ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിത് (81) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മുൻ കേരള ഗവർണർ കൂടിയായിരുന്ന അവർ നിലവിൽ ഡൽഹി പിസിസി അധ്യക്ഷയുമായിരുന്നു.
മൂന്ന് തവണ തലസ്ഥാനത്തിന്റെ ഭരണ സാരഥ്യത്തിലിരുന്ന അവർ 15 വർഷക്കാലമാണ് തുടർച്ചയായി മുഖ്യമന്ത്രി പദം അലങ്കരിച്ചത്. 1998 മുതൽ 2013വരെയാണ് അവർ ഡൽഹി മുഖ്യമന്ത്രി പദം അലങ്കരിച്ചത്. ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയുമായിരുന്നു അവർ.
2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ടുയർന്നു വന്ന അഴിമതികേസുകൾ ഷീല ദീക്ഷിതിന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ചെയർമാൻ അരവിന്ദ് കേജരിവാളിനെതിരേ പരാജയപ്പെട്ടാണ് അവർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്.
2014ൽ യുപിഎ സർക്കാരിന്റെ കാലത്താണ് കേരള ഗവർണറായി സ്ഥാനമേറ്റെടുത്തത്. ഇതേവർഷം തന്നെ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയശേഷം യുപിഎ സർക്കാർ നിയമിച്ച ഗവർണർമാരെ നീക്കാൻ ശ്രമിച്ചിരുന്നു. ഇതോടെ അഞ്ചു മാസക്കാലം ഗവർണർ പദവിയിലുണ്ടായിരുന്ന അവർ രാജിവച്ചു.
ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു ഷീല ദീക്ഷിത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള സഹമന്ത്രിയായി നിയമിച്ചു. പിന്നീട് രാജീവ് ഗാന്ധി വധിക്കപ്പെട്ടശേഷം സോണിയ ഗാന്ധിക്കൊപ്പം നിന്നവരിൽ പ്രധാനിയുമാണ് അവർ.