ഇസ്ലാമാബാദ്: സഖ്യകക്ഷി സർക്കാർ രൂപീകരണത്തിനു ധാരണ പൂർത്തിയായ പാക്കിസ്ഥാനിൽ പ്രധാനമന്ത്രിപദം പിഎംഎൽ-എൻ നേതാവ് ഷഹ്ബാസ് ഷരീഫിന്.
ഷഹ്ബാസിന്റെ ജ്യേഷ്ഠനും പിഎംഎൽ-എന്നിന്റെ പരമോന്നത നേതാവുമായ നവാസ് ഷരീഫ് പ്രധാനമന്ത്രിയാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അപ്രതീക്ഷിത തീരുമാനമുണ്ടായത്. നവാസ് തന്നെയാണ് ഷഹ്ബാസിനെ പ്രധാനമന്ത്രിപദത്തിലേക്കു നിർദേശിച്ചതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
നവാസിന്റെ മകൾ മറിയം നവാസിന് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിപദം നല്കാനും ധാരണയായിട്ടുണ്ട്.എഴുപത്തിരണ്ടുകാരനായ ഷഹ്ബാസ് 2022 ഏപ്രിലിൽ ഇമ്രാൻ ഖാൻ സർക്കാരിനെ അവിശ്വാസത്തിൽ പുറത്താക്കി പ്രധാനമന്ത്രിയായതാണ്.
അതിനു മുന്പ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. മൂന്നു വട്ടം പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ്, അഴിമതിക്കേസിലെ തടവുശിക്ഷ ഒഴിവാക്കാൻ ലണ്ടനിൽ പ്രവാസത്തിൽ കഴിഞ്ഞ സമയത്ത് പിഎംഎൽ-എൻ പാർട്ടിയെ നയിച്ചത് ഷഹ്ബാസ് ആയിരുന്നു.
പിപിപി, എംക്യു-എം, പിഎംഎൽ-ക്യു മുതലായ പാർട്ടികൾ ഷഹ്ബാസിന്റെ സർക്കാരിനു പിന്തുണ നല്കുമെന്നറിയിച്ചിട്ടുണ്ട്. ബിലാവൽ സർദാരി ഭൂട്ടോയുടെ പിപിപി സർക്കാരിൽ ചേരാതെ വിഷയാധിഷ്ഠിത പിന്തുണയായിരിക്കും നല്കുക. ബിലാവലിന്റെ പിതാവ് ആസിഫ് അലി സർദാരിയുമായി ഷഹ്ബാസ് കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
എട്ടാം തീയതി നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ജയിലിൽ കഴിയുന്ന ഇമ്രാന്റെ പിടിഐ പാർട്ടി സ്ഥാനാർഥികൾ സ്വതന്ത്രരായി മത്സരിച്ച് വലിയ ഒറ്റക്കക്ഷിയായി. പ്രതിപക്ഷത്തിരിക്കാനാണ് പിടിഐയുടെ തീരുമാനം.