പപ്പയുടെ ശരീരപ്രകൃതിയാണ് അല്‍ഫോന്‍സിന് കിട്ടിയിരിക്കുന്നത്! രാവിലെ രണ്ട് ഇഡ്ഡിയില്‍ കൂടുതലൊന്നും വേണ്ട; പ്രചാരണത്തിനിടെ വസ്ത്രം പോലും മാറാറില്ല; ഭര്‍ത്താവിന്റെ പ്രചാരണ ഓട്ടത്തെക്കുറിച്ച് ഷീല കണ്ണന്താനം പറയുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂട് പിടിച്ചിരിക്കുകയാണ്. ചൂട് സഹിച്ചുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍ ഓരോരുത്തരും. അതില്‍ തന്നെ കൗതുകകരമായ രീതിയില്‍ പ്രചാരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധിയാളുകളുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് അല്‍ഫോന്‍സ് കണ്ണന്താനം. ടെലിവിഷന്‍ ചാനലുകള്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുന്നുമുണ്ട്.

രാവിലെ പ്രചാരണം തുടങ്ങുന്നതു മുതല്‍ അദ്ദേഹം നടത്തുന്ന ഓട്ടമാണ് ഏറ്റവും ശ്രദ്ധേയം. കൂട്ടത്തിലുള്ള പ്രവര്‍ത്തകരാണ് ഇതില്‍ കഷ്ടപ്പെടുന്നത്. എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ നിര്‍ത്താതെ ഓടി പ്രചാരണം നടത്തുന്നത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനം. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അവരുടെ വാക്കുകളിങ്ങനെ…

‘ഒന്നാം മണി അടിക്കുന്നതു കേള്‍ക്കുമ്പോള്‍ പറമ്പില്‍ നിന്ന് ഓടിക്കയറി വന്ന്, കുളിച്ച് സ്‌കൂളില്‍ പോകുന്ന മാഷായിരുന്നു അല്‍ഫോന്‍സിന്റെ പപ്പ. വലിയ അധ്വാനി. അതുകൊണ്ടുതന്നെ മികച്ച ആരോഗ്യവും. മക്കള്‍ക്കൊക്കെ ആ ശരീരപ്രകൃതിയാണു കിട്ടിയിട്ടുള്ളത്. അധികം വണ്ണംവയ്ക്കാത്ത ശരീരം. പിന്നെ പാഞ്ഞു നടക്കാനുള്ള ആരോഗ്യവും. 65ാം വയസ്സിലും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആവേശത്തോടെയുള്ള ഓട്ടത്തിന്റെ രഹസ്യമിതാണ്. വളരെക്കുറച്ചുമാത്രം ഭക്ഷണം. മുടക്കാതെ വ്യായാമവും പ്രാര്‍ഥനയും. തിരഞ്ഞെടുപ്പു പ്രചാരണച്ചൂടിലും കേന്ദ്രമന്ത്രിയുടെ മാറ്റമില്ലാത്ത ശീലങ്ങള്‍ ഇവയൊക്കെയാണ്.

പ്രചാരണപരിപാടികള്‍ കഴിഞ്ഞ് അല്‍ഫോന്‍സ് ഫ്‌ലാറ്റിലെത്തുന്നതു രാത്രി 2 മണിക്കാണ്. എങ്കിലും 5 മണിക്കു മുന്‍പേ ഉണരും. നടത്തത്തിനായി അല്‍പനേരം മാറ്റിവയ്ക്കും. കുളിച്ചു റെഡിയായി ഇറങ്ങുന്നതിനു മുന്‍പ് ഷീല ഒരു കപ്പ് കാപ്പിയും രണ്ടു ഗോതമ്പ് റെസ്‌കും കൊടുക്കും. ഇപ്പോള്‍ വീട്ടില്‍ നിന്നു കഴിക്കുന്ന ഭക്ഷണം ഇതുമാത്രമാണ്.

എന്തു കാര്യവും 100 ശതമാനം ആത്മാര്‍ഥതയോടെ ചെയ്യുന്നയാളാണ് അല്‍ഫോന്‍സെന്ന് ഷീല പറയുന്നു. അതുകൊണ്ടു വെയിലും പൊടിയും പുറത്തുനിന്നുള്ള ഭക്ഷണവുമൊന്നും അദ്ദേഹത്തിനു വിഷയമല്ല. 2 ഇഡ്ഡലിയൊക്കെ മതി രാവിലെ. നോണ്‍വെജ് ഭക്ഷണം നിര്‍ബന്ധമില്ല. രാവിലെ ഇറങ്ങുന്നതിനു മുന്‍പും രാത്രി എത്തിയതിനുശേഷവും ഒരുമിച്ചിരുന്ന് അല്‍പനേരം പ്രാര്‍ഥിക്കും.

മൈക്കിലൂടെയാണെങ്കിലും ഉയര്‍ന്ന ശബ്ദത്തിലാണ് അല്‍ഫോന്‍സ് സംസാരിക്കുന്നതെന്നു ഷീല പറയുന്നു. അതുകൊണ്ടുതന്നെ തൊണ്ടവേദന വരാനുള്ള സാധ്യത കൂടുതലാണ്. തൊണ്ടവേദന ഉണ്ടെങ്കില്‍ കുരുമുളകും ചുക്കും ചേര്‍ത്തു തിളപ്പിച്ച വെള്ളം ഫ്‌ലാസ്‌കിലാക്കി കൊടുത്തുവിടും. പക്ഷേ, ശബ്ദം കുറയ്ക്കാന്‍ അദ്ദേഹം തയാറല്ല. ആവേശം കൂടുമ്പോള്‍ ശബ്ദം തനിയെ ഉയരുന്നതാണെന്നു ഷീല പറയുന്നു.

പ്രചാരണത്തിനിടെ വസ്ത്രം മാറ്റാനൊന്നും മെനക്കെടാറില്ല. രാവിലെ പോകുന്ന ഡ്രസില്‍ തന്നെ രാത്രിവരെ നില്‍ക്കും. ഷെഡ്യൂളിന്റെ കാര്യത്തില്‍ അല്‍ഫോന്‍സ് അല്‍പം കര്‍ക്കശക്കാരനാണെന്ന അഭിപ്രായം കൂടി ഷീലയ്ക്കുണ്ട്. ഓരോ പരിപാടിക്കും കൃത്യസമയത്ത് എത്തണം. കേള്‍ക്കാനെത്തുന്നവരെ ബഹുമാനിക്കണമെന്നാണു അദ്ദേഹത്തിന്റെ പോളിസി.

Related posts