കോഴിക്കോട് : ഷിഗെല്ല രണ്ടാംഘട്ടത്തിന് സാധ്യത നിലനില്‍ക്കെ ഊര്‍ജ്ജിത നടപടികളുമായി ആരോഗ്യവകുപ്പ്.
രോഗം സ്ഥിരീകരിച്ച മേഖലകളില്‍ രോഗവ്യാപനം തടയുന്നതിനുള്ള നടപടികളെല്ലാം ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ആരോഗ്യശുചിത്വം പാലിക്കണമെന്നും ഡിഎംഒ വി.ജയശ്രീ അറിയിച്ചു.
രോഗംസ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ക്കും ഇന്ന് മുതല്‍ ഗുളികകള്‍ നല്‍കും.
ഇവരില്‍ നിന്ന് ബാക്ടീരിയ മറ്റുള്ളവരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലായാണ് ഗുളികകള്‍ നല്‍കുന്നത്. നിലവില്‍ രണ്ടാംഘട്ടത്തിന് സാധ്യതയുണ്ടെന്ന് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും കിണറുകളില്‍ നിന്ന് നേരിട്ട് വെള്ളം ഉപയോഗിക്കാതെ തിളിപ്പിച്ചാറിയ ശേഷം ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. മായനാട്ടെ കിണറില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
കടലുണ്ടി, ഫറോക്ക്, വെള്ളിപറമ്പ്, ഒളവണ്ണ, ചെലവൂര്‍, മുണ്ടിക്കല്‍താഴം തുടങ്ങി പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ മായനാട് ഷിഗെല്ല സ്ഥിരീകരിച്ച പ്രദേശത്ത് എത്തിയിരുന്നു. അതിനാല്‍ അവിടെയുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.