കൊല്ലപ്പെട്ടെന്നു പറയുന്ന ഷീന ബോറ ഇപ്പോഴും ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി ഷീന ബോറ വധക്കേസില്‍ ജയില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി.
ഷീന ബോറ കാശ്മീരിൽ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് ഷീനയുടെ അമ്മയായ ഇന്ദ്രാണി മുഖര്‍ജിയുടെ ആവശ്യം. അറസ്റ്റിലായി ആറ് വർഷത്തിനുശേഷമാണ് ഈ വെളിപ്പെടുത്തൽ.
ജയിലില്‍ വച്ചു പരിചയപ്പെട്ട ഒരു സ്ത്രീയാണ് ഷീന ബോറ ജീവിച്ചിരിക്കുന്നുവെന്ന കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നു സിബിഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ അവര്‍ വ്യക്തമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ടു സിബിഐ കോടതിയില്‍ ഹര്‍ജിയും ഇന്ദ്രാണി നല്‍കിയിട്ടുണ്ട്. ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി തോക്കുമായി അറസ്റ്റിലായതോടെയാണ് ഷീന ബോറ വധക്കേസിന്റെ ചുരുളഴിഞ്ഞത്.
2015ല്‍ ഷീന ബോറ വധക്കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജി ബൈക്കുള ജയിലിലാണ് കഴിയുന്നത്.
ഷീനയും ഇന്ദ്രാണിയും സഹോദരിമാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരമെങ്കിലും അന്വേഷണം പുരോഗമിച്ചപ്പോഴാണ് ഷീന ഇന്ദ്രാണിയുടെ മകളാണെന്നു വ്യക്തമായത്.
ഇരുപത്തിനാലുകാരിയായ മകൾ ഷീന ബോറയെ 2012 ഏപ്രിൽ മാസത്തിൽ തന്റെ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയുടെയും ഡ്രൈവർ ശ്യാംവർ റായിയുടെയും സഹായത്തോടെ കഴുത്തുഞെരിച്ചു കൊന്ന ശേഷം മൃതദേഹം മുംബൈയിൽനിന്ന് അധികം ദൂരെയല്ലാത്ത റായ്ഗഡ് ജില്ലയിലെ വനാന്തർഭാഗത്ത് കൊണ്ടുപോയി പെട്രോളൊഴിച്ചു കത്തിച്ചു കളഞ്ഞു എന്നതാണ് ഇന്ദ്രാണി മുഖർജിക്കെതിരെയുള്ള കേസ്.
ഈ വധത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടായിരുന്നു എന്നാരോപിച്ച് ഇന്ദ്രാണിയുടെ ഭർത്താവും സ്റ്റാർ ഇന്ത്യ മേധാവിയുമായിരുന്ന പീറ്റർ മുഖർജിയയും പിന്നീട് അറസ്റ്റിലായി. വിചാരണത്തടവിനിടെ ഇന്ദ്രാണിയും ഭർത്താവും വിവാഹമോചിതരാവുകയും ചെയ്തിരുന്നു.
വിവാഹപൂർവ ബന്ധത്തിലുള്ള സ്വന്തം മകൾ ഷീന ബോറയെ, ആദ്യ ഭർത്താവായ സഞ്ജീവ് ഖന്നയോടൊപ്പം ചേർന്നു ശ്വാസം മുട്ടിച്ചു കൊന്ന ശേഷം, കാട്ടിനുള്ളിൽ കൊണ്ടുചെന്നു ജഡം കത്തിച്ചുകളഞ്ഞ കേസിലെ ഒന്നാംപ്രതി. ഐഎൻഎക്സ് മീഡിയ സാമ്പത്തിക തട്ടിപ്പു കേസിലെയും പ്രതിയാണ് ഇന്ദ്രാണി മുഖർജി.
കരിയിലയ്ക്കടിയിൽ
സത്യം വെളിപ്പെട്ടു തുടങ്ങുന്നത് ഒരു പ്രഭാത സവാരിയോടെയാണ്. 2012 മേയ് 23ന് പുലർച്ചെ മഹാരാഷ്ട്രയിലെ ഒരു ഉൾപ്രദേശമായ ഹെട്വാനെയിലെ സാധാരണക്കാരനായ പാട്ടീൽ എന്നൊരാൾ പ്രദേശത്തെ കാടിനുള്ളിലേക്കു മാമ്പഴം തിരഞ്ഞു നടത്തിയ യാത്ര.
പഴുത്തു വീഴുന്ന മാമ്പഴം പെറുക്കാൻ കുന്നുംമലയും കേറിയിറങ്ങി പാട്ടീൽ നടത്തിയ യാത്രയ്ക്കിടെയാണ് കരിയിലകൾക്കിടയിൽ പുതഞ്ഞുകിടന്നൊരു സ്ത്രീയുടെ മൃതദേഹം അദ്ദേഹത്തിന്റെ കണ്ണിൽപ്പെടുന്നത്.
മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു . മാംസം വെന്ത് എല്ലിൽ ഒട്ടിപ്പിടിച്ച അവസ്ഥ. നീണ്ടു തഴച്ചു വളർന്നുകിടന്നിരുന്ന തലമുടിയുടെ ചില ഭാഗങ്ങൾ അപ്പോഴും കരിയാതെ ബാക്കിവന്നിരുന്നു. അതോടെ സ്ത്രീ തന്നെയെന്നു പാട്ടീൽ ഉറപ്പിച്ചു.
മുംബൈയിൽനിന്ന് 52 കിലോമീറ്റർ അകലെയുള്ള ഒരു ഉൾഗ്രാമമാണ് ഹെട്വാനെ. അതിലൂടെ കടന്നുപോകുന്ന ടാർ റോഡിൽനിന്നു പത്തുമിനിറ്റ് നടന്നാൽ പാട്ടീലിന്റെ വീടെത്തും.
നാട്ടിലെ ഒരു ഉപകാരിയായിരുന്നു പാട്ടീൽ. മൂന്നുജോലികൾ ഒരേസമയം നോക്കിനടത്തിയാണ് ഉപജീവനം കഴിച്ചിരുന്നത്. കല്യാണത്തിന്റെ പന്തലുപണിയും പുഷ്പാലങ്കാരവുമാണ് പ്രധാന ജോലി.
ഒഴിവു സമയങ്ങളിൽ ഓട്ടോറിക്ഷയും ഓടിക്കും. അവിടെ അടുത്തുതന്നെയുള്ള വെള്ളച്ചാട്ടം കാണാൻ വരുന്ന ടൂറിസ്റ്റുകളെ ടൗണിൽനിന്നു കാഴ്ചകാണാൻ കൊണ്ടുപോകും തരംകിട്ടുമ്പോഴൊക്കെ.
അതിൽനിന്നും കിട്ടും പാട്ടീലിനുതുച്ഛമായ ഒരു വരുമാനം. ഇതിനൊക്കെപ്പുറമെ, പാട്ടീൽ ഒരല്പം സാമൂഹ്യസേവനവും നടത്തിയിരുന്നു.
ഗ്രാമീണരെ പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണി പാട്ടീലായിരുന്നു. നാട്ടിൽ പലതരം ശണ്ഠകൾ നടക്കും. കന്നുകാലി മോഷണം, കള്ളവാറ്റ്, ചില്ലറ തല്ലും പിടിയും ഒക്കെയായി അവിടെ നടക്കുന്ന പല പ്രശ്നങ്ങളും പോലീസിൽ സംസാരിച്ച് തീർപ്പുണ്ടാക്കിക്കൊടുക്കുന്നത് പാട്ടീലാണ്.
ഹെട്വാന എന്ന ഗ്രാമം
റായ്ഗഡ് ജില്ലയിലെ ഘോരവനങ്ങളിലാണ് ഹെട്വാനെ എന്ന കൊച്ചുഗ്രാമം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പുഴയും അവിടെയുണ്ട്.
ഇടയ്ക്കൊക്കെ കാട്ടിൽ ശവങ്ങൾ കണ്ടുകിട്ടാറുണ്ട്. വീണു മരിക്കുന്നതും ആത്മഹത്യചെയ്യുന്നതുമൊക്കെയാണ്. ഇടയ്ക്കൊക്കെ ശവങ്ങൾ നീക്കം ചെയ്യാൻ പോലീസിനെ പാട്ടീൽ സഹായിച്ചിരുന്നു.
പിന്നെപ്പിന്നെ അതു പാട്ടീൽ അതു നിർത്തിയിരുന്നു. എന്നാൽ, ഇത്തവണ കണ്ട ശവം പാട്ടീലിന്റെ ശ്രദ്ധയാകർഷിച്ചു.
ആകെ എന്തോ പന്തികേടുണ്ടായിരുന്നു. ശവം പുറത്തുനിന്ന് എവിടെന്നോ കൊണ്ടുവന്നിട്ടു കത്തിച്ചപോലെ ഉണ്ടായിരുന്നു. ചുറ്റുപാടുമുള്ള ചെടികളും കരിഞ്ഞിട്ടുണ്ട്.
ശവം കൊണ്ടുവന്ന സ്യൂട്ട്കേസിന്റേതു പോലെ ചില കരിഞ്ഞ പ്ലാസ്റ്റിക് കഷ്ണങ്ങളും കിടപ്പുണ്ടായിരുന്നു.
എന്തായാലും പാട്ടീൽ തന്റെ മൊബൈൽ ഫോണിൽ ആ കത്തിക്കരിഞ്ഞ സ്ത്രീയുടെഫോട്ടോ എടുത്തു. പെറുക്കിക്കൂട്ടിയ പത്തു പന്ത്രണ്ടു പഴുത്തമാങ്ങകൾ സുരക്ഷിതമായി വീട്ടിലേൽപ്പിച്ച ശേഷം, പാട്ടീൽ പോലീസിനു ഫോൺ ചെയ്തു.
പൊലീസ് സ്ഥലത്തെത്തി. അവിടെ കിടന്നിരുന്ന കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളിൽനിന്നു രണ്ടോ മൂന്നോ എല്ലിൻകഷണങ്ങൾ ഡിഎൻഎ പരിശോധനകൾക്കായി മുംബൈയിലെ ഏതോ ആശുപത്രിയിലേക്കയച്ചു.
അതു കേവലം ഔപചാരികത മാത്രമായിരുന്നു അവർക്ക്. പരിശോധനാ ഫലം വരുന്നതിനു കാത്തുനിൽക്കാതെ അഴുകിത്തുടങ്ങിയ മൃതദേഹാവശിഷ്ടങ്ങൾ, അവിടെ കൂടിയ ഗ്രാമീണരിൽ ഒരാൾക്കു ചില്ലറക്കാശ് കൊടുത്ത്, അവ കണ്ടെത്തിയേടത്തു തന്നെ മൂന്നടി ആഴത്തിലുള്ള ഒരു കുഴിയും കുഴിപ്പിച്ച് അതിനുള്ളിൽ മറവുചെയ്തു.
അതു വളരെ സ്വാഭാവികമായൊരു പോലീസ് നടപടി മാത്രമായിരുന്നു. അജ്ഞാത ജഡം കണ്ടുകിട്ടുന്നു. തിരിച്ചറിയാനാകാത്ത വിധം കരിഞ്ഞുപോയ മൃതദേഹം.
പരാതിയും പറഞ്ഞുകൊണ്ട് ആരും വന്നില്ല. പതിവുനടപടിക്രമങ്ങളനുസരിച്ചു ഫോറൻസിക് പരിശോധനകൾക്ക് സാമ്പിൾ മുംബൈയിലേക്ക് അയച്ച ശേഷം ജഡം മറവു ചെയ്യുക. അല്ലാതെ, ആ ഗ്രാമത്തിലെ പൊലീസ് മറ്റെന്തു ചെയ്യാനാണ്? ഇതുവരെ കഥയിൽ കാര്യമായ അസ്വാഭാവികതകളൊന്നുമില്ല.
(തുടരും)
തയാറാക്കിയത്: പ്രദീപ് ഗോപി