രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണം നടന്നിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞു. 2008 നവംബർ 26നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം ഉണ്ടായത്. 10 ഭീകരരായിരുന്നു ആക്രമണത്തിന് നേതൃത്വം നൽകിയത്. 164 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. ഭീകരരുടെ ലിസ്റ്റിൽ താജ് ഹോട്ടലും ഉണ്ടായിരുന്നു.
ഏഴ് ജീവനക്കാരടക്കം 31 പേർക്കാണ് താജ് ഹോട്ടലിൽ ജീവൻ നഷ്ടപ്പെട്ടത്. നൂറുകണക്കിന് അതിഥികളുണ്ടായിരുന്ന ഹോട്ടലിൽ ജീവനക്കാരുടെ ജീവൻ പണയംവച്ചുള്ള ഇടപെടൽകൊണ്ടാണ് ജീവഹാനി കുറയ്ക്കാൻ കഴിഞ്ഞത്.
താജ് ഹോട്ടലിലെ ഹെഡ് ഷെഫായ ഹേമന്ദ് ഒബ്രോയിയുടെ മനസിൽ അന്നത്തെ രംഗങ്ങൾ ഇന്നും തെളിഞ്ഞു കിടക്കുന്നു. അന്നത്തെ സംഭവങ്ങൾ ഓരോന്നായി വിവരിക്കുകയാണ് ഹേമന്ദ്.
അടുക്കളയ്ക്ക് സമീപം മൃതദേഹം
പുറത്ത് വെടിവയ്പ്പ് നടക്കുകയാണെന്നും ഒരാൾ അടുക്കള വാതിലിനു സമീപം മരിച്ചുകിടക്കുന്നുണ്ടെന്നും നവംബർ 26ന് രാത്രി 9.15 ഓടെ ഒരു ജീവനക്കാരനാണ് വിളിച്ച് പറയുന്നത്. പിന്നെ ഒരു നിമിഷം വൈകിയില്ല, റസ്റ്ററന്റിലെ ലൈറ്റുകളെല്ലാം അണയ്ക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി.
പിന്നാലെ വാതിലുകളെല്ലാം അടച്ചുപൂട്ടി. റസ്റ്ററന്റിലുണ്ടായിരുന്നവരോട് ടേബിളുകൾക്ക് അടിയിൽ ഒളിക്കാൻ വിളിച്ചു പറഞ്ഞു. വെളിച്ചവും ആളനക്കവും ഇല്ലാത്തതിനാൽ ഹോട്ടലിന് അകത്തുകയറിയ ഭീകരർ അടച്ചിട്ട റസ്റ്ററന്റ് ഒഴിവാക്കി പോകുകയായിരുന്നു.
ജീവൻകൊടുത്തും ജീവനക്കാർ
പക്ഷെ അതൊരു തുടക്കം മാത്രമായിരുന്നു. 60 മണിക്കൂർ നീണ്ടുനിന്ന ഭീകരാക്രമണത്തിന്റെ ആദ്യ മിനിറ്റുകൾ മാത്രം. ഭീകരാക്രമണത്തെ എങ്ങനെ നേരിടണമെന്ന പരിശീലനം നേടിയ ആരുമില്ല. പക്ഷെ ആരും പരിഭ്രാന്തരാവേണ്ടെന്ന് വിളിച്ചു പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു- ഹേമന്ദ് തുടർന്നു.
ജീവനക്കാർ ധൈര്യത്തോടെ മുന്നോട്ടുവന്നു. തങ്ങളുടെ വീട്ടിലെത്തിയ അതിഥികളുടെ സുരക്ഷിതത്വം അവർ ഏറ്റെടുത്തു. ജീവനക്കാരോട് രക്ഷപ്പെടാൻ ശ്രമിക്കാൻ പറഞ്ഞെങ്കിലും അതിഥികളുടെ ജീവൻ സുരക്ഷിതമായതിനു ശേഷം മതി അതെന്ന് അവർ തീരുമാനിക്കുകയായിരുന്നു. ഹോട്ടലിൽ ഉണ്ടായിരുന്ന നിരവധി പേരെയാണ് ജീവനക്കാർ ഭീകരരുടെ കണ്ണുവെട്ടിച്ച് റസ്റ്ററന്റിൽ എത്തിച്ചത്.
കേബിൾ ടിവി കട്ട് ചെയ്തു
24 മണിക്കൂർ കഴിഞ്ഞു. സഹായത്തിനായി പുറത്തുനിന്ന് ആരുമെത്തിയില്ല. ടിവിയിൽ അപ്പോഴേക്കും ഭീകരാക്രമണത്തിന്റെ വാർത്തകളും തത്സമയ ദൃശ്യങ്ങളും വന്നുതുടങ്ങി. ഇതുകണ്ട് അതിഥികൾ ഭയപ്പെടാൻ സാധ്യതയുണ്ടെന്ന് തോന്നി. ഉടനെ ഓപ്പറേറ്ററെ വിളിച്ച് കേബിൾ കട്ട് ചെയ്യാൻ പറഞ്ഞു. പക്ഷെ അപ്പോഴാണ് മറ്റൊരു പ്രശ്നത്തിനുള്ള സാധ്യത ഓർത്തത്.
ഹോട്ടലിലെ സിസിടിവി കൺട്രോൾ റൂമിന്റെ നിയന്ത്രണം ഭീകരരുടെ കൈയിലെത്തിയാൽ സംഗതി പ്രശ്നമാവും. തങ്ങളുടെ നീക്കങ്ങളെല്ലാം അവർ മനസിലാക്കും.
റസ്റ്ററന്റിൽ ഇരുന്നൂറിലധികം ആളുകളുണ്ട്. ഭീകർ എത്തിയാൽ അവരുടെ ജീവൻ അപകടത്തിലാവും. ഹേമന്ദും സഹപ്രവർത്തകരും ചേർന്ന് മേശകൊണ്ടും ഫ്രിഡ്ജുകൊണ്ടും സിസിടിവി കൺട്രോൾ റൂം ഭീകരർക്ക് മനസിലാവാത്ത വിധത്തിൽ മറച്ചു.
രക്ഷകരെത്തുന്നു
ഒടുവിൽ സുരക്ഷാ സേന അവസാനത്തെ ഭീകരനെയും വധിച്ച ശേഷമാണ് സന്ദർശകരെ സുരക്ഷിതമായി പുറത്ത് എത്തിച്ചത്. ഇത്രയും സമയവും ഫോണിന് വിശ്രമമില്ലായിരുന്നു.
റസ്റ്ററന്റിലുണ്ടായി ആളുകളുടെ ബന്ധുക്കൾ എന്താണ് അവസ്ഥയെന്ന് അറിയാൻ വിളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. താജിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ രക്ഷിച്ചത് നൂറുകണക്കിന് ജീവനുകളാണ്.
താജ് റസ്റ്ററന്റിലെത്തുന്ന എല്ലാവരും ഞങ്ങളുടെ അതിഥികളാണ്. അവരെ സുരക്ഷിതരായി വീടുകളിൽ മടങ്ങിയെത്തിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. കാരണം അവിടെ അവർക്കായി പ്രിയപ്പെട്ടവർ കാത്തിരിപ്പുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. – താജിന്റെ മുന്നിൽ നിന്ന് അഭിമാനത്തോടെ ഹേമന്ദ് ഒബ്രോയി പറഞ്ഞു.