിനിമയിൽ അഭിനയിക്കാനെത്തിയതും, ചിലപ്പോൾ ഒറ്റയ്ക്കു ഷൂട്ടിംഗിനു പോകുന്നതുമൊക്കെ എന്റെ ഭർത്താവിന്റെ പിന്തുണയാലാണ്. എനിക്കതു ഭർത്താവാണെങ്കിൽ മറ്റൊരു സ്ത്രീക്ക് അച്ഛനായോ, സഹോദരനായോ ഒപ്പമുണ്ടാകും. സത്യത്തിൽ അതൊരു മേധാവിത്വമായല്ല, സുരക്ഷിതത്വ ബോധമായാണ് എനിക്കു തോന്നിയിട്ടുള്ളത്. നമുക്കിഷ്ടമില്ലാത്തതിനോട് നോ പറയാനുള്ള സ്വാതന്ത്ര്യം എല്ലായിടത്തുമുണ്ട്. മേധാവിത്വമെന്നു തോന്നുന്നുവെങ്കിൽ അതിനു നിന്നുകൊടുക്കണ്ട എന്നതാണ് എന്റെ അഭിപ്രായം.