കല്ലടിക്കോട്: മലയാളികളുടെ രാത്രികളും പുലരികളും കുളിരുകോരുമായിരുന്ന ദിനങ്ങൾ ഓർമയാകുന്പോൾ നാട്ടിൻപുറങ്ങളിൽ അടുത്തകാലത്തായി വ്യാപകമായി കൃഷിചെയ്യുന്ന ശീതകാല പച്ചക്കറികൾക്ക് തിരിച്ചടി. മഞ്ഞുപെയ്യുന്ന ധനുമാസം അവസാനിക്കാറായിട്ടും ഓരോദിനവും അന്തരീക്ഷ താപനില കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ല.
ഏറ്റവും കൂടുതൽ തണുപ്പുണ്ടാകുന്ന ധനുമാസത്തിലെ തിരുവാതിര നാളിന്റെ തൊട്ടു തലേദിവസങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത് കേരളത്തിലാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒറ്റ ദിവസംപോലും തണുപ്പുണ്ടായിട്ടില്ല. ഇത് ശീതകാല പച്ചക്കറികൾക്ക് വലിയ തിരിച്ചടിയായി.
തച്ചന്പാറ പഞ്ചായത്തിൽ അടുക്കളത്തോട്ടം കൃഷിയിൽ ശീതകാല പച്ചക്കറികൾ വ്യാപകമായി കൃഷി ചെയ്യാറുണ്ട്. കാബേജ്, കോളിഫ്ളവർ എന്നിവയാണ് കൂടുതലും കൃഷി ചെയ്യുക. കാരറ്റ്, ബീറ്റ് റൂട്ട്, കാപ്സിക്കം എന്നിവയും നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയങ്ങളിൽ മിക്ക അടുക്കളത്തോട്ടങ്ങളിലും കൃഷിചെയ്യും.
ഡിസംബർ, ജനുവരി മാസങ്ങളിലെ തണുപ്പിനെ ആശ്രയിച്ചാണ് കൃഷി ചെയ്യുക. ഒക്ടോബർ അവസാനത്തോടെ തൈകൾ നട്ട് ഡിസംബർ, ജനുവരി മാസങ്ങളിലാണ് പൂവിരിയുക. കൂടുതൽ തണുപ്പുണ്ടെങ്കിലെ നല്ല വലിപ്പവും തൂക്കവും ലഭിക്കൂ. തണുപ്പു കുറഞ്ഞാൽ ചെറിയ പൂക്കൾ മാത്രമേ ലഭിക്കൂ. ഇത്തവണ പൂവും വരുന്ന സമയം തണുപ്പ് തീരെ കിട്ടിയില്ല. ഇത് വിളവിനെ കാര്യമായി ബാധിക്കുമെന്ന് തച്ചന്പാറ കൃഷി ഓഫീസർ എസ്.ശാന്തിനി പറഞ്ഞു.
നവംബർ മുതൽ ഫെബ്രുവരിവരെ വീടുകളുടെ മുറ്റത്തും ടെറസിലും മറ്റും കാബേജും കോളിഫ്ളവറും വളർന്നുനില്ക്കുന്ന കൗതുക കാഴ്ചകളാണ്. ഹൈറേഞ്ച് ഏരിയാകളിൽ മാത്രമുണ്ടായിരുന്ന ശീതകാല പച്ചക്കറികൾ അടുത്തകാലത്താണ് നാട്ടിൻപുറങ്ങളിൽ വ്യാപകമായത്. മണ്ണാർക്കാട് ബ്ലോക്കിൽ തച്ചന്പാറയ്ക്ക് പുറമെ കരിന്പ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലും കൂടുതൽ ശീതകാല പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു.