കൊച്ചി: ആലുവയിലെ സിപിഎം സ്ഥാനാർഥിയുടെ പേരു കേട്ട് കൊച്ചിക്കാർ പോലും ആദ്യം നെറ്റിചുളിച്ചു- ഷെൽന നിഷാദ്. പാർട്ടിവേദികളിലൊന്നും സുപരിചിതയല്ലാത്ത പേര് എന്നതു തന്നെ കാരണം.
എന്നാൽ രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് ഷെൽനയുടെ വരവ്. നാലു തവണ ആലുവയെ പ്രതിനിധീകരിച്ച കോൺഗ്രസിന്റെ മുൻ എംഎൽഎ കെ. മുഹമ്മദാലിയുടെ മരുമകളാണ് ഷെൽനയെന്നതാണ് ശ്രദ്ധേയം.
ഭർതൃപിതാവിന്റെ രാഷ്ട്രീയത്തിനു വിരുദ്ധമായി സിപിഎം സ്ഥാനാർഥിയായി ഷെൽന എത്തുന്പോൾ എൽഡിഎഫ് മികച്ചൊരു മത്സരമാണ് പ്രതീക്ഷിക്കുന്നത്.
പൊതുവെ യുഡിഎഫ് അനുകൂല മണ്ഡലമായി ആലുവയിൽ അട്ടിമറിയാണ് സിപിഎം ലക്ഷ്യം.
ആർക്കിടെക്ട് പ്രൊഫഷനിൽനിന്ന് രാഷ്ടീയത്തിൽ ഒരു കൈനോക്കാനാണ് ഷെൽനയുടെ തീരുമാനം.
തിരുവനന്തപുരം എൻജിനിയറിംഗ് കോളജിൽ നിന്ന് ബിആർക്ക് പൂർത്തിയാക്കിയ ഷെൽന കൊച്ചിയിലെ എസ്എൻ ആർക്കിടെക്ടിന്റെ ചീഫ് ആയി പ്രവർത്തിക്കുന്നു. അങ്കാൻസ് ഗ്രൂപ്പ് ഡയറക്ടർ നിഷാദി അലിയാണ് ഭർത്താവ്.
ഷെൽന എൽഡിഎഫ് സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് മുഹമ്മദാലിയുടെ പ്രതികരണമെന്തെന്ന് ചോദിച്ചപ്പോൾ ഓരോ വ്യക്തികൾക്കും അവരവരുടെ രാഷ്ട്രീയം പിന്തുടരാൻ അവകാശമുണ്ടെന്ന നിലപാടാണ് അദ്ദേഹത്തിന്റേതെന്ന് ഷെൽന പറയുന്നു.