പെർത്ത്: ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ കീഴടക്കിയത്. 18 റണ്‍സിനായിരുന്നു ഇന്ത്യൻ ജയം.
വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച ഷെഫാലി വെർമയാണ് ഇന്ത്യയുടെ വിജയ ശിൽപ്പി. ഇന്ത്യൻ ഓപ്പണറായ ഷെഫാലി 17 പന്തിൽ നാല് സിക്സും രണ്ട് ഫോറും അടക്കം 39 റണ്‍സ് അടിച്ചെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 16 റണ്‍സ് സ്കോർബോർഡിൽ ഉള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. രണ്ടാം വിക്കറ്റിൽ ഷഫാലിയും ജെമൈമ റോഡ്രിഗസും (37 പന്തിൽ 34) 37 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ഇന്ത്യൻ ഇന്നിംഗ്സിലെ ഉയർന്ന കൂട്ടുകെട്ടും ഇതായിരുന്നു. സ്കോർ 53ൽ എത്തിയപ്പോൾ ഷെഫാലി പുറത്തായി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് (എട്ട്) ഇന്നലെയും തിളങ്ങാനായില്ല. ഏഴാം നന്പറിലെത്തിയ വേദ കൃഷ്ണമൂർത്തി 11 പന്തിൽ 20 റണ്‍സ് അടിച്ചതോടെ ഇന്ത്യ പൊരുതാനുള്ള സ്കോറിലെത്തി.
143 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ബംഗ്ലാദേശ് ശ്രദ്ധയോടെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയെങ്കിലും കൃത്യമായ ബൗളിംഗിലൂടെ ഇന്ത്യൻ വനിതകൾ ജയം കൈപ്പിടിയിലൊതുക്കി.
ബംഗ്ലാദേശിനായി നിഗർ സുൽത്താനയും (35) മുർഷിദ ഖാത്തൂനും (30) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇന്ത്യക്കായി പൂനം യാദവ് നാല് ഓവറിൽ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിഖ പാണ്ഡെയും അരുദ്ധതി റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. സ്കോർ: ശ്രീലങ്ക 20 ഓവറിൽ ആറിന് 122. ഓസ്ട്രേലിയ 19.3 ഓവറിൽ അഞ്ചിന് 123.