തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് ഷെൽ കന്പനിയാണോ എന്നു പരിശോധിക്കാൻ എറണാകുളം രജിസ്ട്രാർ ഓഫ് കന്പനീസ് (ആർഒസി) നിർദേശം. ഇതു സംബന്ധിച്ചു വിശദ പരിശോധന വേണമെന്നും ശിപാർശ ചെയ്യുന്നു.
മാസപ്പടി ഇടപാടുകൾ സംബന്ധിച്ച് ആർഒസി ഉന്നയിച്ച ചോദ്യങ്ങൾക്കു കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ മറുപടി അവ്യക്തമാണ്. എക്സാലോജികും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്.
കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെഎസ്ഐഡിസി) കണക്കു പുസ്തകങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സിഎംആർഎല്ലിൽ 13.4 ശതമാനം ഓഹരിയുള്ള കെഎസ്ഐഡിസിയെ പ്രത്യക്ഷമായും അതുവഴി സിഎംആർഎല്ലിനെ പരോക്ഷമായും നിയന്ത്രിക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലുമായുള്ള ഇടപാടിലും വിശദ അന്വേഷണം ആവശ്യമാണ്. എക്സാലോജിക്- സിഎംആർഎൽ ഇടപാടിന്റെ കാലത്തു പിണറായി വിജയനായിരുന്നു മുഖ്യമന്ത്രി.