ന്യൂഡൽഹി: ബംഗ്ലാദേശിൽനിന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാഷ്ട്രീയ അഭയത്തിൽ അനിശ്ചിതത്വം തുടരുന്നു.
ഇന്ത്യയിൽ കഴിയുന്ന ഹസീനയെ ബ്രിട്ടനു പിന്നാലെ അമേരിക്കയും കൈവിട്ടതായാണു റിപ്പോർട്ട്. ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കിയതായി ബംഗ്ലാദേശിലെ പ്രതിപക്ഷ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തെ അടുത്തബന്ധമാണ് യുഎസ് സർക്കാരും ഹസീനയും തമ്മിൽ ഉണ്ടായിരുന്നത്. എന്നാൽ, സമീപകാലത്ത് തന്നെ പുറത്താക്കാൻ അമേരിക്ക ശ്രമിക്കുന്നതായി ഹസീന പരോക്ഷമായി പറഞ്ഞിരുന്നു. സ്വേച്ഛാധിപത്യ പ്രവണതകളുടെ പേരിലാണ് യുഎസ് അകന്നതെന്നു പറയുന്നു.
ബ്രിട്ടനിലേക്കു പോകാനായിരുന്നു ഹസീനയുടെ തീരുമാനം. അതിന്റെ ഭാഗമായാണു ഹസീന ഇന്ത്യയിലെത്തിയത്. എന്നാൽ, ഹസീനയുടെ അഭയത്തിൽ ബ്രിട്ടൻ അനുകൂല നിലപാട് സ്വീകരിച്ചില്ല. ആദ്യമെത്തിയ സുരക്ഷിതരാജ്യം ഏതാണോ അവിടെതന്നെ തുടരുന്നതായിരിക്കും നല്ലതെന്നായിരുന്നു ബ്രിട്ടന്റെ നിലപാട്.
അതേസമയം, ഷേഖ് ഹസീനയ്ക്ക് ഇന്ത്യയിൽ സ്ഥിരമായി അഭയം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. കുറച്ചുസമയത്തേക്ക് ഇന്ത്യയിൽ തങ്ങാനുള്ള അനുമതി മാത്രമാണു ഹസീനയ്ക്ക് നൽകിയതെന്നും ജയശങ്കർ വ്യക്തമാക്കി.
മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള ചർച്ചകൾ വിജയിക്കാത്ത സാഹചര്യത്തിൽ ഹസീനയ്ക്ക് തൽക്കാലം ഇന്ത്യ അഭയം നൽകുമെന്നാണു സൂചന. ഡൽഹിയിൽ അതീവ സുരക്ഷയിൽ രഹസ്യകേന്ദ്രത്തിലാണ് ഹസീനയും സഹോദരി രഹാനയും ഇപ്പോഴുള്ളത്.
ബംഗ്ലദേശിൽ ഇന്നലെ സ്ഥിതി പൊതുവേ ശാന്തമായിരുന്നു. അതിനിടെ പോലീസ് ഉദ്യോഗസ്ഥർ രാജ്യത്ത് സമരം പ്രഖ്യാപിച്ചു. തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് അസോസിയേഷന്റെ സമരം.
വിദ്യാർഥി സമരക്കാർക്ക് നേരെ വെടിവയ്പും ബലപ്രയോഗവും നടത്തിയതിനും അസോസിയേഷൻ മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. വെടിവയ്ക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നാണ് വിശദീകരണം. 300ലധികം വിദ്യാർഥികളാണ് പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.
സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലദേശിന്റെ ഇടക്കാല പ്രധാനമന്ത്രിയാകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭം നയിക്കുന്ന വിദ്യാർഥി നേതാക്കളുടെ ആവശ്യം.
മന്ത്രിസഭയിലെ അംഗങ്ങളെ വിവിധ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയ്ക്കുശേഷം തീരുമാനിക്കുമെന്ന് പ്രസിഡന്റിന്റെ മാധ്യമ സെക്രട്ടറി മുഹമ്മദ് ജോയ്നാൽ അബേദിൻ അറിയിച്ചു. ഗ്രാമീണരുടെ ദാരിദ്ര്യം തടയാൻ സൂക്ഷ്മ വായ്പ-നിക്ഷേപ പദ്ധതി നടപ്പിലാക്കിയ ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനാണ് യൂനുസ്. നിലവിൽ വിദേശത്തുള്ള യൂനുസ് സ്ഥാനം ഏറ്റെടുക്കാൻ സമ്മതിച്ചിട്ടുണ്ട്.