സെബി മാത്യു
അടുത്തകാലത്തൊന്നും ഒരു വനിത ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ പോകുന്നില്ലെന്നു പറഞ്ഞുകൊണ്ടാണ് ഷീല ദീക്ഷിത് എന്ന മുൻ തലസ്ഥാന മുഖ്യമന്ത്രി വിടപറഞ്ഞു പോകുന്നത്. പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിങ്ങൾ ഇനിയൊരു വനിതയെ വേറെ കണ്ടെത്തേണ്ടിയിരിക്കുന്നു. അവർക്കാകട്ടെ ആ പദവിയിലേക്കെത്താൻ ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഒരു വലിയ പിന്തുണയും ആവശ്യമായി വരും എന്നാണ് ഏതാനും മാസങ്ങൾക്കു മുൻപ് ഇതു സംബന്ധിച്ച ചോദ്യത്തോട് ഷീല ദീക്ഷിത് പ്രതികരിച്ചത്.
ഭരണം ഭരണഘടനയ്ക്കു വിധേയമായതിനുശേഷം രാജ്യതലസ്ഥാനമായ ഡൽഹി ഏറ്റവും അധിക കാലം ഭരിച്ച മുഖ്യമന്ത്രിയായിരുന്നു ഷീല. പൂർണ സംസ്ഥാന പദവി ഇല്ലാതിരുന്നിട്ടും ഡൽഹിയെ അതിന്റെ എല്ലാ പരിമിതികളുടെയും ഉള്ളിൽനിന്നുകൊണ്ടു ഷീല ദീക്ഷിത് തുടർച്ചയായി മൂന്നു വട്ടം നിയന്ത്രിച്ചു.
ഡൽഹിയുടെ മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയായിരുന്നു ഷീല ദീക്ഷിത്. ആദ്യവനിതാ മുഖ്യമന്ത്രി മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജ്. കോമണ്‍വെൽത്ത് അഴിമതിക്കേസ് ഉൾപ്പെടെ ആരോപണങ്ങൾ പലതുണ്ടായിരുന്നെങ്കിലും ഷീല ദീക്ഷിത് എന്ന മുഖ്യമന്ത്രി ഡൽഹിയുടെ മുഖചിത്രത്തിൽ വരുത്തിയ തിരുത്തിയെഴുത്തുകൾ ചരിത്രത്തിൽ മായ്ച്ചുകളയാവുന്നതല്ല.
മാറ്റങ്ങളുടെ മുഖ്യമന്ത്രി
അഴിമതിയാരോപണങ്ങൾ മാറ്റിവച്ചു പരിശോധിച്ചാൽ ഡൽഹിയെ മാലിന്യ വിമുക്തമാക്കുന്നതിൽ,ഡൽഹി മെട്രോ ഉൾപ്പെടെ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ അവർ വഹിച്ച പങ്ക് നിർണായകമാണ്. പൂർണമായും ആസൂത്രിത നഗരമായ ഡൽഹിയിൽ അവരുടെ ഭരണകാലത്ത് നട്ടുപിടിപ്പിച്ച നിരവധി മരങ്ങളാണ് ഇന്ന് നഗരത്തിലൊട്ടാകെ തണൽ വിരിച്ചു നിൽക്കുന്നത്. മൂന്നാം തവണ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡൽഹിൽ ഏകദേശം പതിനഞ്ചു ലക്ഷത്തോളം വൃക്ഷത്തൈകൾ സർക്കാരിന്റെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ചു.
ആം ആദ്മി പാർട്ടിയോടും അരവിന്ദ് കേജരിവാളിനോടും കനത്ത പരാജയം നേരിടേണ്ടിവന്നെങ്കിലും ഷീല ദീക്ഷിതും സംസ്ഥാന കോണ്‍ഗ്രസും തിരിച്ചു വരാനുള്ള കഠിന ശ്രമങ്ങളിലായിരുന്നു. അതിനിടയിലാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയവും രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനവും വരുന്നത്.
അരവിന്ദ് കേജരിവാളിന്റെ രാഷ്ട്രീയ പ്രവേശനത്തെയും വോട്ടർമാരുടെ വികാരങ്ങളെ ചൂഷണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും ഗൗരവമായി കാണാൻ കോണ്‍ഗ്രസിനു സാധിച്ചില്ലെന്നാണ് ഡൽഹിയിലെ പരാജയത്തെ ഷീല ദീക്ഷിത് വിലയിരുത്തിയിട്ടുള്ളത്. ആം ആദ്മി പാർട്ടിയെ വിലകുറച്ചു കണ്ടതുകൊണ്ടാണ് തനിക്കുൾപ്പെടെ വലിയ പരാജയം നേരിടേണ്ടിവന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.
യുവതിയായി രാഷ്ട്രീയത്തിലേക്ക്
യുവജന, വനിതാ സംഘടനാ പ്രവർത്തനങ്ങളിലൂടെയാണ് ഷീല ദീക്ഷിത് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. തുടർച്ചയായി മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധിക്കപ്പെടുന്ന വനിതാ നേതാവായി മാറി. 1938 മാർച്ച് 31ന് പഞ്ചാബിലെ കപുർത്തല ജില്ലയിലായിരുന്നു ഷീലയുടെ ജനനം. ന്യൂഡൽഹിയിലെ കോണ്‍വന്റ് ജീസസ് ആൻഡ് മേരി സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഷീല ഡൽഹി സർവകലാശാലയിൽനിന്നു ബിരുദമെടുത്തു.
സ്വാതന്ത്ര്യസമര സേനാനിയും മുൻ കേന്ദ്രമന്ത്രിയുമായ ഉമാശങ്കർ ദീക്ഷിതിന്റെ മകൻ വിനോദ് ദീക്ഷിതിനെ വിവാഹം കഴിച്ചു. ഇന്ത്യൻ ഭരണവകുപ്പിലെ അറിയപ്പെടുന്ന ഉദ്യോഗസ്ഥനായിരുന്നു ഷീലയുടെ ഭർത്താവ് വിനോദ് ദീക്ഷിത്. പൊതുജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും എന്നും സജീവമായിരിക്കുവാൻ ഭർത്താവിന്റെ പിന്തുണയും പ്രോത്സാഹനവും എന്നും അവർക്കൊപ്പമുണ്ടായിരുന്നു.
മകൻ സന്ദീപ് ദീക്ഷിത് കോണ്‍ഗ്രസ് നേതാവാണ്. മകൾ ലതിക ദീക്ഷിത് സെയ്ദ്. 1970കളിൽ യംഗ് വിമണ്‍ അസോസിയേഷന്റെ ചെയർപേഴ്സണായിരുന്നു ഷീല ദീക്ഷിത്. യംഗ് വിമണ്‍ അസോസിയേഷനിലെ പ്രവർത്തനങ്ങളിലൂടെയാണ് ഡൽഹിയുടെ പൊതുജീവിതത്തിൽ ഷീല കടന്നുവന്നത്. ഡൽഹിയിൽ രണ്ടു വർക്കിംഗ് വിമണ്‍ ഹോസ്റ്റലുകൾ സ്ഥാപിക്കാൻ മുൻകൈയെടുത്തതും ഷീല ദീക്ഷിത് ആണ്.
എംപിയും കേന്ദ്രമന്ത്രിയും
1984 മുതൽ 1989 വരെ ഉത്തർപ്രദേശിലെ കനൗജ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ഷീല ദീക്ഷിത് ലോക്സഭയിലെത്തി. ലോക്സഭാംഗമായിരിക്കുന്പോൾ ലോക്സഭാ എസ്റ്റിമേറ്റ് സമിതിയിലും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ചു വർഷത്തോളം ഐക്യരാഷ്ട്രസഭയുടെ വനിതാ ക്ഷേമ കമ്മീഷനിൽ ഇന്ത്യയുടെ പ്രതിനിധിയുമായിരുന്നു.
1986 മുതൽ 1989 വരെ കേന്ദ്രത്തിൽ രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗമായിരുന്നു. ആദ്യം പാർലമെന്ററികാര്യവകുപ്പ് സഹമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രിയായും ഷീല ദീക്ഷിത് സേവനമനുഷ്ഠിച്ചു.
ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരേ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് 1990 ഓഗസ്റ്റിൽ സംസ്ഥാന സർക്കാരിനെതിരേ ശക്തമായ സമര പരിപാടികൾക്ക് ഷീല ദീക്ഷിത് നേതൃത്വം നൽകി. ഇതിനെത്തുടർന്ന് ഷീല ദീക്ഷിത് ഉൾപ്പെടെ 82 പേർ 23 ദിവസം ജയിലിൽ അടയ്ക്കപ്പെട്ടു.
ഡൽഹിയുടെ തലപ്പത്ത്
ഡൽഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് എന്ന നിലയിൽ 1998ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പാർട്ടിയുടെ വൻ വിജയത്തിന് ഷീല ചുക്കാൻ പിടിച്ചു. 2008ൽ ലോക മേയർ അവാർഡിനായി ഷീല ദീക്ഷിതിനെ പരിഗണിച്ചിരുന്നു. 2008 ജൂലൈയിൽ ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രിക്കുള്ള അവാർഡ് അവരെ തേടിയെത്തി.
സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്നും മുന്നോട്ടുവന്ന നേതാവായിരുന്നു ഷീല ദീക്ഷിത്. സ്ത്രീകൾക്ക് തുല്യാവകാശം ആവശ്യപ്പെട്ടു നടത്തിയ സമരങ്ങളിൽ ഷീല ദീക്ഷിത് മുന്നിലുണ്ടായിരുന്നു. സമാധാന പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര തലത്തിൽ സ്ഥാപിക്കപ്പെട്ട ഇന്ദിരാഗാന്ധി മെമോറിയൽ ട്രസ്റ്റിന്റെ സെക്രട്ടറിയുമായിരുന്നു. രാജീവ് ഗാന്ധി വധത്തിനു ശേഷം പാർട്ടിയിലെ അന്തഛിദ്രങ്ങൾക്കിടെ സോണിയ ഗാന്ധിക്കൊപ്പം ശക്തമായി നലയുറപ്പിച്ചതാണ് തുടർന്നുള്ള ഷീല ദീക്ഷിതിന്റെ വളർച്ചയ്ക്കു വളമായത്.
2012ൽ മുഖ്യമന്ത്രി പദത്തിൽനിന്നു രാജിവയ്ക്കാൻ ഒരുങ്ങി നിൽക്കുന്പോളാണ് രാജ്യത്തെ നടുക്കിയ നിർഭയ സംഭവം നടക്കുന്നത്. ആ സമയം രാജിവച്ചാൽ ഒളിച്ചോടി എന്ന ആരോപണം നേരിടേണ്ടിവരുമെന്ന വിലയിരുത്തലിൽ പദവിയിൽ തുടർന്നു. നിർഭയ സംഭവത്തിൽ പീഡനം സർവസാധാരണമാണെന്ന ഷീല ദീക്ഷിതിന്റെ പരാമർശം വിവാദമായി മാറി. പ്രതിപക്ഷം ഇതു കടുത്ത ആരോപണമായി ഉന്നയിച്ചപ്പോൾ അവർ തന്റെ വാക്കുകൾ തിരുത്തി.
സിറ്റിസണ്‍ ഡൽഹി
മടങ്ങിവരവ് അസാധ്യമാകും വിധത്തിൽ അധികാരത്തിൽനിന്നു താഴെയിറങ്ങിയ ശേഷം ഷീല് ദീക്ഷിത് രചിച്ച ആത്മകഥയായ ‘സിറ്റിസണ്‍ ഡൽഹി: മൈ ടൈംസ്, മൈ ലൈഫ്’ എന്ന പുസ്തകത്തിൽ കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടിവന്ന കനത്ത പരാജയം പലതരത്തിൽ വിലയിരുത്തുന്നുണ്ട്.
ഒട്ടേറെ തുറന്നു പറച്ചിലുകൾ ഈ പുസ്തകത്തിൽ ഉണ്ടെന്ന് ഷീല ദീക്ഷിത് അവകാശപ്പെട്ടെങ്കിലും ജയ്പുർ പുസ്തകോത്സവത്തിൽ പ്രകാശിക്കപ്പെട്ട ഈ ആത്മകഥയെ പ്രശസ്ത മാധ്യമ പ്രവർത്തകൻ കരണ്‍ ഥാപ്പർ വിലയിരുത്തിയത് “പാതി തുറന്നുപറച്ചിൽ” എന്നാണ്.
ഡൽഹിയിലെ പശ്ചാത്തല സൗകര്യങ്ങളുടെയും വളർച്ചയുടെയും ഗുണഫലങ്ങൾ മാത്രം അനുഭവിച്ചുവന്ന കന്നി വോട്ടർമാർ ആം ആദ്മി പാർട്ടിക്കു നൽകിയ അകമഴിഞ്ഞ പിന്തുണയാണ് അരവിന്ദ് കേജരിവാളിനും ആം ആദ്മി പാർട്ടിക്കും കനത്ത വിജയം സമ്മാനിച്ചതെന്നാണ് ഷീല ദീക്ഷിത് തന്റെ ആത്മകഥയിൽ വിലയിരുത്തുന്നത്. താൻ അധികാരത്തിൽ വരുന്നതിനു മുന്‍പുള്ള ഡൽഹിയെക്കുറിച്ച് അറിവില്ലാതിരുന്ന യുവജനങ്ങൾക്ക് തന്റെ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളെ തിരിച്ചറിയാനോ അംഗീകരിക്കാനോ സാധിച്ചിരുന്നില്ലെന്ന് അവർ വിലയിരുത്തുന്നു.
അടിപതറിയ കോമണ്‍വെൽത്ത്
കോമണ്‍വെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിൽ ഷീല ദീക്ഷിതിനെതിരേ കേജരിവാൾ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഗെയിംസിനു മുന്നോടിയായി നടത്തിയ നഗരം മോടിപിടിപ്പിക്കൽ പദ്ധതികളിലെ 16,500 കോടിയോളം ചെലവു വരുന്ന എട്ടോളം പദ്ധതികൾ ഡൽഹി ഗവർണ്മെന്റ് ഏറ്റെടുത്തു നടത്തിയിരുന്നു, സിഎജിയും കേന്ദ്രം നിയോഗിച്ച ഷുന്തു കമ്മിറ്റിയും നൽകിയ റിപ്പോർട്ട് പ്രകാരം 80 കോടി രൂപയോളം സർക്കാരിന് നഷ്ടം സംഭവിച്ചു എന്നായിരുന്നു ആരോപണം.
ഷീല ദീക്ഷിതിന്റെ ആത്മകഥയിലും കോമണ്‍വെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ച ഷുന്തു കമ്മിറ്റി ആരോപണങ്ങൾക്കെതിരായ സർക്കാർ നിലപാടുകൾക്ക് വേണ്ട പ്രാധാന്യം നൽകിയില്ലെന്ന് അവർ കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് ഡൽഹിയിൽ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ സഖ്യചർച്ചകൾ പലതും നടത്തിയെങ്കിലും തനിക്കെതിരേ കോമണ്‍വെൽത്ത് അഴിമതി മൂർച്ചയുള്ള ആയുധമായി പ്രയോഗിച്ച കേജരിവാളിനൊപ്പം നിൽക്കുക എന്നത് ഷീല ദീക്ഷിതിന് ചിന്തിക്കാൻ കഴിയാത്ത കാര്യമായിരുന്നു.
അജയ് മാക്കൻ പിസിസി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ഡൽഹി പിസിസി അധ്യക്ഷയായി ചുമതലയേറ്റ ഷീല ദീക്ഷിത് ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തെ പലതവണ തുറന്നുതന്നെ എതിർത്തിരുന്നു. അതിനിടെ, ഡൽഹിക്കു പുറമേയുള്ള സംസ്ഥാനങ്ങളിലെ സീറ്റുകളികൂടി അവകാശം ഉന്നയിച്ചതുകൊണ്ട് ആപ്പുമായുള്ള സഖ്യം നടക്കാതെയും പോയി.