കാര്‍ ഉണ്ടായിട്ടും മഴയത്ത് ബൈക്കില്‍ പോയത് എന്തിന് ? ഷെജീറയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍

DEATHകൊല്ലം: ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പിതാവും ബന്ധുക്കളും പത്രസമ്മേളനത്തില്‍ പറഞ്ഞു. പുനലൂര്‍ വാളക്കോട് കണ്ണങ്കരവീട്ടില്‍ ഷാജഹാന്റെ മകള്‍ ഷെജീറ ഭര്‍ത്താവ് തേവലക്കര പാലയ്ക്കല്‍ ബദരിയാ മന്‍സിലില്‍ അബ്ദുല്‍ ഷിഹാബുമൊത്ത് യാത്രചെയ്തപ്പോള്‍ 2015 ജൂണ്‍ 17ന് പടിഞ്ഞാറെകല്ലടയില്‍ കല്ലുംമൂട്ടില്‍കടവില്‍ വെള്ളത്തില്‍ വീഴുകയും 19ന് ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ മരിക്കുകയുമായിരുന്നു.

ഇരുവരുടെയും രണ്ടാംവിവാഹമായിരുന്നു. താലിമാല ഊരിവയ്പിക്കുകയും മൊബൈല്‍ഫോണ്‍ എടുക്കാനനുവദിക്കാതെയും ചാറ്റല്‍ മഴയില്‍ കാര്‍ ഉണ്ടായിട്ടും, കാര്‍ ഉപയോഗിക്കാതെ മോട്ടോര്‍സൈക്കിളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളായ പെരുമണ്‍, പടിഞ്ഞാറെകല്ലടയിലുള്ള കണ്ണയ്ക്കാട്ട് കടവ് എന്നിവിടങ്ങളില്‍ പോകുകയായിരുന്നു.

രാത്രി 7.30ഓടെയാണ് ബോട്ട്‌ജെട്ടിക്ക് സമീപം വച്ച് ഷെജീറ വെള്ളത്തില്‍ വീഴുന്നത്. ശബ്ദം കേട്ട് സമീപവാസികള്‍ ഓടിക്കൂടിയപ്പോള്‍ ഒരുസ്ത്രീയാണ് വെള്ളത്തില്‍ വീണതെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടിയെന്ന് പിതാവ് ഷാജഹാന്‍ പറഞ്ഞു.

നാട്ടുകാര്‍ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ പോലും ഭര്‍ത്താവ് അബ്ദുല്‍ ഷിഹാബ് തയ്യാറായില്ല. പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചത്. രാത്രി 7.15ഓടെയാണ് ഇരുവരും കല്ലുംമൂട്ടില്‍ കടവിലെത്തിയത്. ഇവിടെ നിന്നുള്ള അവസാന ജങ്കാര്‍ സര്‍വീസ് രാത്രി 7.30ന് അക്കരെയെത്തിയതിനുശേഷമാണ് ഷെജീറ വെള്ളത്തില്‍ വീഴുന്നത്.

മരണത്തില്‍ സംശയമുണ്ടെന്നും ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും കൊട്ടാരക്കര റൂറല്‍ എസ്പിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് പിതാവ് പറഞ്ഞു. അന്വേഷണം നടത്തി പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും ഷാജഹാന്‍ പറഞ്ഞു. ബന്ധു എച്ച് നാസറുദ്ദീന്‍, ഷെമീര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts