സീരിയല്‍ നടി തുനിഷ ശര്‍മയുടെ മരണം കൊലപാതകമാവാമെന്ന് അമ്മ വനിത ശര്‍മ. മുന്‍ കാമുകനും നടുമായ ഷീസാന് ഖാന് മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും വനിത വെളിപ്പെടുത്തി.
മൃതദേഹം താഴെയിറക്കുമ്പോള്‍ ഷീസാന് അവിടെയുണ്ടായിരുന്നുവെന്നും വനിത പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്യുന്നതിനു ഒരു ദിവസം മുന്‍പ് താന്‍ ഷൂട്ടിങ് സെറ്റില്‍ വന്നിരുന്നുവെന്നും ഷീസാന്റെ രഹസ്യകാമുകിയെക്കുറിച്ചുള്ള വിവരം അയാളോട് ചോദിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി.
”ഷീസാനെ ശിക്ഷിക്കുന്നതുവരെ ഞാന്‍ പോരാടും. ഒരിക്കല്‍ തുനിഷ അവന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അവന് ചതിക്കുന്നത് അവള്‍ക്ക് മനസ്സിലായി. ഷീസാനോട് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍, അവന് അവളെ അടിച്ചു. എന്റെ മകള്‍ക്ക് അസുഖമൊന്നും ഇല്ലായിരുന്നു. ഷീസാനെ ഞാന്‍ വെറുതെ വിടില്ല. എന്റെ മകള്‍ പോയതോടെ ഞാന്‍ തനിച്ചായി, ഹിജാബ് ധരിക്കാന്‍ ഷീസാന് അവളെ നിര്‍ബന്ധിച്ചിരുന്നു. ഇത് ഒരു കൊലപാതകമാകാം. ” വനിത ശര്‍മ പറയുന്നു.
ഡിസംബര്‍ 24ന്, തുനിഷ ഷീസാന് ഖാനുമായി 15 മിനിറ്റ് മുഖാമുഖം സംസാരിച്ചിരുന്നു. ഷൂട്ടിങ് സെറ്റിലെ മേക്കപ്പ് റൂമില്‍ നടന്ന സംഭാഷണത്തിനുശേഷം നടി അസ്വസ്ഥയായിരുന്നു.
തുടര്‍ന്നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷീസാനും തുനിഷയും തമ്മിലുള്ള വാട്സാപ് ചാറ്റുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മരിക്കുന്നതിന് മുമ്പ് തുനിഷ ഷീസാനെ വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പുതിയ കാമുകിയുമായി ബന്ധം സ്ഥാപിച്ചതോടെ തുനിഷയെ ഒഴിവാക്കാന്‍ ഷീസാന് തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം.