ചവറ: ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ഇരുമ്പ് ഷീറ്റ് മേഞ്ഞ കെട്ടിടം അപകടാവസ്ഥയിൽ. ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടമാണ് ഭീഷണിയായി മാറുന്നത്. ചവറ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസറുടെ കാര്യാലയത്തിന് തൊട്ട് മുമ്പിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇരുമ്പ് ഷീറ്റ് തുരുമ്പെടുത്ത് നശിച്ചതിനാൽ പലപ്പോഴും ഷീറ്റുകൾ അടർന്ന് വീഴുന്നുണ്ട്.
ഇത് പട്ടികജാതി വികസന ഓഫീസിൽ എത്തുന്ന ജനത്തിന് ഭീഷണിയായി മാറുകയാണെന്ന് ഇവിടെ എത്തുന്നവരും ജീവനക്കാരും പറയുന്നു. സമയബന്ധിതമായി അറ്റകുറ്റപ്പണികൾ ചെയ്യാത്തതാണ് കൂടുതലായി കെട്ടിടത്തിന്റെ മേൽക്കൂര തകരാൻക്കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. സമീപത്തെ വ്യക്ഷങ്ങളുടെ ശിഖിരങ്ങൾ തകർന്ന ഭാഗത്തേയ്ക്ക് കടന്നു വന്നിട്ടുമുണ്ട്. പല ഭാഗങ്ങളിലും ഷീറ്റുകൾ താഴേയ്ക്ക് വീഴാറായ അവസ്ഥയിലുമാണ്. എത്രയും വേഗം ഈ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യം വിവിധ മേഖലകളിൽ നിന്നും ഉയർന്നിട്ടുണ്ട്.