മുട്ടം: ട്രഷറി ജീവനക്കാരനാണെന്നു പറഞ്ഞു വയോധികയെ കബളിപ്പിച്ചു സ്വർണ മാലയും പണവും തട്ടിയെടുത്ത കേസിൽ ഒരാളെ മുട്ടം പോലീസ് പിടി കൂടി. മുട്ടം മാത്തപ്പാറ ഐഎച്ച്ഡിപി. കോളനിയിൽ താമസിക്കുന്ന അരീപ്പാറയിൽ കാർത്യായനിയെ കബളിപ്പിച്ച കേസിൽ കാഞ്ഞിരപ്പള്ളി വട്ടകപാറ തൈപറന്പിൽ ഷെഫീക്ക് (42) ആണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഷെഫീക്ക് തിരുവനന്തപുരത്തെ ട്രഷറി ജീവനക്കാരനാണെന്നു സ്വയം പരിചയപെടുത്തിയാണ് കാർത്യായനിയുടെ വീട്ടിലെത്തിയത്. മാനസിക ദൗർബല്യമുള്ള മകൻ സന്തോഷിനു സർക്കാരിൽനിന്നു മൂന്നു ലക്ഷം രൂപ സഹായം അനുവദിച്ചിട്ടുണ്ടെന്നും ഇതിനു വേണ്ടി 6,500 രൂപ ഗുണഭോക്ത വിഹിതമായി സർക്കാരിലേക്ക് അടയ്ക്കണമെന്നും പറഞ്ഞു പ്രതി ഇവരെ സമീപിക്കുകയായിരുന്നു. കാർത്യായനിയെയും മക്കളെയും കുറിച്ചുളള വ്യക്തമായ കാര്യങ്ങൾ പറഞ്ഞ പ്രതിയെ വിശ്വസിച്ച ഇവർ കൈവശം ഉണ്ടായിരുന്ന 1,500 രൂപയും സ്വർണമാലയും ഇയാൾക്കു നൽകുകയായിരുന്നു. തുടർന്ന് സർക്കാരിൽ നിന്ന് അനുവദിച്ച പണത്തിന്റെ ചെക്ക് 24നു തരാമെന്നു പറഞ്ഞു ഷെഫീക്ക് സ്ഥലം വിട്ടു. അയൽക്കാർ സംഭവം അറിഞ്ഞതോടെയാണ് കാർത്യായനി കബളിപ്പിക്കപ്പെട്ടതാണെന്നു ബോധ്യമായത്. തുടർന്ന് കാർത്യായനി മുട്ടം പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി ഷെഫീക്കിനെ കാഞ്ഞിരപ്പള്ളിയിൽനിന്നു പിടികൂടിയത്.
കാഞ്ഞാർ സിഐ മാത്യു ജോർജിന്റെ നേതൃത്വത്തിൽ മുട്ടം അഡീഷണൽ എസ്ഐ എം.എ. സാബു, എഎസ്ഐ മുഹമ്മദ്, സിപിഒ മാരായ അജി, ജോളി എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. ഇന്നു കോടതിയിൽ ഹാജരാക്കും.