ചങ്ങനാശേരി: തെങ്ങണയിൽ വീട് കേന്ദ്രീകരിച്ച് വിദേശമദ്യ വിൽപന നടത്തിയതിന് പിടിയിലായ യുവാവ് മദ്യമെത്തിച്ചിരുന്നത് മാഹിയിൽ നിന്നും ഗോവയിൽ നിന്നുമെന്ന് പോലീസ്. തെങ്ങണയിൽ വീട് കേന്ദ്രീകരിച്ച് വിദേശമദ്യ വിൽപന നടത്തി വന്ന യുവാവിനെ ആന്റി ഗുണ്ടാ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്കു സമീപം നബീസ് മൻസിലിൽ കെ. ഷെജീറി(48)നെയാണ് ഇന്നലെ ആന്റി ഗുണ്ടാ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽനിന്ന് 16 ലിറ്റർ വിദേശ മദ്യവും പോലീസ് പിടിച്ചെടുത്തു.
മിലിട്ടറി ജീവനക്കാരനായ സഹോദരനു ലഭിക്കുന്ന ക്വാട്ടായുടെ മറവിലാണ് ഇയാൾ ഇവിടെ നിന്നും മദ്യമെത്തിച്ച് വിൽപന നടത്തിയിരുന്നത്. 800 രൂപ വിലയ്ക്ക് വാങ്ങുന്ന ഒരു കുപ്പി മദ്യം 1500 മുതൽ 1800 രൂപ വരെ വില ഈടാക്കിയാണ് ഇയാൾ വിൽപന നടത്തി വന്നിരുന്നത്. ഒരുവർഷക്കാലമായി ഇയാൾ അനധികൃത മദ്യവില്പന നടത്തിവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കോട്ടയം ജില്ലാ പോലീസ് ചീഫ് മുഹമ്മദ് റഫീക്കിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് സ്ക്വാഡ് നടത്തിയ നിരീക്ഷണത്തിലാണ് ഷെജീറിനെ പിടികൂടിയത്. രഹസ്യ ഗോഡൗണിൽ മദ്യം സൂക്ഷിച്ചു വച്ചു തീരുന്നതനുസരിച്ച് വീട്ടിൽ എത്തിച്ചാണ് വിൽപന നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. മദ്യവില്പന നിരോധിച്ചിരിക്കുന്ന ഇന്നലെ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് മദ്യവുമായി ഇയാളെ അറസ്റ്റ് ചെയ്തത്.
ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി സിഐയുടെ ചുമതലയുള്ള വാകത്താനം സിഐ പി.വി. മനോജ്കുമാർ, ആന്റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ കെ.കെ.റെജി, അൻസാരി, മണികണ്ഠൻ, അരുണ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.