അടിമാലി: ഒരുതുണ്ടു ഭൂമി സ്വന്തമായില്ലാതെ പാട്ടത്തിനെടുത്ത ഭൂമിയില്‍ ക്ഷീരവിപ്ലവം സൃഷ്ടിക്കുകയാണ് ഇടുക്കി ജില്ലയിലെ കരുണാപുരം പഞ്ചായത്തിലെ കൊച്ചറ സ്വദേശികളായ ബിന്‍സ്-റീജ ദമ്പതികള്‍. അഞ്ചു വര്‍ഷം മുന്‍പാണ് തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ബിന്‍സ് സ്വന്തം സ്ഥലമായ ഇടുക്കിയിലേക്കു തിരികെയെത്തിയത്.
പാഞ്ചാലിമേട്ടിനടുത്തുള്ള കുടുംബവീട്ടിലായിരുന്നു ആദ്യം പശു വളര്‍ത്തല്‍ ആരംഭിച്ചത്. എന്നാല്‍ ഇത് അധികനാള്‍ നീണ്ടുപോയില്ല. ആനയുടെ ആക്രമണം രൂക്ഷമായതോടെ പശുവിനെയും കൊണ്ട് ബിന്‍സ് വണ്ടന്മേട്ടിനടുത്തുള്ള കൊച്ചറയിലേക്കു മാറി. മുന്നു വര്‍ഷം മുന്‍പായിരുന്നു ഇത്.
രണ്ടേക്കര്‍ സ്ഥലം പാട്ടത്തിനെടുക്കുമ്പോള്‍ മനസില്‍ നിറയെ സ്വപ്നങ്ങള്‍ ആയിരുന്നുവെന്നു ബിന്‍സ് പറയുന്നു. തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും ക്ഷീരമേഖലയില്‍ തന്റേതായ മാതൃക തീര്‍ക്കാനുമായാണ് ബിന്‍സ് തന്റെ ചെറിയ സംരംഭത്തിനു തുടക്കമിട്ടത്. പാരമ്പര്യമായി കിട്ടിയ പശു വളര്‍ത്തലിലെ അറിവും ബിന്‍സിനും റീജയ്ക്കും മുതല്‍കൂട്ടായി.
പശുക്കള്‍ക്കായുള്ള തീറ്റപ്പുല്‍ കൃഷിക്കായായാണ് രണ്ട് ഏക്കര്‍ ഭൂമി ഇവര്പാട്ടത്തിന് എടുത്തത്. ഫാം നടത്തിപ്പിനായി വെള്ള സൗകര്യമുള്ള കുറച്ച് സ്ഥലം വേറെയും പാട്ടത്തിനെടുത്തു. പ്രതിവര്‍ഷം 60,000-70,000 ലിറ്റര്‍ പാലാണ് ഇവരുടെ ഫാമില്‍ നിന്നും ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്.
നിലവില്‍ എച്ച്എഫ്, ജഴ്സി ഇനങ്ങളില്‍പ്പെട്ട 25 പശിക്കളാണ് ബിന്‍സിന്റെ ഫാമില്‍ ഉള്ളത്. എട്ട് കന്നുകുട്ടികളുമുണ്ട്. 25 പശുക്കളുണ്ടെങ്കിലും സഹായികളായി ആരും ഇല്ലെന്നതാണ് പ്രത്യേകത. മുഴുവന്‍ ജോലികളും ഇവര്‍ തന്നെയാണ് ചെയ്യുന്നത്. അധികം മുതല്‍മുടക്കില്ലാത്ത രീതിയില്‍ സാങ്കേതികവിദ്യയും യന്ത്രവത്കരണത്തിന്റെ സാധ്യതകളുമെല്ലാം ഉപയോഗപ്പെടുത്തിയാണ് ഇവര്‍ ഫാം മുന്നോട്ട് കൊണ്ടുപോകുന്നത്.
സന്തോഷത്തോടെ ഇരിക്കുന്ന പശുക്കളേ നല്ല പാല് ചുരത്തൂവെന്നാണ് ബിന്‍സിന്റെ പക്ഷം. അതുകൊണ്ടു തന്നെ പശുക്കളുടെ സന്തോഷവും ഫാം നടത്തിപ്പില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇതിനായി പശുക്കള്‍ക്ക് സംഗീതം ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പശുപരിപാലനം ഏറെ സംതൃപ്തി നല്കുന്ന തൊഴിലാണെന്നും ബിന്‍സും ഭാര്യ റീജയും പറയുന്നു. രാവിലെ മൂന്നിന് ആരംഭിക്കുന്ന ജോലികള്‍ തീരുമ്പോള്‍ രാത്രിയാകും. രാവിലെ എഴുനേറ്റാല്‍ തൊഴുത്തു വൃത്തിയാക്കി പശുക്കളെ കുളിപ്പിക്കലാണ് ആദ്യ ജോലി. തീറ്റപ്പുല്ലും കൈതപ്പോള അരിഞ്ഞതും തീറ്റയായി നല്‍കും.
പുല്ല് അരിയുന്നതിനും യന്ത്രസഹായം തേടുന്നു. 10 ലിറ്റര്‍ പാല് ചുരത്തുന്ന പശുവിന് ഏഴ്-ഒന്‍പത് കിലോ ആഹാരം നല്‍കണം. ഇതിനു പുറമേ വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശാനുസരണം കാല്‍സ്യവും ലിവല്‍ ടോണിക്കും നല്‍കാറുണ്ട്. കറവ യന്ത്രം ഉപയോഗിച്ചാണ് പശുക്കളെ കറക്കുന്നത്. രണ്ട്-രണ്ടര മണിക്കൂളോളം സമയം ഇതിനായി വേണം.
എട്ടു മണിയോടെ മലനാടിന്റെ വാഹനം പാല് ശേഖരിക്കുന്നതിനായി ഫാമില്‍ എത്തും. പശുവളര്ത്തലിനു മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയാണ് ലോണ്‍ നല്കി സഹായിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കും ഇവര്‍ ധനസഹായം നല്‍കുന്നുണ്ട്. മികച്ച ക്ഷീര കര്‍ഷകര്‍ക്കുള്ള മലനാട് ഡവലപ്മെന്റ് സൊസൈറ്റിയുടെ പുരസ്കാരവും ഇവര്‍ നേടിയിട്ടുണ്ട്.
പത്താം ക്ലാസുകാരന് എറിന് ഏഴാം ക്ലാസുകാരി മെറിന്, മൂന്നാം ക്ലാസുകാരന് ജെറിന് എന്നിവരാണ് മക്കള്‍. മൂന്നു പേരും മാതാപിതാക്കളുടെ ക്ഷീരവിപ്ലവത്തില്‍ പങ്കാളികളായി എല്ലാ സഹായങ്ങളുമായി ഈ ദമ്പതിമാര്ക്കൊപ്പമുണ്ട്.
- റിച്ചാര്‍ഡ് ജോസഫ്