സെൻറ് ലൂയിസ്: സച്ചിൻ തെണ്ടുൽക്കറുടെ 30 വർഷം പഴക്കമുള്ള റിക്കാർഡ് തകർത്ത് വനിതാ ക്രിക്കറ്റ് വിസ്മയം ഷെഫാലി വർമ. അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടമാണ് ഷെഫാലി വർമ്മ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ ആദ്യ ട്വന്റി-20യിലാണ് ഷെഫാലി റിക്കാർഡ് കുറിച്ചത്.
അർധ സെഞ്ചുറി തികയ്ക്കുമ്പോൾ 15 വയസാണ് ഷെഫാലിക്ക് പ്രായം. 1989ൽ പാക്കിസ്ഥാനെതിരെ ഫൈസലാബാദിൽ 59 റണ്‍സ് നേടുമ്പോൾ 16 വയസും 214 ദിവസവുമായിരുന്നു സച്ചിന്റെ പ്രായം.
മത്സരത്തിൽ ഷെഫാലി വർമ്മയുടെയും (49 പന്തിൽ 73 റണ്‍സ്) സ്മൃതി മന്ദാനയുടെയും (46 പന്തിൽ 67 റണ്‍സ്) വെടിക്കെട്ട് ബാറ്റിംഗ് മികവിൽ ഇന്ത്യ ജയിച്ചു. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 15.3 ഓവറിൽ 143 റണ്‍സ് അടിച്ചെടുത്തു. ട്വന്റി-20യിൽ ഏതൊരു വിക്കറ്റിലെയും ഇന്ത്യൻ താരങ്ങളുടെ ഉയർന്ന കൂട്ടുകെട്ടാണിത്.
ഫെഷാലിയുടെ ബാറ്റിൽനിന്ന് നാല് സിക്സും ആറ് ഫോറും പിറന്നു.
ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റിന് 185 റണ്‍സെടുത്തപ്പോൾ ആതിഥേയരുടെ മറുപടി 20 ഓവറിൽ ഒൻപത് വിക്കറ്റിന് 101ൽ അവസാനിച്ചു. വിൻഡീസ് വനിതകൾക്കെതിരെ ഏതൊരു ടീമിന്റെയും ഉയർന്ന ടോട്ടലാണ് ഇന്ത്യ നേടിയ 185.