ചെറായി ബീച്ചിനെ നടുക്കിയ കൊലപാതകത്തിനു പിന്നിലെ ചോതോവികാരം പ്രണയനൈരാശ്യം. അവിഹിതബന്ധത്തിന്റെ ബാക്കിപത്രമാണ് ശീതള്‍ എന്ന 30 വയസുകാരിയുടെ ദയനീയ മരണത്തിന് ഇടയാക്കിയത്. വരാപ്പുഴ മുട്ടിനകം നടുവത്തുശേരി ഷാജിയുടെ മകള്‍ ശീതള്‍ (30) ആണു മരിച്ചത്. സംഭവത്തെത്തുടര്‍ന്നു യുവതിക്കൊപ്പമുണ്ടായിരുന്ന കോട്ടയം നെടുങ്കുന്നം അരണപ്പാറ പാറത്തോട്ടുങ്കല്‍ പ്രസാദിന്‍റെ മകന്‍ പ്രശാന്തിനെ (28) മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.30 ഓടെ ചെറായിബീച്ച് റിസോര്‍ട്ടിനു മുന്നിലെ കടല്‍ത്തീരത്തായിരുന്നു സംഭവം. ഭര്‍ത്തൃമതിയായ ശീതളുമായി പ്രശാന്തിനുണ്ടായ വഴിവിട്ട ബന്ധമാണ് അരുംകൊലയ്ക്കു കാരണം.
പെരുമ്പാവൂര്‍ സ്വദേശിയായ ഭര്‍ത്താവ് രഞ്ജിത്തുമായി പിരിഞ്ഞുകഴിയുന്ന ശീതള്‍, പ്രശാന്തുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് പ്രശാന്തിനു ശീതളിലുണ്ടായ സംശയമാണു കൊലപാതകത്തില്‍ കലാശിച്ചത്. കേബിള്‍ ടിവി ഓപ്പറേറ്ററായ പ്രശാന്ത്, ശീതളിന്റെ വീടിന്റെ മുകളിലെ നിലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. കൊല നടത്താന്‍ പ്രശാന്ത് ഒരാഴ്ചയായി പദ്ധതികള്‍ മെനയുകയായിരുന്നു. ഇന്നലെയായിരുന്നു കൊലപാതകത്തിനായി ചെറായി ബീച്ച് തെരഞ്ഞെടുത്തത്. വരാപ്പുഴയില്‍ നിന്ന് ഇതിനായി പ്രശാന്ത് കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. രാവിലെ ഒരുമിച്ചെത്തിയ ഇവര്‍ ചെറായി ഗൗരീശ്വരക്ഷേത്രത്തില്‍ തൊഴുതതിനു ശേഷമാണ് 10 നു ബീച്ചില്‍ എത്തിയത്. അതിന് ശേഷമായിരുന്നു കണ്ണടച്ചു നില്‍ക്കാന്‍ ആവശ്യപ്പെട്ടതും കാമുകിയെ കുത്തിയതും.
അടുത്തുള്ള ചെറായി ബീച്ച് റിസോര്‍ട്ടിലേക്ക് രക്തം വാര്‍ന്നനിലയില്‍ ഓടിക്കയറിയ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. റിസോര്‍ട്ട് അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ച് പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നു വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടയിലാണു മരിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ബീച്ചിലെ കരിങ്കല്‍ ചിറയില്‍വച്ചു സമ്മാനം നല്‍കാനായി കണ്ണടച്ചു നില്‍ക്കാന്‍ പ്രശാന്ത് ആവശ്യപ്പെട്ടു. ഈസമയം പ്രശാന്ത് കത്തികൊണ്ട് കുത്താന്‍ തുനിഞ്ഞെങ്കിലും ആദ്യം കുത്തിയില്ല. പിന്നീടാണ് ധൈര്യം സംഭരിച്ച് വയറിലും കഴുത്തിനും മാറിമാറി കുത്തിയെന്നു പ്രതി പോലീസിനോട് പറഞ്ഞു.
തന്നെ കുത്തിയത് പ്രശാന്താണെന്നു പറവൂരിലെ ആശുപത്രിയില്‍വച്ചു യുവതി ഡോക്ടറോടു പറഞ്ഞിരുന്നു. ഇക്കാര്യം ഡോക്ടര്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. കുത്തിയശേഷം ഓടിമറഞ്ഞ നീല ഷര്‍ട്ടിട്ട യുവാവിനെക്കുറിച്ചു നാട്ടുകാര്‍ നല്‍കിയ സൂചനകളനുസരിച്ചു പോലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിവാഹബന്ധം വേര്‍പെടുത്തി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു ശീതള്‍. രണ്ടുവര്‍ഷമായി ഇവരുടെ വീടിന്‍റെ മുകളില്‍ വാടകയ്ക്കു താമസിക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്ററാണ് പ്രശാന്ത്. അനിതയാണ് ശീതളിന്റെ അമ്മ. മകന്‍: അര്‍ജുന്‍ (രണ്ടാം ക്ലാസ് വിദ്യാര്‍ഥി, മണ്ണം തുരുത്ത് സെന്‍റ് ജോസഫ്‌സ് എല്‍പി സ്കൂള്‍). പ്രണയനൈരാശ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പോലീസ് നിഗമനം.