വണ്ടിത്താവളം : കൊയ്ത്തു കഴിഞ്ഞാൽ താലൂക്കിന്റെ കിഴക്കൻ മേഖലയിൽ തീറ്റയ്ക്കായി കൊണ്ടുവന്ന 800 ചെമ്മരിയാടുകളെ ഇന്നലെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുപോയി.
മുൻ വർഷങ്ങളിൽ ജൂണിൽ മഴ ആരംഭിക്കുന്പോഴാണ് ആടുകളെ തിരികെ കൊണ്ടു പോവുന്നത്. എന്നാൽ ഇത്തവണ വീണ്ടും കോവിഡ് രൂക്ഷമാവുകയും നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് നിശ്ചിത സമയത്തിനു മുൻപ് തിരിച്ചു പോവുന്നത്.
ഉടുമൽപ്പേട്ടയ്ക്കു സമീപത്ത് ആറുച്ചാമിയും രണ്ടു സഹായികളും അഞ്ച് കാവൽ നായ്ക്കളുമായാണ് ഒരു മാസം മുൻപ് പട്ടഞ്ചേരി ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ ആടുകളെ മേച്ചിലിനു വിട്ടത്.
വല ഉപയോഗിച്ച് രാത്രി സമയങ്ങിൽ ആടുകളെ തളയ്ക്കുന്ന സ്ഥലത്ത് കാവലിനായാണ് അഞ്ച് കാവൽ നായ്ക്കളെ കൊണ്ടു വന്നിരിക്കുന്നത്.
രാത്രി സമയങ്ങളിൽ ആടുമോഷണത്തിനെത്തിയാൽ നായകൾ വളഞ്ഞു ആക്രമിക്കുമെന്നതിനാൽ ഇപ്പോൾ മോഷ്ടാക്കൾ അതിനു തുനിയുന്നില്ല. ആട്ടുടമയായ മടത്തുക്കുളം ആറുച്ചാമി നാട്ടുപ്രമാണിയാണ്.
നാലു മക്കളും ഉന്നത പഠനം പൂർത്തിയാക്കി ഇപ്പോൾ സർക്കാർ ജോലിയിലും ബിസിനസിലുമാണുള്ളത്. ആറുച്ചാമിയുടെ പിതാവ് കുമാരസ്വാമിയും അവരുടെ മുൻഗാമികളും പാരന്പര്യമായി നടത്തി വന്ന ആടുവളർത്തലാണ് ആറുച്ചാമി തുടർന്നു വരുന്നത്.
സാന്പത്തികമായി നല്ല നിലയിലാണെങ്കിലും തന്റെ പൂർവ്വികർ തുടർന്നു വന്ന ആടുവളർത്തൽ തൊഴിലിൽ ആറുച്ചാമി തികച്ചും അഭിമാനം കൊള്ളകയാണ്.
മടത്തുക്കുളം വീടിനടുത്തുള്ള നിർധന കുടുംബത്തളിലുള്ള വിദ്യാർത്ഥികളുടെ പഠനത്തിനുള്ള സഹായവും നൽകി വരുന്നുണ്ട്. ആറുച്ചാമി നാലാം ക്ലാവരെയാണ് പഠനം നടത്തിയത്.
പിന്നിട് കുലതൊഴിലിലേക്ക് കുടുംബ കാരണവന്മാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ആടുവളർത്തിലെത്തിയത്. തനിക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം തന്റെ മക്കൾക്കും സമീപത്തെ കുട്ടികൾക്കും ലഭിക്കണമെന്നാണ് ആറുച്ചാമി പറയുന്നത്.