കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതിന് പിന്നാലെ മഞ്ജു വാര്യർക്കെതിരെ പരാതിയുമായി നടിയും അസിസ്റ്റന്റ് ഡയറക്ടറുമായ ശീതൾ തമ്പി. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസയച്ച് നടി ശീതൾ തമ്പി.
മഞ്ജു വാര്യർ കൂടി നിർമാണ പങ്കാളിയായിട്ടുള്ള ഫൂട്ടേജ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഷൂട്ടിംഗിനിടെ ശീതളിന് പരിക്കേറ്റിരുന്നുവെന്നും എന്നാൽ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് പോലും ഒരുക്കിയില്ലെന്നും നോട്ടീസിൽ പറയുന്നു.
മഞ്ജു വാര്യർ അഞ്ചു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മഞ്ജുവിനും നിർമാണ കമ്പനിയായ മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ഫൂട്ടേജ് എന്ന ചിത്രത്തിന്റെ ചിമ്മിനി വനമേഖലയിൽ നടന്ന ഷൂട്ടിലായിരുന്നു ശീതൾ അഭിനയിച്ചത്. ഷൂട്ടിംഗിനിടയിൽ ഫൈറ്റ് സീനിൽ അഭിനയിക്കവെ നടിക്ക് പരിക്കേൽക്കുകയായിരുന്നു. മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാൽ ശീതളിന് പരിക്കുണ്ടായി എന്നുമാണ് നോട്ടീസിൽ പറയുന്നത്.