ബാങ്കോക്ക്: തായ്ലൻഡ് ഭരണം വീണ്ടും ഷിവത്ര കുടുംബത്തിലേക്ക്. പ്യൂ തായ് പാർട്ടി നേതാവും മുപ്പത്തൊന്പതുകാരിയുമായ പെറ്റൊംഗ്റ്റാൺ ഷിനവത്രയെ പുതിയ പ്രധാനമന്ത്രിയായി പാർലമെന്റ് തെരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രിയും ശതകോടീശ്വരനുമായ താക്സിൻ ഷിനവത്രയുടെ മകളാണ്.
മുൻ പ്രധാനമന്ത്രി ശ്രെത്ത താവിസിനെ ഭരണഘടനാ കോടതി അയോഗ്യനാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നേതാവിനായി പാർലമെന്റിൽ വോട്ടെടുപ്പുണ്ടായത്. പെറ്റൊംഗ്റ്റാണിന് 319 പേരുടെ പിന്തുണ ലഭിച്ചപ്പോൾ 145 പേർ എതിർത്തു.
തായ്ലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി, ഷിനവത്ര കുടുംബത്തിൽനിന്നുള്ള നാലാമത്തെ പ്രധാനമന്ത്രി എന്നീ ബഹുമതികൾ പെറ്റൊംഗ്റ്റാൺ സ്വന്തമാക്കി. പെറ്റൊംഗ്റ്റാണിന്റെ പിതൃസഹോദരി യിംഗ്ലക് ഷിനവത്ര മുന്പ് പ്രധാനമന്ത്രിയായിരുന്നു.
തായ്ലൻഡിലും ബ്രിട്ടനിലുമായി വിദ്യാഭ്യാസം ചെയ്ത പെറ്റൊംഗ്റ്റാൺ കുറച്ചുകാലം കുടുംബ ബിസിനസുകളിൽ പങ്കാളിയായിരുന്നു. 2021ലാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. കഴിഞ്ഞവർഷം ഒക്ടോബറിൽ പ്യൂ തായ് പാർട്ടിയുടെ അധ്യക്ഷയായി.
അഴിമതിക്കേസിൽപ്പെട്ടയാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിന്റെ പേരിലാണ് മുൻ പ്രധാനമന്ത്രി താവിസിനെ ഭരണഘടനാ കോടതി പുറത്താക്കിയത്.